ജെന്‍ സീ പിള്ളേരുടെ കൈയില്‍ നിന്ന് ഇന്‍ഡസ്ട്രി ഹിറ്റ് നേട്ടം തിരിച്ചുപിടിക്കാന്‍ മോഹന്‍ലാല്‍ എത്തുകയാണ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം റിലീസിന് തയാറെടുക്കുകയാണ്. ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം പശ്ചിമേഷ്യയിലെ യുദ്ധം കാരണം മെയിലേക്ക് മാറ്റുകയായിരുന്നു.
റിലീസിന് രണ്ടാഴ്ച ബാക്കിനില്‍ക്കെ സോഷ്യല്‍ മീഡിയ മുഴുവന്‍ ദൃശ്യം നിറഞ്ഞുനില്‍ക്കുകയാണ്. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്. രണ്ട് മണിക്കൂര്‍ 39 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. U/A 13+ സര്‍ട്ടിഫിക്കറ്റാണ് ദൃശ്യം 3ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഇത് സിനിമാപേജുകളില്‍ പുതിയൊരു ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്.
ത്രില്ലിങ് ട്വിസ്റ്റുകള്‍ അധികമൊന്നുമില്ലാത്ത, ഇമോഷണല്‍ ഫാമിലി ഡ്രാമയാകും ദൃശ്യം 3 എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പല അഭിമുഖങ്ങളിലും പറഞ്ഞത്. എന്നാല്‍ ഇത്തരമൊരു സിനിമക്ക് U/A 13+ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഹൈപ്പ് ഉയരുകയാണ്. ചിത്രത്തില്‍ എന്തെങ്കിലും സംഗതി സംവിധായകന്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സാധാരണ ഫാമിലി ചിത്രമെന്ന് പറയുമ്പോഴും വലിയ വരവേല്പാണ് ആരാധകര്‍ ജോര്‍ജുകുട്ടിക്കായി ഒരുക്കുന്നത്. ഇതിനോടകം 100ലധികം ഫാന്‍സ് ഷോ ദൃശ്യം 3ക്കായി ചാര്‍ട്ട് ചെയ്തുകഴിഞ്ഞു. ഓവര്‍സീസ് ബുക്കിങ് കഴിഞ്ഞദിവസം ആരംഭിക്കുകയും ചെയ്തു. ഒറ്റദിവസം കൊണ്ട് ഒന്നരക്കോടിയിലേറെയാണ് ഓവര്‍സീസ് പ്രീ സെയിലായി നേടിയത്.
എമ്പുരാന് ശേഷം ഫസ്റ്റ് ഡേ 40 കോടി കളക്ഷന്‍ നേടുന്ന അടുത്ത ചിത്രമായി ദൃശ്യം 3 മാറുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച പേട്രിയറ്റിന് പോലും 30 കോടിക്ക് മുകളില്‍ നേടാന്‍ സാധിച്ചിരുന്നില്ല. മികച്ച പ്രൊമോഷനും അതിനൊത്ത ബുക്കിങ്ങുമെല്ലാം കൃത്യമായി ആരംഭിച്ചാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമാകും നടത്തുക.
എന്നാല്‍ ചിത്രത്തിന് മേലുള്ള പ്രതീക്ഷകള്‍ കുറക്കാന്‍ ചില കാരണങ്ങളുമുണ്ട്. സംവിധായകനായ ജീത്തു ജോസഫിന്റെ മേക്കിങ്ങാണ് അതില്‍ പ്രധാനപ്പെട്ട കാരണം. അടുത്തിടെ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കിയില്ല. സീരിയല്‍ ലെവല്‍ മേക്കിങ്ങാണ് ഈ സിനിമകള്‍ക്കെന്നാണ് വിമര്‍ശനം. ദൃശ്യം 3യുടെ ടീസര്‍ പുറത്തിറങ്ങിയപ്പോഴും ഇതേ വിമര്‍ശനം കേട്ടിരുന്നു.
Content Highlight: 100 plus Fans shows are charted for Drishyam 3 movie