Administrator
Administrator
കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് റിയാലിറ്റി ഷോ
Administrator
Monday 29th March 2010 10:07pm

പി എസ് റംഷാദ്

കേരളത്തിലെ കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് മൂപ്പിളമ തര്‍ക്കത്തില്‍ സാധാരണ ജനത്തിന് പ്രത്യേകിച്ച് ഉത്കണ്ഠപ്പെടേണ്ടതായി ഒന്നുമില്ല, ഒരു ന്യൂസ് അവര്‍ ചര്‍ച്ചയുടെ രസത്തിനപ്പുറം. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സ്വന്തം രാഷ്ട്രീയ നിലനില്‍പ്പിനെക്കുറിച്ചു തോന്നുന്ന ഭയവും കോണ്‍ഗ്രസ് നേതൃത്വത്തിന് അതേക്കുറിച്ചു തോന്നുന്ന പുഛവും മാധ്യമങ്ങള്‍ക്കു മാത്രം പ്രത്യേക താല്‍പര്യമുള്ള സവിശേഷ വിഷയമാണുതാനും. എന്നാല്‍ വെറും വിലാപത്തിനപ്പുറം യൂത്ത് കോണ്‍ഗ്രസുകാരെക്കൊണ്ടു ചിലതൊക്കെ പറയിക്കുന്ന രാഷ്ട്രീയ (കു)തന്ത്രത്തിന്റെ ഗന്ധമുയരുന്നതുകൊണ്ട് അതു സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ രാഷ്ട്രീയ വിഷയമായി മാറുന്നു. തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിക്കുള്ളിലുണ്ടാകുന്ന ഏതു ചലനത്തിനും അതുമായി ബന്ധമുണ്ടാവുക സ്വാഭാവികം.

കെപിസിസി പ്രസിഡന്റ രമേശ് ചെന്നിത്തലയുടെ സ്വന്തം ആളായി അറിപ്പെടുന്ന എം ലിജു, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ആളായിരുന്ന ടി സിദ്ദീഖിനെ രായ്ക്കുരായ്മാനം കസേരയൊഴിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയതിനു തുടര്‍ച്ച തന്നെയാണിതും. അതായത് സംസ്ഥാന കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി- രമേശ് പോരിന്റെ എരിതീയില്‍ ഒഴിച്ച എണ്ണയാണ് യൂത്ത് കോണ്‍ഗ്രസിന്റെ കൊല്ലം പ്രമേയവും അതിന്റെ തുടര്‍ ചര്‍ച്ചയും. എന്നുവെച്ചാല്‍ ഉടനെയങ്ങും അടങ്ങാന്‍ പോകുന്ന തീയല്ല അതെന്നു തന്നെയാണ് അര്‍ത്ഥം. യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിലെ ഭാഷയെക്കുറിച്ച് കെ പി സി സി ഭാരവാഹി യോഗത്തിനു ശേഷം ചെന്നിത്തല അല്‍പം കടുപ്പിച്ചു പറഞ്ഞതും മറ്റും വെറുതേ ഓരോ നാടക ഡയലോഗുകള്‍ മാത്രം.
ഒന്നേകാല്‍ വര്‍ഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ വരാന്‍ പോകുന്നത് യു ഡി എഫ് ആണ് എന്ന രാഷ്ട്രീയ വിലയിരുത്തലാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തിനു ഗുണകരമായ നിരവധി കാര്യങ്ങള്‍ ചെയ്‌തെങ്കിലും അതൊന്നും ജനത്തെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത വിധം മുന്നണിക്കും സി പി ഐ എമ്മിനും സര്‍ക്കാരിനുമെതിരേ മാധ്യമ വിചാരണയുണ്ടായിക്കൊണ്ടിരിക്കുന്നതു കൊണ്ട് യു ഡി എഫിന് അങ്ങനെ വിലയിരുത്താന്‍ അവകാശമുണ്ടു താനും. അങ്ങനെ സംഭവിച്ചാല്‍ ഉമ്മന്‍ ചാണ്ടി ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയാകുന്നതു തടയാന്‍ ഇപ്പോഴത്തെ യൂത്ത് കോണ്‍ഗ്രസ് വിലാപത്തെ ഉപയോഗിക്കാമെന്നു ചെന്നിത്തല കരുതുന്നു. മുതിര്‍ന്ന നേതാക്കള്‍ തുടര്‍ച്ചയായ മല്‍സര രംഗത്തു നിന്നു മാറി നില്‍ക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യമെങ്കിലും, സന്ദര്‍ഭം ഒത്തുവന്നാല്‍ അത് മുതിര്‍ന്നവര്‍ തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നതില്‍ നിന്നു മാറി നില്‍ക്കണമെന്ന ആവശ്യമായി മാറ്റാമെന്നാണ് ഉള്ളിലിരിപ്പ്. ഇനിയും ഒരു പതിറ്റാണ്ടു കൂടിയെങ്കിലും താന്‍ അധികാരക്കസേരയില്‍ നിന്നു മാറി നില്‍ക്കേണ്ടി വരുമെന്ന അലോസരപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ് ആ ചിന്തക്കു പിന്നില്‍ . വയലാര്‍ രവിക്കുവേണ്ടി രാജ്യസഭാ സീറ്റ് വേണ്ടെന്ന ുവെക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരിക്കുകയും ചെയ്ത മണ്ടത്തരം ഇനിയുണ്ടാകരുതെന്ന് ഉപദേശിക്കാന്‍ ചെന്നിത്തയ്ക്ക് ഉപദേശി വൃന്ദവുമുണ്ട്. യു പി എ വീണ്ടും അധികാരത്തില്‍ വരില്ലെന്നു കരുതി ചെയ്ത അത്തരം മണ്ടത്തരങ്ങളെ ചരിത്രപരമെന്നു വിശേഷിപ്പിക്കാത്തത് പണ്ട് ബംഗാളില്‍ ജ്യോതിബസു അങ്ങനൊന്ന് പറഞ്ഞുപോയതുകൊണ്ടാണ്. എങ്കിലും ഓരോ പ്രഭാഗത്തിലും മധ്യാഹ്നത്തിലും സായാഹ്നത്തിലും പിന്നെ ഉറങ്ങാന്‍ പോകുന്നതിനു മുമ്പും അദ്ദേഹം പറ്റിപ്പോയ തെറ്റില്‍ പശ്ചാത്തപിക്കുന്നുണ്ട്. കുറഞ്ഞപക്ഷം കേന്ദ്ര സഹമന്ത്രിയെങ്കിലും ആകാമായിരുന്നല്ലോ ഈശ്വരാ….

