അഹമ്മദാബാദ്: അഹമ്മദാബാദ് ഐ.ഐ.എം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ക്ലാസെടുക്കാന്‍ പുതിയ ഒരു അതിഥി എത്തി. മറ്റാരുമല്ല തമിഴ് സിനിമയിലെ സൂപ്പര്‍ താരവും കൊലവറി ഡി എന്ന ഒറ്റ പാട്ടിലൂടെതന്നെ തമിഴിലെ സൂപ്പര്‍ ഗായകന്‍ എന്ന സ്ഥാനവും പിടിച്ച ധനുഷാണ്.

ധനുഷും കൊലവറിയുടെ രചന നിര്‍വഹിച്ച അനിരുദ്ധും കൂടി ചേര്‍ന്നാണ് അഹമ്മദാബാദ് ഐ.ഐ.എമ്മില്‍ എത്തിയത്. സി.എഫ്.ഐ (കണ്‍ഡംപ്രറി ഫിലിം ഇന്‍ഡസ്ട്രി) കോഴ്‌സിന് പഠിക്കുന്ന 130 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ ക്ലാസ് എടുത്തത്.

ഒന്നര മണിക്കൂര്‍ നീണ്ട ക്ലാസില്‍ കൊലവറി ഡി എന്ന പാട്ട് എങ്ങനെ ഉണ്ടായെന്നും അത് ഇത്രയും ശ്രദ്ധിക്കപ്പെടാനുണ്ടായ കാരണവുമാണ് പ്രതിപാദിച്ചത്. സി.എഫ്.ഐ കോഴ്‌സിന്റെ കോ ഓഡിനേറ്റര്‍ ആയ ഭരതന്‍ കന്തസ്വാമിയും ധനുഷിന്റെ ക്ലാസിലിരുന്നു. മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെ കുറിച്ചും ഇത്തരം പാട്ടുകളുടെ വിജയത്തിന് സോഷ്യല്‍ മീഡിയകള്‍ സഹായകമാകുന്നതിനെ കുറിച്ചും ക്ലാസില്‍ വ്യക്തമാക്കി.

‘ഇന്നത്തെക്കാലത്ത് എന്തെങ്കിലും വ്യത്യസ്തയുള്ള കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പെട്ടന്ന് തന്നെ കൈമാറ്റം ചെയ്യപ്പെടും. അതിനായി ഇന്ന് നിരവധി ടെക്‌നോളജികളും സൈറ്റുകളും ഉണ്ട്. ഇത് തന്നെയാണ് മാര്‍ക്കറ്റിംഗ് തന്ത്രവും.

എനിയ്ക്ക് ഇംഗ്ലീഷ് നന്നായി അറിയില്ല. പക്ഷേ അക്കാര്യം വെളിപ്പെടുത്തുന്നതില്‍ എനിയ്ക്ക് നാണക്കേടില്ല. കാരണം.ഞാന്‍ ജനിച്ചത് ബ്രിട്ടനില്‍ അല്ല. ഇന്ത്യാരാജ്യത്താണ്.’ ധനുഷ് വ്യക്തമാക്കി.

വൈറല്‍ മാര്‍ക്കറ്റിംഗിന്റെ ക്ലാസിക്കല്‍ ഉദാഹരണമായാണ് ഐ.ഐ.എമ്മിലെ വിദ്യാര്‍ത്ഥികള്‍ കൊലവറി ഡി എന്ന പാട്ടിനെ കാണുന്നത്. കൊലവറി ഡി എന്ന പാട്ട് ക്ലാസില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ധനുഷ് ക്ലാസ് എടുത്തത്.

അതിലെ ഒരോ രംഗങ്ങളും മാര്‍ക്കറ്റിംഗിന് സഹായിക്കുന്ന വിധത്തിലുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വളരെ നിസ്സാരമായ വരികളും വാക്കുകളുമാണ് കൊലവറിയില്‍ ഉപയോഗിച്ചത്. ആളുകള്‍ക്ക് മൂളി നടക്കാന്‍ ഇഷ്ടപ്പെടുന്ന രീതിയും അതിന്റെ പ്രിയം വര്‍ദ്ധിപ്പച്ചു. നല്ല മാര്‍ക്കറ്റിംഗ് തന്ത്രത്തിന് ഉത്തമ ഉദാഹരണമാണ് കൊലവറി ഡി എന്ന പാട്ടെന്നും ധനുഷ് വ്യക്തമാക്കി.
Malayalam News

Kerala News In English