ന്യൂദല്‍ഹി: വിവാഹ നിയമ ബില്ലില്‍ വിവാഹമോചനം തേടുന്ന ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്ഥാവരജംഗമ സ്വത്തുക്കളില്‍ മാത്രം ഭാര്യയ്ക്ക് അവകാശം ഉറപ്പാക്കിക്കൊണ്ട് ഹിന്ദുവിവാഹ നിയമ ഭേദഗതി. സ്ത്രീവിരുദ്ധമാണ് ബില്‍ എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ ഭേദഗതി. ബില്ലിപ്പോള്‍ രാജ്യസഭയുടെ പരിഗണനയിലാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവാഹ നിയമ ബില്ലില്‍ പുതിയ ഭേദഗതി കൊണ്ടുവന്നത്.

ഒരിക്കല്‍ വിവാഹമോചനം അനുവദിച്ച് കഴിഞ്ഞാല്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായി സ്ത്രീയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ ഒരുഭാഗം ആവശ്യപ്പെട്ട് അപേക്ഷ നല്‍കാന്‍ കഴിയും. എന്നാല്‍ ഭര്‍ത്താവിന്റെ സ്ഥാവരജംഗമ സ്വത്തുക്കളില്‍ മാത്രമേ ഭര്‍ത്താവിന്റെ ഭാര്യയ്ക്കും കുഞ്ഞിനും അവകാശം ഉന്നയിക്കാന്‍ കഴിയൂ.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള വിവാഹമോചന ഹരജിയില്‍ ആറ് മാസത്തെ പുനര്‍ചിന്തന സമയം അനുവദിക്കുന്നത് തുടരാനും സര്‍ക്കാര്‍ തീരുമാനിച്ചു. പുനര്‍ചിന്തന സമയം ആവശ്യമില്ലെങ്കില്‍ ഇരുകക്ഷികളും ഒരുമിച്ച് അപേക്ഷ നല്‍കിയാല്‍ ആറ് മാസക്കാലയളവ് ഒഴിവാക്കാമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരാള്‍ മാത്രം അപേക്ഷ നല്‍കിയാല്‍ പുനര്‍ചിന്തന സമയം ഒഴിവാക്കാനാവില്ലെന്നും ഭേദഗതിയില്‍ പറയുന്നു.