അലഹബാദ്: അര്‍ബുദ ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവാരാജ് സിംഗിന് വേണ്ട സഹായങ്ങളൊക്കെ ചെയ്യാന്‍ തയ്യാറാണെന്ന് യോഗാചാര്യന്‍ ബാബ രാംദേവ്.

ആയുര്‍വേദ ചികിത്സയും യോഗയും വഴി യുവരാജിന്റെ അസുഖം മാറ്റിയെടുക്കാന്‍ കഴിയും. എന്റെ അറിവില്‍ എനിയ്ക്ക് ചെയ്യാന്‍ പറ്റുന്ന എന്തും യുവരാജിന് വേണ്ടി ചെയ്യും. അതില്‍ സന്തോഷം മാത്രമേ ഉള്ളു.

എന്റെ ചികിത്സയിലൂടെ അസുഖം ഭേദമായ നിരവധി  ആളുകള്‍ ഉണ്ട്. ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ യോഗാസനവും ആയുര്‍വേദ ചികിത്സയും വഴി മാറ്റിയെടുക്കാവുന്നതേയുള്ളു. ഇന്ത്യന്‍ ടീമിലെ മികച്ച താരമാണ് അദ്ദേഹം. അസുഖം മാറി അദ്ദേഹം ടീമിലേക്ക് തിരിച്ചുവരുമെന്നും രാംദേവ് അഭിപ്രായപ്പെട്ടു.

2011 ഒക്ടോബര്‍ മാസത്തിലാണ് യുവരാജിന് ട്യൂമര്‍ കണ്ടെത്തിയത്. ജനുവരി 26 നാണ് ചികിത്സക്കായി യുവരാജ് അമേരിക്കയിലേക്ക് പോയത്. ഇതേതുടര്‍ന്നാണ് ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ് പര്യടനങ്ങളില്‍ നിന്ന് യുവരാജ് വിട്ടു നിന്നത്.

ചികിത്സക്കായി അമേരിക്കയിലേക്ക് പോയ താരം ബോസ്റ്റണിലെ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ഇപ്പോള്‍ ഉള്ളത്. അവിടെ അദ്ദേഹം കീമോതെറാപ്പിക്ക് വിധേയനായതായി വാര്‍ത്തകള്‍ പറയുന്നു.

ആദ്യഘട്ടത്തില്‍തന്നെ രോഗബാധ കണ്ടെത്തിയതിനാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

Malayalam News

Kerala News In English