എല്ലുകള്‍ തകര്‍ത്തു; ലൈംഗികമായി ആക്രമിച്ചു: ഇസ്രഈലിന്റേത് ക്രൂര പീഡനങ്ങളെന്ന് ഫ്‌ലോട്ടില്ല ആക്ടിവിസ്റ്റുകള്
World
എല്ലുകള്‍ തകര്‍ത്തു; ലൈംഗികമായി ആക്രമിച്ചു: ഇസ്രഈലിന്റേത് ക്രൂര പീഡനങ്ങളെന്ന് ഫ്‌ലോട്ടില്ല ആക്ടിവിസ്റ്റുകള്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2026, 10:37 am

റോം: ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല (ജി.എസ്.എഫ്) ദൗത്യത്തിന്റെ ഭാഗമായി ഗസയിലേക്കുള്ള യാത്രക്കിടെ ഇസ്രഈല്‍ കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റുകള്‍ക്ക് നേരിടേണ്ടി വന്നത് ഗുരുതരമായ പീഡനങ്ങളെന്ന് ജി.എസ്.എഫ് സംഘാടകര്‍. ഗസയിലേക്ക് സഹായമെത്തിക്കുന്നതിനുള്ള ജി.എസ്.എഫ് ദൗത്യത്തിന്റെ ഭാഗമായി ബോട്ടുകളില്‍ യാത്ര തിരിച്ച ആക്ടിവിസ്റ്റുകളെ അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ വെച്ചായിരുന്നു ഇസ്രഈല്‍ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ പലരെയും പീന്നീട് വിട്ടയച്ചിരുന്നു.

ഇസ്രഈല്‍ തടങ്കലില്‍ വെച്ച് ബലാത്സംഗവും ലൈംഗിക പീഡനങ്ങളും അടക്കമുള്ള ആക്രമണങ്ങള്‍ ആക്ടിവിസ്റ്റുകള്‍ക്ക് നേരിടേണ്ടി വന്നതായി ജി.എസ്.എഫ് സംഘാടകര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രഈല്‍ തടവില്‍ നിന്ന് പുറത്തുവന്ന ചിലരെ പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. വിട്ടയക്കപ്പെട്ട ആക്ടിവിസ്റ്റുകളില്‍ നിന്നുള്ള വിവവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജി.എസ്.എഫിന്റെ പ്രസ്താവന.

ഫ്‌ലോട്ടില്ലയിലുണ്ടായിരുന്ന തങ്ങളുടെ ചില പൗരര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും ജര്‍മനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ജര്‍മനിയുടെ പ്രസ്താവനയിലില്ല.

അതേസമയം, ഇറ്റലി തങ്ങളുടെ രാജ്യത്തു നിന്നുള്ള ആക്ടിവിസ്റ്റുകള്‍ക്ക് നേരെയുണ്ടായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തും. തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം.

ഫ്‌ളോട്ടില്ല ആക്ടിവിസ്റ്റുകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്കയുള്ളതായി യു.എന്‍ വക്താവ് സ്റ്റെഫാന്‍ ദുജാരിക് പറഞ്ഞു. ഇസ്രഈല്‍ തടങ്കലില്‍ നിന്ന് പുറത്ത് വന്ന ആക്ടിവിസ്റ്റുകള്‍ തങ്ങള്‍ നേരിടേണ്ടിവന്ന അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ഒരു ഇസ്രഈലി മന്ത്രി പങ്കുവെച്ച വീഡിയോയിലും തടങ്കലിലുള്ള ഫ്‌ളോട്ടില്ല ആക്ടിവിസ്റ്റുകള്‍ നേരിടുന്ന മോശമായ ഇടപെടലിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു.

ജി.എസ്.എഫ് ദൗത്യത്തിന്റെ ഭാഗമായി ഗസയിലേക്ക് മരുന്നും ഭക്ഷണവും അടക്കമുള്ള സഹായമെത്തിക്കുന്നതിനായി പുറപ്പെട്ട 50 ബോട്ടുകളിലെ 430 സന്നദ്ധപ്രവര്‍ത്തകരെയായിരുന്നു ചൊവ്വാഴ്ച അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ വച്ച് ഇസ്രഈല്‍ കസ്റ്റഡിയിലെടുത്തത്.

