ജക്കാര്‍ത്ത (ഇന്തോനേഷ്യ): ഇന്തോനേഷ്യയില്‍ കാണാതായ റഷ്യന്‍ നിര്‍മിത സുഖോയ് സൂപ്പര്‍ജെറ്റ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വെസ്റ്റ് ജാവയിലെ സലാക് മലനിരകളില്‍ ഇന്തോനേഷ്യന്‍ രക്ഷാപ്രവര്‍ത്തന ഏജന്‍സിയുടെ ഹെലികോപ്ടറാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വിമാനത്തിലുണ്ടായിരുന്ന 47 പേരും ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് സുരക്ഷാ ഏജന്‍സിയുടെ വിലയിരുത്തല്‍. സലാക് മലനിരകളുടെ മുകള്‍ഭാഗത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സുരക്ഷാ ഏജന്‍സിയുടെ വക്താവ് ഗാഗാ പ്രകോസോ പറഞ്ഞു.

ബുധനാഴ്ച ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നും 47 പേരുമായി പറന്നുപൊങ്ങിയ വിമാനം കാണാതാവുകയായിരുന്നു. പറന്നുപൊങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ബൊഗോറിലെ സലാക് പര്‍വതപ്രദേശത്തുവെച്ച് വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടപ്പെടുകയായിരുന്നു. രണ്ട് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചു തിരച്ചില്‍ നടത്തിയെങ്കിലും വിമാനം കണ്ടെത്താനായില്ല.

ജക്കാര്‍ത്തയില്‍ നടത്തിയ പ്രകടന പറക്കലിനിടെയാണ് വിമാനം അപ്രത്യക്ഷമായത്. റഷ്യന്‍ എംബസി ഉദ്യോഗസ്ഥരെയും ഇന്തോനേഷ്യന്‍ ബിസിനസ്സുകാരെയും വഹിച്ചാണ് ഹാലിം പെര്‍ദാനാകുസുമ വിമാനത്താവളത്തില്‍ നിന്നും വിമാനം പറന്നുപൊങ്ങിയതെന്ന് ഗതാഗത വകുപ്പ് മന്ത്രാലയം അറിയിച്ചു. മാധ്യമപ്രവര്‍ത്തകരും വിമാനത്തിലുണ്ടായിരുന്നു.

ഏഷ്യന്‍ രാജ്യങ്ങളില്‍ വിമാനം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്നലെ ജക്കാര്‍ത്തയില്‍ പ്രകടന പറക്കല്‍ നടത്തിയത്. കഴിഞ്ഞമാസം ഇന്ത്യയിലും സുഖോയി കമ്പനി പ്രകടന പറക്കല്‍ നടത്തിയിരുന്നു. ഇന്തോനേഷ്യയില്‍ 42 വിമാനങ്ങളുടെ വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

Malayalam news

Kerala news in English