ന്യൂയോര്‍ക്കിലെ തുണിഫാക്ടറികളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ 1857 മാര്‍ച്ച് 8ന് കുറഞ്ഞ ശമ്പളത്തിനെതിരെ, ദൈര്‍ഘ്യമേറിയ ജോലിസമയത്തിനെതിരെ, മുതലാളിത്തത്തിനെതിരെ, വോട്ടുചെയ്യാനുള്ള അവകാശത്തിനായി തെരുവിലിറങ്ങി. തുടര്‍ന്ന് ലോകത്തിന്റ പലഭാഗങ്ങളിലേയും സ്ത്രീകള്‍ ഇതേറ്റെടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലും 1857 ന് പ്രധാനസ്ഥാനമുണ്ട്. സ്ത്രീസാന്നിധ്യമുണ്ട്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം ത്സാന്‍സി റാണിലക്ഷ്മിഭായുടെ പേരുമായി ചേര്‍ത്തേ നമുക്ക് സ്മരിക്കാനാവൂ.


ഇന്ന് ലോക വനിതാ ദിനം. ലോകത്തെങ്ങും പോരാടുന്ന സ്്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡൂള്‍ന്യൂസും ഒപ്പം ചേരുന്നു.

കഴിഞ്ഞ വര്‍ഷം വനിതാ ദിനത്തില്‍ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ബാബു ഭരദ്വാജിന്റെ എഡിറ്റോറിയല്‍

ഇന്ന് മാര്‍ച്ച് 8. ലോകവനിതാദിനം. ഒരു ചടങ്ങ് പോലെ ഇക്കൊല്ലവും നമ്മളത് ആഘോഷിക്കും. സ്ത്രീശാക്തീകരണത്തെ കുറിച്ച് സെമിനാറുകള്‍ നടത്തും. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തന്റേടം ജന്റര്‍ഫെസ്റ്റുകള്‍ നടത്തും.

ഇതില്‍ പലതും മാര്‍ച്ച് 31 ന് സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ബജറ്റില്‍ വകയിരുത്തിയ തുക തീര്‍ക്കാനുള്ള ചില തറവേലകള്‍ മാത്രം. മേള നടത്തുന്നവര്‍ക്ക് കുശാല്‍.

Ads By Google

അതിന്റെ വിഹിതം പറ്റുന്നവര്‍ക്ക് അതിനേക്കാള്‍ കുശാല്‍.’ എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം എത്ര മനോഹരമേ’ എന്ന പള്ളിപ്പാട്ടുപോലെ ‘ എന്തതിശയമേ ഫെസ്റ്റിന്റെ കാശ് എത്ര മനോഹരമേ’ എന്ന് നമുക്ക് ആടിപ്പാടാം.

ഈ ദിനത്തിലെ പതിവ് മുഖാമുഖങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃനിരയില്‍ സ്ത്രീകള്‍ ഇല്ലാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അത് പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് രാഷ്ട്രീയനേതാക്കള്‍ ഉത്തരം പറയും.
അങ്ങിനെ വനിതാമാമാങ്കം കൊടിയിറങ്ങും. അധികാര സ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളെ അകറ്റി നിര്‍ത്താനുള്ള ശ്രമങ്ങള്‍ പൂര്‍വ്വാധികം ശക്തമായി തുടരും. സ്ത്രീകള്‍ ഇരകളായി തുടരും. അധികാര സ്ഥാനത്തുള്ളവര്‍ വേട്ടക്കാരും. ഈ മൃഗയാവിനോദം അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കും.

തങ്ങള്‍ അപലകളും അരക്ഷിതരും അപമാനഭയമുള്ളവരും പുരുഷ സേവകരുമാണെന്ന അധമബോധം സ്ത്രീകള്‍ കൈവെടിയുമ്പോള്‍ മാത്രമായിരിക്കും എന്റെ ദൈവമേ, എന്റെ രാജ്യം ആ സ്വര്‍ഗത്തിലേ ക്കുയരുകയുള്ളു.

