ന്യൂദല്‍ഹി: രാജ്യത്ത് 2023ല്‍ മാത്രം 10,786 കര്‍ഷകര്‍ ജീവനൊടുക്കിയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ട്. ഇതില്‍ 4690 പേര്‍ കൃഷിക്കാരും 6096 പേര്‍ കാര്‍ഷിക തൊഴിലാളികളുമാണ്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആത്മഹത്യ കണക്കുകളിലെ 6.3 ശതമാനവും കര്‍ഷകരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2023ല്‍ ജീവനൊടുക്കിയ 4690 കര്‍ഷകരില്‍ 4553 പേര്‍ പുരുഷന്മാരും 137 പേര്‍ സ്ത്രീകളുമാണ്. കര്‍ഷക തൊഴിലാളികള്‍ക്കിടയിലെ 6096 ആത്മഹത്യകൡ 5433 പേര്‍ പുരുഷന്മാരും 663 പേര്‍ സ്ത്രീകളുമാണ്.
2022ല്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 11,290 ആയിരുന്നു. അതിനെ അപേക്ഷിച്ച് ആത്മഹത്യാ നിരക്കില്‍ നേരിയ കുറവ് (4 ശതമാനം)രേഖപ്പെടുത്തിയിട്ടുണ്ട്.
കൃഷിയുമായി ബന്ധപ്പെട്ട് നടക്കുന്ന ആത്മഹത്യകളെ എന്‍.സി.ആര്‍.ബി രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഒന്നാമതായി കര്‍ഷകര്‍ അഥവാ സ്വന്തം ഭൂമിയില്‍ തൊഴിലാളികളുടെ സഹായമില്ലാതെ കൃഷി ചെയ്യുന്നവര്‍. രണ്ടാമത്തെ വിഭാഗം കാര്‍ഷിക തൊഴിലാളികളാണ്. പ്രധാനമായും മറ്റുള്ളവരുടെ കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നവരും തൊഴിലാളി പ്രവര്‍ത്തനങ്ങളിലൂടെ വരുമാനമുണ്ടാക്കുന്നവരും.
അതേസമയം, 2023ല്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4151 കര്‍ഷകരാണ് 2023ല്‍ മഹാരാഷ്ട്രയില്‍ ജീവനൊടുക്കിയത്. രാജ്യത്തെ മൊത്തം കര്‍ഷക ആത്മഹത്യകളുടെ 38 ശതമാനവും മഹാരാഷ്ട്രയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കര്‍ണാടകയാണ് മഹാരാഷ്ട്രക്ക് പിന്നിലായുള്ളത്. ഇവിടെ 2423 കര്‍ഷക ആത്മഹത്യകളാണ് സംഭവിച്ചത്. 2022ലും മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായിരുന്നു ഏറ്റവുമധികം കര്‍ഷക ആത്മഹത്യകള്‍ നടന്നത്.
മഹാരാഷ്ട്രയിലും കര്‍ണാടകയിലും കാര്‍ഷിക തൊഴിലാളികളേക്കാള്‍ കൂടുതല്‍ കര്‍ഷകരാണ് ജീവനൊടുക്കിയത്. ആന്ധ്രാപ്രദേശിലും മധ്യപ്രദേശിലും തമിഴ്‌നാട്ടിലും കര്‍ഷകരേക്കാള്‍ കൂടുതല്‍ കാര്‍ഷിക തൊഴിലാളികളാണ് ആത്മഹത്യ ചെയ്തത്.
പരുത്തി, കരിമ്പ് തുടങ്ങിയ നാണ്യവിളകള്‍ കൃഷി ചെയ്യുന്നവര്‍ക്കിടയിലാണ് കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവ വിളവിറക്കാനായി വലിയ തുക തന്നെ ചെലവഴിക്കേണ്ടി വരും. ഈ പണത്തിനായി അനധികൃത പണമിടപാടുകാരെ ആശ്രയിക്കേണ്ടി വരുന്നതും വിളകള്‍ പ്രതീക്ഷിച്ച രീതിയില്‍ ലാഭം നല്‍കാത്തതുമാണ് പലപ്പോഴും കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്.
കാര്‍ഷിക വായ്പകളും ഇന്‍ഷൂറന്‍സുകളും പലപ്പോഴും കര്‍ഷകര്‍ക്ക് താങ്ങാവുന്നുണ്ടെങ്കിലും ഇതും പര്യാപ്തമല്ലെന്നാണ് ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണത്തില്‍ നിന്നും വ്യക്തമാകുന്നത്.
പശ്ചിമ ബംഗാള്‍, ബീഹാര്‍, ഒഡീഷ, ജാര്‍ഡഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, ഛണ്ഡീഗഢ്, ദല്‍ഹി, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2023ല്‍ ഒരു കര്‍ഷക ആത്മഹത്യ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Content Highlight:10,786 farmer suicides reported in the country in 2023; more in Maharashtra and Karnataka