മെക്സിക്കോയിൽ മതപരമായ ആഘോഷത്തിനിടെ വെടിവെപ്പ്; 12 മരണം
World News
മെക്സിക്കോയിൽ മതപരമായ ആഘോഷത്തിനിടെ വെടിവെപ്പ്; 12 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th June 2025, 9:43 am

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ മതപരമായ ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ 12 മരണം. മെക്സിക്കൻ നഗരമായ ഇറാപുവാറ്റോയിൽ, സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റിനെ ആദരിക്കുന്ന ആഘോഷത്തിനിടെയാണ് തോക്കുധാരികൾ വെടിയുതിർത്തത്.

ആക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു. രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.

പ്രദേശത്തെ ഒരു കമ്മ്യൂണിറ്റി കെട്ടിട സമുച്ചയത്തിൽ താമസക്കാർ നൃത്തം ചെയ്യാനും മദ്യപിക്കാനും ഒത്തുകൂടിയപ്പോഴാണ് ദുരന്തം ഉണ്ടായത്. സംഭവത്തിന്റെ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, ലൈവ് ബാൻഡ് വായിക്കുന്നതും ആളുകൾ നൃത്തം ചെയ്യുന്നതും കാണിക്കുന്നു. പിന്നാലെ വെടിയൊച്ചകൾ മുഴങ്ങുന്നതും ആളുകൾ പരിഭ്രാന്തരായി ഓടുന്നതും കാണാം.

ആക്രമണത്തിൽ പരിക്കേറ്റ് 20 ഓളം പേർ ചികിത്സയിലാണെന്നും മരണസംഖ്യ 12 ആയി ഉയർന്നതായും ഇറാപുവാറ്റോയിലെ പ്രാദേശിക ഉദ്യോഗസ്ഥനായ റോഡോൾഫോ ഗോമസ് സെർവാന്റസ് പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു.

മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം ആക്രമണത്തെ അപലപിക്കുകയും എത്രയും വേഗത്തിൽ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

‘സംഭവിച്ചത് വളരെ നിർഭാഗ്യകരമാണ്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഫെഡറൽ, സംസ്ഥാന സുരക്ഷാ സേനകൾ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനും ഉത്തരവാദികളെ തിരിച്ചറിയാനും ശ്രമിക്കുകയാണ്,’ ക്ലോഡിയ ഷെയിൻബോം പറഞ്ഞു.

മെക്സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗ്വാനജുവാറ്റോ എന്ന സംസ്ഥാനം സമീപ വർഷങ്ങളിൽ മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ പ്രദേശങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

മയക്കുമരുന്ന് കടത്ത്, കൊള്ള, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുടെ നേതൃത്വം പിടിച്ചെടുക്കുന്നതിനായി ക്രിമിനൽ ഗ്രൂപ്പുകൾ മാരകമായ ആക്രമണങ്ങൾ നടത്തിവരികയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2025 ലെ ആദ്യ അഞ്ച് മാസങ്ങളിൽ സംസ്ഥാനത്ത് 1,435 നരഹത്യകൾ രേഖപ്പെടുത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

Content Highlight: 12 killed after gunmen open fire at crowd in Mexico’s street festival