ഇസ്രഈലിലെ തീവ്ര വലത് നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇതമാര്‍ ബെന്‍ ഗ്വിര്‍ ഈ സന്നദ്ധ പ്രവര്‍ത്തകരെ ഉപദ്രവിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന വീഡിയോ ബുധനാഴ്ച പുറത്ത് വന്നിരുന്നു. ബെന്‍ ഗ്വിര്‍ തന്നെയായിരുന്നു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഷിപ്പിങ് കണ്ടെയ്‌നറുകളുപയോഗിച്ച് നിര്‍മിച്ച താല്‍ക്കാലിക തടവറയില്‍ നിന്നുള്ളതായിരുന്നു ഈ വീഡിയോ.

വീഡിയോയില്‍ തടവുകാരെ കേബിളുകള്‍ കൊണ്ട് കെട്ടിയിട്ടിരിക്കുന്നതായി കാണാം. ഇസ്രഈലി ദേശീയ ഗാനവും പശ്ചാത്തലത്തില്‍ പ്ലേ ചെയ്യുന്നുണ്ടായിരുന്നു. വീഡിയോ പുറത്തു വന്നതോടെ ഇസ്രഈല്‍ സര്‍ക്കാരിന് മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദമുയര്‍ന്നിരുന്നു.

ഇപ്പോഴും തടങ്കലില്‍ കഴിയുന്നവരെ മോചിപ്പിച്ച് അവരുടെ രാജ്യങ്ങളിലേക്ക് അയക്കണമെന്ന് യു.എന്‍ പ്രതിനിധി സ്റ്റെഫാന്‍ ദുജാറിക് ആവശ്യപ്പെട്ടു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ മറുപടി പറയേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആക്ടിവിസ്റ്റുകള്‍ ലൈംഗികമായി ആക്രമിക്കപ്പെട്ട 15 സംഭവങ്ങളെങ്കിലും ഇസ്രഈല്‍ തടങ്കലില്‍ നടന്നതായി ജി.എസ്.എഫ് സംഘാടകരുടെ പ്രസ്താവനയില്‍ പറയുന്നു. തടവില്‍ കഴിയുന്നവരെ കണ്ടെയ്‌നറുകളിലേക്ക് വലിച്ചെറിയുകയായിരുന്നു. അവരുടെ തലയ്ക്കും വാരിയെല്ലുകള്‍ക്കും ഇടയില്‍ മര്‍ദ്ദനമേറ്റതായും പ്രസ്താവനയില്‍ പറയുന്നു.

തടങ്കലിലായവരുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ലൈംഗികമായി അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഒരു താല്‍ക്കാലിക തടവറയില്‍ മാത്രം ബലാത്സംഗമടക്കം 12 ലൈംഗിക അതിക്രമക്കേസുകള്‍ രേഖപ്പെടുത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇസ്രഈല്‍ അധികൃതര്‍ തടവുകാരെ ക്ലോസ് റെയ്ഞ്ചില്‍ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചതായി ജി.എസ്.എഫിന്റെ മറ്റൊരു പ്രസ്താവനയില്‍ പറയുന്നു. അതിക്രമങ്ങളില്‍ നിരവധി പേരുടെ എല്ലുകള്‍ തകര്‍ന്നതായും പ്രസ്താവനയില്‍ പറയുന്നു.

തങ്ങളില്‍ പലര്‍ക്കും വലിയ രീതിയിലുള്ള മര്‍ദ്ദനം നേരിടേണ്ടി വന്നുവെന്നു ഫ്‌ളോട്ടില്ല സംഘാംഗവും ഇറ്റാലിയന്‍ സാമ്പത്തിക വിദഗ്ധനുമായി ലൂക പൊഗ്ഗി പറഞ്ഞു. ഷോക്ക് അടിപ്പിച്ചടക്കം പീഡിപ്പിച്ചെന്നും അവര്‍ പീഡിപ്പിച്ചെന്നും റോമില്‍ തിരിച്ചെത്തി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഫ്‌ലോട്ടിലയിലുണ്ടായിരുന്ന 37 ഫ്രഞ്ച് പൗരരെ എല്ലുകള്‍ തകര്‍ന്നതിനാല്‍ തുര്‍ക്കിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അവരെ തിരികെ വരാന്‍ സഹായിച്ച സന്നദ്ധ പ്രവര്‍ത്തക സബ്രിന ചാരിക് പറഞ്ഞു.

Content Highlight: Gaza flotilla activists allege abuse, sexual assault in Israeli detention