വാഷിങ്ടണ്‍: യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ പത്ത് ശതമാനമാക്കി നിലനിര്‍ത്താനുള്ള തീരുമാനം പ്രാബല്യത്തില്‍. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ പുതിയ നിരക്ക് പ്രാബല്യത്തിലെത്തി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 15 ശതമാനം മുതല്‍ 50 ശതമാനം വരെയുണ്ടായിരുന്ന തീരുവകള്‍ ഈടാക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
പ്രത്യേക ഇളവുകള്‍ പ്രഖ്യാപിക്കാത്ത എല്ലാ ഉത്പന്നങ്ങളുടെയും അധിക തീരുവ പത്ത് ശതമാനമാക്കിയതായി യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്തിറക്കിയ നോട്ടീസില്‍ അറിയിച്ചു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടിയായ, അമിത തീരുവ ഏര്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കിയ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ 10 ശതമാനമാക്കിയിരിക്കുന്നത്.
ട്രംപ് അമിത തീരുവ ചുമത്തുന്നത് ഏകപക്ഷീയമാണെന്നും യു.എസ് പ്രസിഡന്റിന്റെ അധികാര പരിധി ലംഘിച്ചുവെന്നും ചൂണ്ടിക്കാണിച്ചായിരുന്നു യു.എസ് കോടതി അമിത തീരുവകള്‍ റദ്ദാക്കിയത്. ട്രംപിന്റെ സാമ്പത്തിക നയത്തെ വെള്ളിയാഴ്ചയിലെ കോടതി വിധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അന്നേദിവസം തന്നെ ആഗോള തീരുവ പത്ത് ശതമാനമാക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ തീരുവ 15 ശതമാനമാക്കി ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീരുവ വര്‍ധനവ് എന്ന് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, പത്ത് ശതമാനമാക്കിയ തീരുവ 150 ദിവസത്തിന് ശേഷം യു.എസ് കോണ്‍ഗ്രസ് നീട്ടിയില്ലെങ്കില്‍ സ്വാഭാവികമായും റദ്ദാക്കപ്പെടും. അതുകൊണ്ട് തന്നെ ദീര്‍ഘകാലത്തേക്കുള്ള വ്യാപാര നടത്തിന് യു.എസ് ഭരണകൂടം തയ്യാറെടുക്കുകയാണെന്നാണ് സൂചന.
അടുത്തിടെ യു.എസുമായി വ്യാപാര കരാറിലേര്‍പ്പെട്ട രാജ്യങ്ങള്‍ പിന്മാറുകയാണെങ്കില്‍ വിവിധ വ്യാപാര നിയമങ്ങള്‍ പ്രകാരം ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.