പക്ഷേ, ഒരു കാര്യമുണ്ട്. കാലേക്കൂട്ടി കാര്യങ്ങളൊക്കെ ഇങ്ങനെ കരയ്ക്കടുപ്പിക്കന്‍ ശ്രമിക്കുന്നതു വിജയിക്കണമെങ്കില്‍ ഈ പൊളിറ്റിക്കല്‍ റിയാലിറ്റി ഷോയില്‍ ഉമ്മന്‍ ചാണ്ടി വെറും സെലിബ്രിറ്റി ഗസ്റ്റ് മാത്രമായിരിക്കണം. എന്നാലങ്ങനെയല്ലല്ലോ സ്ഥിതി. വാക്കിനും വരികള്‍ക്കുമിടയിലെ ശ്രുതിയും ലയവും നിരീക്ഷിച്ച്, നടക്കുന്ന സംഗതികളെല്ലാം നന്നായി മനസിലാക്കിയാണ് ഉമ്മന്‍ ചാണ്ടി വേദിക്കും സദസിനുമിടയിലിരിക്കുന്നത്. ഇനിയൊരു ടേം കൂടി മുഖ്യമന്ത്രിയാകാന്‍ തന്നെയാണ് കെ പിസി സി തെരഞ്ഞെടുപ്പിലെ സമവായത്തിനു അദ്ദേഹം ശ്രമം നടത്തുന്നത്. ഒരു ടേംകൂടി കെ പി സി സി പ്രസിഡന്റാകാന്‍ ലഭിക്കുന്ന അവസരം വിനിയോഗിക്കാതെ മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടി കുപ്പായം തുന്നി കുട്ടിക്കുരങ്ങന്‍മാരെക്കൊണ്ട് ചുടുചോറ് വാരിച്ചു കളിച്ചാല്‍ വീണ്ടും മണ്ടനാവുക ചെന്നിത്തല തന്നെയായേക്കും. അത് മനസിലാകുന്ന വിധത്തല്‍ വേണ്ടപ്പെട്ടവരെക്കൊണ്ട് ഉമ്മന്‍ ചാണ്ടി ചെന്നിത്തലയോട് പറയിച്ചതായാണു സൂചന.

അതേസമയം, മറ്റുള്ളവരുടെ ചരടുവലിക്കൊത്ത് തുള്ളുന്നതിനിടയിലും സ്വന്തം ചില ഉത്കണ്ഠകള്‍ തിരുകിക്കയറ്റാതിരുന്നിട്ടില്ല, യൂത്ത് കോണ്‍ഗ്രസുകാര്‍.മുന്‍ പ്രസിഡന്റുമാരായ കെ പി അനില്‍കുമാര്‍ , ടി. സിദ്ദീഖ് എന്നിവര്‍ ഗതികിട്ടാതെ അലയുന്നതു കാണുമ്പോഴുള്ള ഭയമാണു കാരണം. അനില്‍കുമാറിനെ കെ പി സി സി സെക്രട്ടറിയാക്കാന്‍ ഇടക്കാലത്തൊരു ശ്രമം നടന്നിരുന്നു. അതു വേണ്ട, ജനറല്‍ സെക്രട്ടറിയാകണമെന്ന അനില്‍കുമാറിന്റെ വാശിയിലാണ് ഒന്നും കിട്ടാതെ പോയത്. പിന്നെ നെഹ്രു യുവകേന്ദ്രയുടെ ദേശീയ ഉപാധ്യക്ഷനാകാന്‍ നടത്തിയ ശ്രമവും ഫലം കണ്ടില്ല. പാരകള്‍ക്കു പഞ്ഞമില്ലാത്ത പാര്‍ട്ടിയാണല്ലോ കോണ്‍ഗ്രസ്. സിദ്ദീഖ് ഇപ്പോള്‍ എവിടെയാണെന്ന് സിദ്ദീഖിനുതന്നെ അറിയുകയുമില്ല. ആ ഗതി ലിജുവിനും സഹഭാരവാഹികള്‍ക്കും ഉണ്ടാകരുതെന്ന് സ്വയം ജാഗ്രത കാട്ടുന്നതില്‍ കുറ്റം പറയാനുമാകില്ല. പോയാലൊരു പ്രമേയം. കിട്ടിയാലൊരു പദവി.

Advertisement