കോതമംഗലം: ബി.ജെ.പി കേരളം ഭരിക്കണോ എന്ന ചോദ്യത്തിന് ഡിസ്‌ലൈക്ക് അടിച്ച് കോതമംഗലം എം.ബി.ഐ.ടി.എസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍.
ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ യുവജനോത്സവം സീസണ്‍ ത്രീ പരിപാടിക്കിടെയാണ് 100 ശതമാനം വിദ്യാര്‍ത്ഥികളും ബി.ജെ.പി അധികാരത്തില്‍ വരുന്നതിനെ എതിര്‍ത്ത് അഭിപ്രായം രേഖപ്പെടുത്തിയത്.
കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരണത്തില്‍ വരുന്ന സാഹചര്യത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു വിദ്യാര്‍ത്ഥികളോട് ചോദിച്ചത്. എന്നാല്‍, പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളും ഡിസ്‌ലൈക്ക് ബട്ടണ്‍ ഉയര്‍ത്തിക്കാണിച്ച് ഇതിനെ എതിര്‍ക്കുകയായിരുന്നു.
ഇത്തരത്തില്‍ പല വിഷയങ്ങളിലും പോളിങുകള്‍ സംഘടിപ്പിക്കുമ്പോള്‍ ചെറിയ ഒരു ശതമാനം വിദ്യാര്‍ത്ഥികളെങ്കിലും എതിരഭിപ്രായം രേഖപ്പെടുത്താറുണ്ടെന്നും എന്നാല്‍ ഈ വിഷയത്തില്‍ 100 ശതമാനം പേരും ഒറ്റക്കെട്ടാണെന്നും പരിപാടിയുടെ അവതാരകന്‍ പറഞ്ഞു.
ഒറ്റക്കെട്ടായി എന്തുകൊണ്ടാണ് ഈ പാര്‍ട്ടിയെ എതിര്‍ക്കുന്നതെന്ന ചോദ്യത്തിന്, ബി.ജെ.പി ഒരു മതത്തെ മാത്രം അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കേരളത്തിന്റെ പൊതുവികാരം ബി.ജെ.പിക്ക് എതിരാണെന്നും വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കി.
തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പി 25 ശതമാനം വോട്ട് നേടുമെന്നും അടുത്തനിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണം പിടിക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകളെ കുറിച്ചുള്ള ചോദ്യത്തിന്, ആത്മവിശ്വാസം പ്രകടിപ്പിച്ചോട്ടെ, പക്ഷെ, കേരളം ആര് ഭരിക്കണമെന്ന് കേരളത്തിലുള്ള ജനങ്ങള്‍ തീരുമാനിക്കുമെന്നാണ് ഒരു വിദ്യാര്‍ത്ഥി പ്രതികരിച്ചത്.
സുരേഷ് ഗോപിയെ പോലുള്ളവരുടെ പ്രവര്‍ത്തികള്‍ ജനങ്ങള്‍ മാധ്യമങ്ങളിലൂടെ കാണുന്നുണ്ടെന്നും അതിന് അനുസരിച്ചാണ് ബി.ജെ.പിയെ വിലയിരുത്തുന്നതെന്നും വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന് ശേഷം തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് സഹായം ചെയ്യേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞതിനെയും അവര്‍ വിമര്‍ശിച്ചു.
കേരളത്തിലെ ജനങ്ങള്‍ക്ക് ബുദ്ധിയുണ്ടെന്നും അതുകൊണ്ടാണ് ബി.ജെ.പി ഇവിടെ ആധിപത്യം സ്ഥാപിക്കാത്തത്. തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയം തെറ്റായി പോയെന്ന് കരുതുന്നുണ്ടെന്നും മറ്റൊരു വിദ്യാര്‍ത്ഥി പ്രതികരിച്ചു.
ബി.ജെ.പിക്ക് എതിരായി ഉയര്‍ന്ന വോട്ട് മോഷണ ആരോപണത്തെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. വോട്ടില്‍ പോലും കള്ളത്തരം കാണിക്കുന്ന ഒരു പാര്‍ട്ടിയെ എങ്ങനെയാണ് ജനാധിപത്യത്തില്‍ വിശ്വസിക്കുക എന്നാണ് അവര്‍ ചോദിക്കുന്നത്.
വര്‍ഗീയതയാണ് ബി.ജെ.പി മുന്നോട്ടുവെയ്ക്കുന്ന ആശയമെന്നും കേരളം പോലെ ഒരു ജാതി ഒരു ദൈവം എന്ന ആദര്‍ശമുള്ള സംസ്ഥാനത്തിന് ബി.ജെ.പി വേണ്ടെന്നും യുവജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തി.
സോഷ്യല്‍മീഡിയ വഴി ജനങ്ങളെ ഭിന്നിപ്പിക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. എല്ലാവര്‍ക്കും അത് തിരിച്ചറിയാന്‍ പോലും സാധിക്കില്ലെന്നും അതുപയോഗപ്പെടുത്തിയാണ് ബി.ജെ.പി സംസ്ഥാനത്ത് വോട്ട് ഷെയര്‍ ഉയര്‍ത്തുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Content Highlight: 100 percent say BJP should not rule Kerala; Students of Kothamangalam College shock Asianet News