യു.എസ് ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തണം; എങ്കില്‍ രാജ്യം മുഴുവന്‍ പിന്തുണച്ചേനെ: അരവിന്ദ് കെജ്‌രിവാള്‍
India
യു.എസ് ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തണം; എങ്കില്‍ രാജ്യം മുഴുവന്‍ പിന്തുണച്ചേനെ: അരവിന്ദ് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th August 2025, 6:17 pm

ന്യൂദല്‍ഹി: അമേരിക്കന്‍ ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്തണമെന്ന ആവശ്യവുമായി ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍.

ഇത്തരമൊരു തീരുമാനമെടുത്താല്‍ അതിനെ പിന്തുണയ്ക്കാന്‍ രാജ്യം മുഴുവനുമുണ്ടാകുമെന്ന് കെജ്‌രിവാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

‘മറ്റേത് രാജ്യമാണെങ്കിലും യു.എസിന്റെ ഇത്തരം തീരുമാനത്തിന് മുന്നില്‍ തലകുനിക്കുമായിരുന്നില്ല. മറിച്ച്, ഉയര്‍ന്ന താരിഫ് തിരികെ ചുമത്തുകയാണ് ചെയ്യുക.

ഇന്ത്യയും സമാനമായ രീതിയില്‍ യു.എസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ചുമത്തണം. അവര്‍ 50 ശതമാനം താരിഫ് ചുമത്തിയാല്‍ നമ്മള്‍ 100 ശതമാനം താരിഫ് ചുമത്തുകയാണ് ചെയ്യേണ്ടത്. രാജ്യം മുഴുവന്‍ ആ തീരുമാനത്തെ പിന്തുണക്കുകയും ചെയ്യും.

ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ഒരു രാജ്യവും ധൈര്യപ്പെടില്ല. നമ്മള്‍ 140 കോടി ജനങ്ങളുടെ രാജ്യമാണ്’, കെജ്‌രിവാള്‍ പറഞ്ഞു.

യു.എസില്‍ നിന്നുള്ള പരുത്തി വസ്ത്രങ്ങള്‍ക്കുണ്ടായിരുന്ന 11 ശതമാനം തീരുവ ഒഴിവാക്കാന്‍ തീരുമാനിച്ചത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരാണ്. ഇത് തദ്ദേശീയരായ കര്‍ഷകരെയാണ് പ്രതികൂലമായി ബാധിക്കുക. ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് നരേന്ദ്ര മോദിയുടെ ഈ തീരുമാനമെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

aravind-kejrival അരവിന്ദ് കെജ്‌രിവാള്‍

അരവിന്ദ് കെജ്‌രിവാള്‍

കേന്ദ്രസര്‍ക്കാര്‍, തുണിത്തര കയറ്റുമതിക്കാരെ സഹായിക്കുന്നതിനായി താരിഫ് ഇല്ലാതെ പരുത്തി ഇറക്കുമതി ചെയ്യുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. യു.എസിന്റെ 50 ശതമാനം താരിഫ് നേരിടുന്നതിനിടെ വ്യാഴാഴ്ചയാണ് ഈ തീരുമാനമെടുത്തത്. നേരത്തെ, ആഗസ്റ്റ് 18-ന് ധനമന്ത്രാലയം ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 30 വരെ താരിഫ് പൂര്‍ണമായും ഒഴിവാക്കിയിരുന്നു.

മുന്‍പ് യു.എസില്‍ നിന്നുള്ള പരുത്തിക്ക് ഇന്ത്യ 11 ശതമാനം താരിഫ് ചുമത്തിയിരുന്നു. ഇതോടെ അമേരിക്കന്‍ പരുത്തി ഇന്ത്യയിലെതിനെക്കാള്‍ ചെലവേറിയതായി മാറിയിരുന്നെങ്കിലും, ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഈ തീരുവ ഒഴിവാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതോടെ ടെക്‌സ്‌റ്റൈല്‍ വ്യവസായങ്ങള്‍ക്ക് വിലകുറഞ്ഞ പരുത്തി ലഭിക്കുമെന്ന സ്ഥിതി വന്നു.

ഈ സാഹചര്യത്തില്‍ ഒക്ടോബറില്‍ തദ്ദേശീയരായ കര്‍ഷകര്‍ പരുത്തി വിപണിയില്‍ എത്തിക്കുമ്പോള്‍ അതിന് ആവശ്യക്കാരുണ്ടാകില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു. തെലങ്കാന, പഞ്ചാബ്, വിദര്‍ഭ, ഗുജറാത്ത് എന്നിവിടങ്ങളിലെ കര്‍ഷകരെയാണ് ഈ തീരുമാനം ഏറ്റവും ഗുരുതരമായി ബാധിക്കുകയെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാണിച്ചു.

ഡൊണാള്‍ഡ് ട്രംപ് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തിരിച്ച് നമ്മള്‍ പരുത്തിക്ക് 11 ശതമാനം തീരുവ എന്നത് 50 ശതമാനം ആക്കേണ്ടതായിരുന്നു. അല്ലാതെ പൂര്‍ണമായും ഒഴിവാക്കി നല്‍കുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നതെന്നും കെജ്‌രിവാള്‍ വിശദീകരിച്ചു.

യു.എസില്‍ നിന്നുള്ള പരുത്തിക്ക് 11 ശതമാനം തീരുവ വീണ്ടും ഏര്‍പ്പെടുത്തണമെന്ന് ആംആദ്മി പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Content Highlight: 100 percent tariff should be imposed on US imports, the entire country would support it: Arvind Kejriwal