എഡിറ്റര്‍
എഡിറ്റര്‍
ടി.പിയുടെ വധത്തിന് പിന്നില്‍ സി.പി.ഐ.എമ്മല്ലെന്ന് പറഞ്ഞത് ജില്ലാ സെക്രട്ടറിയെ ഉദ്ധരിച്ച്: വി.എസ്
എഡിറ്റര്‍
Monday 7th May 2012 5:27pm

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് താന്‍ പറഞ്ഞത് ജില്ലാ സെക്രട്ടറി ടി. പി രാമകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ചാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. കൊലപാതകം നടത്തിയത് ആരായാലും അവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും വി.എസ് പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന സംശയം ഉയരുന്നുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്നും വി.എസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ഏകപക്ഷീയവും കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അവഗണിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ ജലവിഭവമന്ത്രി എന്‍.കെ. പ്രേമചന്ദ്രനുമൊത്താണ് വി.എസ് വാര്‍ത്താസമ്മേളനം നടത്തിയത്. കേരള സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് റിപ്പോര്‍ട്ടിനെ ദുര്‍ബലപ്പെടുത്തിയത്. കെ.ടി. തോമസിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം. റിപ്പോര്‍ട്ട് ലഭിക്കും മുന്‍പുതന്നെ കേന്ദ്രമന്ത്രി ചിദംബരം റിപ്പോര്‍ട്ട് തമിഴ്‌നാടിന് അനുകൂലമാണെന്ന് പറഞ്ഞിരുന്നു. തമിഴ്‌നാടിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വഴങ്ങുകയായിരുന്നുവെന്നും വി.എസ് ആരോപിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയുമെന്ന കാര്യം സി.പി.ഐ.എം കേന്ദ്രനേതൃത്വവും അംഗീകരിച്ചിട്ടുള്ളതാണെന്നും ആ നിലപാട് തന്നെയാണ് ഇപ്പോഴുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam News

Kerala News in English

Advertisement