ചൈനക്ക് 100% തീരുവ ചുമത്തിയത് ദീര്‍ഘകാലത്തേക്കല്ല; ഷി ജിന്‍പിങ്ങിനെ ഉടനെ കാണും: ട്രംപ്
World
ചൈനക്ക് 100% തീരുവ ചുമത്തിയത് ദീര്‍ഘകാലത്തേക്കല്ല; ഷി ജിന്‍പിങ്ങിനെ ഉടനെ കാണും: ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th October 2025, 7:48 pm

വാഷിങ്ടണ്‍: ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തിയ തീരുമാനം സുസ്ഥിരമല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

തീരുവ ചുമത്തുന്ന തീരുമാനമെടുക്കാന്‍ താന്‍ നിര്‍ബന്ധിതനായതാണെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കാണുമെന്നും ട്രംപ് അറിയിച്ചു.

‘100 ശതമാനം എന്നുള്ളതാണ് ആ സംഖ്യ. പക്ഷെ അത് എക്കാലത്തേക്കുമായി നിലനില്‍ക്കില്ല, അവര്‍ അത് ചെയ്യാന്‍ എന്നെ നിര്‍ബന്ധിക്കുകയായിരുന്നു’, ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ചൈന വര്‍ഷങ്ങളായി യു.എസിനെ കൊള്ളയടിക്കുകയായിരുന്നെന്നും ട്രംപ് ആരോപിച്ചു.

ഒക്ടോബര്‍ അവസാനത്തില്‍ ദക്ഷിണകൊറിയയില്‍ നടക്കുന്ന ഏഷ്യ-പസിഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയില്‍ വെച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വിശദീകരിച്ചു.

ചൈനയുമായുള്ള ബന്ധം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ട്രംപ് മുന്‍കയ്യെടുത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.

നേരത്തെ ചൈനയുമായി ഒരു കൂടിക്കാഴ്ചയ്ക്കും തയ്യാറല്ലെന്നും 100 ശതമാനം തീരുവ ചുമത്തുമെന്ന തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും ട്രംപ് അറിയിച്ചിരുന്നു. ഈ നിലപാടില്‍ മാറ്റം വരുത്തിയാണ് ട്രംപിന്റെ പുതിയ നീക്കം.

‘ചൈനയുമായി നല്ല ബന്ധമുണ്ടാക്കാനാകുമെന്ന് കരുതുന്നു. ന്യായമായ കരാര്‍ ഉണ്ടായിരിക്കണം, അത് നിര്‍ബന്ധമാണ്. എനിക്ക് ഷി ജിന്‍പിങ്ങുമായി നല്ല ബന്ധമാണ്’, ട്രംപ് പറഞ്ഞു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയ തീരുമാനത്തിന് പിന്നാലെയാണ് ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നുമുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക.

ചൈന അപൂര്‍വ ധാതക്കളുടെയും രാസവസ്തുക്കളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് 100 ശതമാനം അധിക തീരുവ ചുമത്തുമെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും ട്രംപ് ചൈനയെ ഭീഷണിപ്പെടുത്തിയത്.

ചൈനയുടെ നിലപാട് ശത്രുതാപരമാണെന്നും ലോകത്തെ അടിമപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ട്രംപ് വിര്‍ശിച്ചിരുന്നു.

എന്നാല്‍, ട്രംപിന്റെത് ഇരട്ടത്താപ്പ് ആണെന്നായിരുന്നു ചൈനയുടെ മറുപടി. കൂടുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും സാമ്പത്തിക, വ്യാപാര വിഷയങ്ങളിലുള്ള ഉഭയകക്ഷി ബന്ധത്തെ യു.എസ് ദുര്‍ബലപ്പെടുത്തുകയാണെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.

ചൈനയ്ക്ക് വാണിജ്യ യുദ്ധത്തിനോട് താത്പര്യമില്ല, എന്നാല്‍ യുദ്ധം ചെയ്യാന്‍ ഒരു മടിയുമില്ലെന്നും ചൈന പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

Content Highlight: 100% tariff on China not for long term; will meet Xi Jinping soon: Trump