നീണ്ട കാലത്തെ തര്‍ക്കത്തിനൊടുവില്‍ പാകിസ്ഥാനില്‍ 1200 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുനസ്ഥാപിച്ചു
World News
നീണ്ട കാലത്തെ തര്‍ക്കത്തിനൊടുവില്‍ പാകിസ്ഥാനില്‍ 1200 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുനസ്ഥാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th August 2022, 3:12 pm

ലാഹോര്‍: പാകിസ്ഥാനിലെ ലാഹോര്‍ നഗരത്തിലെ 1,200 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുനസ്ഥാപിക്കാന്‍ ഉത്തരവ്. കോടതിയിലെ നീണ്ടകാല തര്‍ക്കത്തിനൊടുവില്‍ ‘അനധികൃത താമസക്കാരെ’ ഒഴിപ്പിച്ച ശേഷം ക്ഷേത്രം പുനസ്ഥാപിക്കുമെന്ന് രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഫെഡറല്‍ ബോഡി ബുധനാഴ്ച അറിയിച്ചു.

ലാഹോറിലെ പ്രശ്സതമായ അനാര്‍ക്കലി ബസാറിനടുത്തുള്ള വാല്‍മീകി മന്ദിര്‍(ക്ഷേത്രം) അടക്കമുള്ള ഭൂമി ഒരു ക്രിസ്ത്യന്‍ കുടുംബം അനധികൃതമായി കൈവശംവെച്ച് പോരുന്നതായിരുന്നു തര്‍ക്കത്തിനാധാരമായ പരാതി. ഇരുപത് വര്‍ഷത്തിലേറെയായി ക്രിസ്ത്യന്‍ കുടുംബം ക്ഷേത്രം അനധികൃതമായി കൈവശം വെച്ചുവെന്നാണ് ആരോപണം.

ഹിന്ദുമതം സ്വീകരിച്ചതായി അവകാശപ്പെടുന്ന ഇവര്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ക്ഷേത്രത്തില്‍ വാല്‍മീകി ജാതിയില്‍പ്പെട്ട ഹിന്ദുക്കള്‍ക്ക് മാത്രമായിരുന്നു ആരാധന നടത്താന്‍ സൗകര്യമൊരുക്കിയിരുന്നത്.

ഇതിനെതുടര്‍ന്നുണ്ടായ കേസില്‍ കഴിഞ്ഞ മാസം ഇവാക്യൂ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡ്(ഇ.ടി.പി.ബി) ക്ഷേത്രം കണ്ടുകെട്ടുകയായിരുന്നു. ലാഹോറിലെ കൃഷ്ണ ക്ഷേത്രം കൂടാതെയുള്ള ഏക പ്രവര്‍ത്തനക്ഷമമായ ക്ഷേത്രം കൂടിയാണിത്.

വരും ദിവസങ്ങളില്‍ ‘മാസ്റ്റര്‍ പ്ലാന്‍’ അനുസരിച്ച് വാല്‍മീകി ക്ഷേത്രം പുനസ്ഥാപിക്കുമെന്ന് ഇ.ടി.പി.ബി വക്താവ് അമീര്‍ ഹാഷ്മി പി.ടി.ഐയോട് പറഞ്ഞു. ക്ഷേത്രം പിടിച്ചെടുത്തവരില്‍ നിന്ന് അത് വീണ്ടെടുത്തുവെന്നും അമീര്‍ ഹാഷ്മി അറിയിച്ചു.

വ്യാഴാഴ്ച നൂറിലധികം ഹിന്ദുക്കളും ചില സിഖ്, ക്രിസ്ത്യന്‍ നേതാക്കളും വാല്‍മീകി ക്ഷേത്രത്തില്‍ ഒത്തുകൂടി. ക്ഷേത്രം പുനസ്ഥാപിച്ചതിന് ശേഷം ആദ്യമായി ഹിന്ദുക്കള്‍ ക്ഷേത്രത്തില്‍വെച്ച് അവരുടെ മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ലുങ്കര്‍(ഭക്ഷണം) കഴിക്കുകയും ചെയ്തു.

റവന്യൂ രേഖയില്‍ ക്ഷേത്ര ഭൂമി ഇ.ടി.പി.ബിക്ക് കൈമാറ്റം ചെയ്തതാണെന്നും എന്നാല്‍ 2010-2011ല്‍ സ്വത്തിന്റെ ഉടമയാണെന്ന് അവകാശപ്പെട്ട് ക്രിസ്ത്യന്‍ കുടുംബം സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നുവെന്നും ഇ.ടി.പി.ബി ഉദ്യോഗസ്ഥന്‍ ഡോണ്‍ പത്രത്തോട് പറഞ്ഞു.

ഈ കേസിന് പുറമേ, കുടുംബം വാല്‍മീകി ഹിന്ദുക്കള്‍ക്ക് മാത്രമായിട്ടാണ് ക്ഷേത്രം നിര്‍മിച്ചതെന്നും പറഞ്ഞിരുന്നു. ഈ കാരണങ്ങള്‍ കൊണ്ടാണ് ട്രസ്റ്റിന് കോടതിയില്‍ കേസ് നടത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതായത്.

അതേസമയം, 1992ല്‍, ഇന്ത്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് പ്രകോപിതരായ ജനക്കൂട്ടം ആയുധങ്ങളുമായി വാല്‍മീകി ക്ഷേത്രത്തിലെ കൃഷ്ണന്റെയും വാല്മീകിയുടെയും വിഗ്രഹങ്ങള്‍ തകര്‍ത്തിരുവെന്നും ആരോപണമുണ്ട്.

ഹിന്ദു സമൂഹത്തിന് എല്ലാ സൗകര്യങ്ങളോടുംകൂടി ക്ഷേത്രം നവീകരിച്ച് നല്‍കണമെന്ന് പറഞ്ഞുകൊണ്ട് പാകിസ്ഥാന്‍ സുപ്രീം കോടതി രൂപീകരിച്ച ഏകാംഗ കമ്മീഷന്‍ സര്‍ക്കാരിന് ശിപാര്‍ശകള്‍ സമര്‍പ്പിച്ചതായി ഡോണ്‍ പത്രത്തോട് ഇ.ടി.പി.ബി വക്താവ് പറഞ്ഞു. എന്നാല്‍, കേസിന്റെ പശ്ചാത്തലത്തില്‍, ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഇ.ടി.പി.ബിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ സിഖുകാരും ഹിന്ദുക്കളും അവശേഷിപ്പിച്ച ക്ഷേത്രങ്ങളും ഭൂമിയും ഇ.ടി.പി.ബി പരിപാലിച്ച്‌വരികയാണ്. നിലവില്‍ പാകിസ്ഥാനിലുടനീളമുള്ള 200 ഗുരുദ്വാരകളുടെയും 150 ക്ഷേത്രങ്ങളുടെയും മേല്‍നോട്ടം ഇവര്‍ വഹിക്കുന്നുണ്ട്.