സ്ത്രീകളുടെ സംരക്ഷകരും പരിപാലകരും തങ്ങളാണെന്ന പുരുഷന്റെ അഹങ്കാരത്തെ നശിപ്പിക്കാന്‍ കഴിയുമ്പോള്‍ മാത്രമായിരിക്കും സ്ത്രീശാക്തീകരണം അതിന്റെ യഥാര്‍ത്ഥ നിയോഗങ്ങളിലെത്തുന്നത്.

തങ്ങള്‍ അപലകളും അരക്ഷിതരും അപമാനഭയമുള്ളവരും പുരുഷസേവകരുമാണെന്ന അധമബോധം സ്ത്രീകള്‍ കൈവെടിയുമ്പോള്‍ മാത്രമായിരിക്കും എന്റെ ദൈവമേ, എന്റെ രാജ്യം ആ സ്വര്‍ഗത്തിലേക്കുയരുകയുള്ളു.

സമത്വത്തിന് വേണ്ടി സ്ത്രീകള്‍ നടത്തുന്ന സമരത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഒരുപാട് കലാപങ്ങളുടേയും വിപ്ലവങ്ങളുടേയും കടലിരമ്പം ആ സമരങ്ങള്‍ക്ക് ഉണ്ട്. റഷ്യന്‍ വിപ്ലവത്തിന്റെ ഏറ്റവും സമീപവും അടിയന്തിരവുമായ പ്രകോപനം സത്രീ മുന്നേറ്റമായിരുന്നെന്ന് എത്ര വിപ്ലവകാരികള്‍ക്കറിയാം! കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്ക് ഈ ദിനവുമായുള്ള ബന്ധം എന്താണ് ?

ഈ വനിതാദിനത്തില്‍ അവകാശസമരങ്ങള്‍ക്ക് കൊടിയുയര്‍ത്തിപ്പിടിക്കുന്ന എല്ലാ സ്ത്രീജന സാമാന്യത്തേയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. അവര്‍ വര്‍ഗസമരത്തിന്റെ മുന്നണിപ്പോരാളികള്‍ കൂടെയാണ്.

മെയ് 1 എന്ന ലോകതൊഴിലാളി ദിനത്തിന് അരങ്ങൊരുങ്ങിയ അതേ അമേരിക്കന്‍ ഐക്യനാടുകളിലാണ് മാര്‍ച്ച് 8 ഉം പിറന്നത്. മെയ് ദിനം ചിക്കാഗോയിലാണ് പിറന്നുവീണതെങ്കില്‍ മാര്‍ച്ച് 8ന്റെ പിറവി ന്യൂയോര്‍ക്കിലാണ്.

രണ്ടിന്റേയും സ്ത്രീകര്‍മ്മികള്‍ തൊഴിലാളിവര്‍ഗമാണ്. ന്യൂയോര്‍ക്കിലെ തുണിഫാക്ടറികളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ 1857 മാര്‍ച്ച് 8ന് കുറഞ്ഞ ശമ്പളത്തിനെതിരെ, ദൈര്‍ഘ്യമേറിയ ജോലിസമയത്തിനെതിരെ, മുതലാളിത്തത്തിനെതിരെ, വോട്ടുചെയ്യാനുള്ള അവകാശത്തിനായി തെരുവിലിറങ്ങി. തുടര്‍ന്ന് ലോകത്തിന്റ പലഭാഗങ്ങളിലേയും സ്ത്രീകള്‍ ഇതേറ്റെടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലും 1857 ന് പ്രധാനസ്ഥാനമുണ്ട്. സ്ത്രീസാന്നിധ്യമുണ്ട്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം ത്സാന്‍സി റാണിലക്ഷ്മിഭായുടെ പേരുമായി ചേര്‍ത്തേ നമുക്ക് സ്മരിക്കാനാവൂ.