എഡിറ്റര്‍
എഡിറ്റര്‍
55ല്‍ ഏഴ് തിയ്യേറ്ററുകള്‍ക്ക് മാത്രം വൈഡ് റിലീസ്: സിനി എക്‌സിബിറ്റേഴ്‌സിന്റെ പ്രതിഷേധം ശക്തം
എഡിറ്റര്‍
Friday 18th May 2012 11:10am

കൊച്ചി: സര്‍ക്കാര്‍ തീരുമാനം മറികടന്ന് ഏഴ് തിയ്യേറ്ററുകള്‍ക്ക് മാത്രമായി വൈഡ് റീലീസ് അനുവദിക്കാന്‍ തിയ്യേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനം. 55 തിയേറ്ററുകള്‍ നവീകരിച്ചുവെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും എ.സിയുള്ള 7 തിയ്യേറ്ററുകള്‍ക്കാണ് റിലീസ് നല്‍കുന്നതെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പിന്തുണയോടെയാണ് പുതിയ റിലീസിംഗ് സെന്ററുകളുമായി ഫെഡറേഷന്‍ കരാര്‍ ഒപ്പിട്ടത്.

വടക്കാഞ്ചേരി താളം, ന്യൂരാഗം, തിരുവനന്തപുരം വെട്ടുറോഡിലുള്ള ഹരിശ്രീ, കഠിനംകുളം കാര്‍ത്തിക, വീട്രാക്ക്, കഴക്കൂട്ടം കൃഷ്ണ, തിരുവല്ല ചിലങ്ക, ഓയൂര്‍ എന്‍വിപി, കൂത്താട്ടുകുളം വി സിനിമാ എന്നീ തിയറ്ററുകളാണു റിലീസിംഗ് കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. ഇതില്‍ താളം, ന്യൂരാഗം, ഹരിശ്രീ, കാര്‍ത്തിക, വീട്രാക്ക്, കൃഷ്ണ എന്നിവയ്ക്കു മുഴുവന്‍ സമയ റിലീസിംഗിനും ചിലങ്ക, എന്‍വിപി, വിസിനിമ എന്നിവയ്ക്ക് ഫെസ്റ്റിവല്‍ റിലീസിംഗിനുമാണ് അനുമതി.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു തിയറ്ററുകള്‍ക്കു റിലീസിംഗ് അനുമതി നല്‍കിയതെന്നു കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാഗാ അപ്പച്ചന്‍ പറഞ്ഞു. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനെയാണ് വൈഡ് റിലീസിംഗ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

റിലീസിംഗ് തിയറ്ററുകള്‍ക്ക് അനുമതി നല്‍കിയതിനൊപ്പം വൈഡ് റിലീസിംഗ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു പുതിയ കരാര്‍ ഒപ്പുവച്ചു. മൂന്നു വര്‍ഷത്തേക്കാണു കരാര്‍ കാലാവധി. ഈ കാലയളവില്‍ പുതിയ റീലീസിംഗ് തിയറ്ററുകള്‍ അനുവദിക്കേണ്ടതില്ലെന്നാണു കരാറില്‍ പറഞ്ഞിട്ടുള്ളതെങ്കിലും പൂര്‍ണ യോഗ്യതയുണ്ടെന്നു കണ്ടെത്തുന്ന തിയറ്ററുകള്‍ക്കു റിലീസിംഗ് നല്‍കുന്ന കാര്യം ഉഭയകക്ഷികള്‍ ചേര്‍ന്നു ചര്‍ച്ചചെയ്തു തീരുമാനിക്കാമെന്നും വ്യക്തമാക്കുന്നുണ്ട്. സാഗാ അപ്പച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ പ്രസിഡന്റുമാര്‍ കരാറില്‍ ഒപ്പുവച്ചു.

അതേസമയം, റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ള 46 തിയറ്ററുകള്‍ക്കുകൂടി റിലീസിംഗ് അനുവദിക്കാത്തതിനെതിരേ കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. യോഗം തടസപ്പെടുത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നതിനാല്‍ രഹസ്യമായാണു സംഘടനകള്‍ ഇന്നലെ യോഗം ചേര്‍ന്നത്. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസിലായിരിക്കും യോഗം ചേരുന്നതെന്നറിഞ്ഞു രാവിലെതന്നെ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. എന്നാല്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വേദി ഹോട്ടല്‍ ട്രാവന്‍കൂര്‍ കോര്‍ട്ടിലേക്കു മാറ്റുകയായിരുന്നു.
ഫിലിം പ്രൊഡ്യൂസേഴ്‌സ്

Advertisement