ഛത്തീസ്ഗഢില്‍ സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കി; ബി.ജെ.പി നേതാവിന്റെ മകന്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍
national news
ഛത്തീസ്ഗഢില്‍ സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കി; ബി.ജെ.പി നേതാവിന്റെ മകന്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd September 2023, 3:14 pm

റായ്പൂര്‍: ഛത്തീസ്ഗഢിലെ റായ്പൂരില്‍ സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ബി.ജെ.പി നേതാവിന്റെ മകന്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍.
അതിക്രമത്തിനിരയായ ഒരാളുടെ പ്രതിശ്രുതവരനൊപ്പം രക്ഷാബന്ധന്‍ ആഘോഷിച്ച് മടങ്ങുന്നതിനിടെയാണ് സഹോദരിമാര്‍ക്ക് നേരെ പത്ത് പേരടങ്ങുന്ന സംഘത്തിന്റെ അക്രമമുണ്ടായതെന്ന് പൊലീസ് പറയുന്നു.

ഇവരുടെ പണവും മൊബൈല്‍ ഫോണുകളും അക്രമി സംഘം തട്ടിയെടുത്തതായും പരാതിയുണ്ട്. രണ്ട് സഹോദരിമാരെയും പ്രധാന റോഡില്‍ നിന്ന് ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് അക്രമികള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവും കടുത്ത ശാരീരിക പീഡനത്തിന് ഇരയായതായി പൊലീസിനെ ഉദ്ധരിച്ചുള്ള ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.ജെ.പി പ്രാദേശിക നേതാവായ പൂനം താക്കൂര്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്.
പൂനം താക്കൂര്‍ ആഗസ്റ്റില്‍ മറ്റൊരു കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. പ്രാദേശിക ബി.ജെ.പി നേതാവ് ലക്ഷ്മി നാരായണ്‍ സിങ്ങിന്റെ മകനാണ് പൂനം താക്കൂര്‍.