justice vr krishnaiyerബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക്,
കേരള സംസ്ഥാനം ഒരു വന്‍ ദുരന്തത്തിന് ഇരയാകാന്‍ പോകുകയാണ് എന്ന കാര്യം വലിയ ഹൃദയ വ്യഥയോടെയും അങ്കലാപ്പോടെയും അങ്ങയെ അറിയിക്കട്ടെ. 17-47 ദേശീയപാതകളുടെ വികസനം എന്ന പേരിലാണ് ഈ ദുരന്തം അരങ്ങേറാന്‍ പോകുന്നത്.

45 മീറ്റര്‍ വീതിയില്‍ ബി ഒ ടി വ്യവസ്ഥയില്‍ ഇന്നുള്ള പൊതുവഴിയുടെ സ്ഥാനത്ത് സ്വകാര്യ ഉടമസ്ഥതയില്‍ പാത നിര്‍മ്മിക്കുന്ന കാര്യത്തെയാണ് റോഡ് വികസനം എന്ന കപടപ്രചാരണത്തോടെ അധികാരികള്‍ അവതരിപ്പിക്കുന്നത്. ജനങ്ങളുടെ വന്‍ എതിര്‍പ്പുകളെ അവഗണിച്ച് കൊണ്ടും ബലപ്രയോഗത്തിലൂടെ ഭീതി വിതച്ച് കൊണ്ടും സര്‍ക്കാര്‍ അതിനായുള്ള നടപടികള്‍ മുന്നോട്ട് നീക്കിക്കൊണ്ടിരിക്കയാണ്.

ലോകം കണ്ട വമ്പന്‍ കൂട്ട കുടിയൊഴിപ്പിക്കലുകളിലൊന്നായിരിക്കും ഇനി കേരളത്തില്‍ നടക്കാന്‍ പോകുന്നത്. 24 ലക്ഷം ജനങ്ങളാണ് അവരുടെ ജീവനോപാധികളില്‍ നിന്നും ആവാസ വ്യവസ്ഥയില്‍ നിന്നും നേരിട്ടും പരോക്ഷമായും കുടിയിറക്കപ്പെടാന്‍ പോകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈവേ വികസനത്തിനുള്ള മുപ്പത് മീറ്റര്‍ സ്ഥലമെടുപ്പില്‍ എല്ലാം പൊളിച്ച് മാറ്റിക്കൊടുത്തവരാണ് ഇവരിലേറെയും. അവശേഷിച്ച സ്ഥലത്ത് വീണ്ടും വീടും ജീവിതവും പണിതവര്‍ . അവരെ ഇപ്പോള്‍ വീണ്ടും ചവിട്ടിപ്പുറത്താക്കിയിരിക്കുകയാണ്. എന്നു മാത്രമല്ല, 90 മീറ്റര്‍ വീതിയില്‍ ഫ്രീസിങ് പ്രഖ്യാപിച്ച് കൊണ്ട് ഹൈവേ സൈഡില്‍ ജീവിക്കുന്നവരുടെ സര്‍വ്വമാന ജീവിത വ്യാപാരങ്ങളും സ്തംഭിപ്പിച്ചിരിക്കയാണ്. കേരളത്തിലെ സാമൂഹ്യ ജീവിതത്തില്‍ പാതയോരങ്ങള്‍ക്കുള്ള പങ്ക് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ലക്ഷക്കണക്കിനാള്‍ക്കാര്‍ക്ക് പാതയോരമാണ് അവരുടെ ഉപജീവന മേഖല. അവരുടെ ജീവിതമാണ് വഴിമുട്ടുന്നത്. ഇത് അന്യായമാണ്. മനുഷ്യത്വരഹിതമാണ്. ഒരു രീതിയിലുള്ള വികസന സങ്കല്‍പത്തിനും ഇതിനെ ന്യായീകരിക്കാനാവില്ല.

രണ്ടാമതായി, കേരളത്തെപ്പോലെ വന്‍ ജനസാന്ദ്രതയുള്ള മേഖലകള്‍ക്കു പറ്റിയ വികസന പദ്ധതിയല്ല ഇപ്പോള്‍ അടിച്ചേര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. 30 മീറ്റര്‍ വീതിയില്‍ നാലുവരിയോ ആറുവരിയോ ഭംഗിയായി പണിയാന്‍ കഴിയും. എന്‍ എച് 17ന്റെ ഗോവയിലൂടെ കടന്നു പോകുന്ന ഭാഗം 30 മീറ്റര്‍ വീതിയില്‍ പണിയുവാനാണ് ഇതിനോടകം തീരുമാനമെടുത്തിരിക്കുന്നത്. കേരളത്തില്‍ തന്നെ എന്‍ എച്ച് 47 ചേര്‍ത്തല മുതല്‍ അങ്കമാലി വരെയുള്ള ഭാഗത്ത് നാലുവരിപ്പാത എത്ര ഭംഗിയായി പ്രവര്‍ത്തിച്ചു വരുന്നു. ഈ മാതൃക കേരളത്തിലുടനീളം സ്വീകരിച്ച് കൂടെ?.

എന്നാല്‍ കാര്യമിതല്ല. ഇപ്പോള്‍ പണിയുവാന്‍ പോകുന്ന പുതിയ ദേശീയപാത പൊതുവഴിയല്ല. മൂന്നുകോടിയില്‍പരം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ കൊച്ചു കേരളത്തിലെ പ്രധാനപാതകളെല്ലാം സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയിലാക്കി അതിലൂടെ യാത്ര ചെയ്യാന്‍ സാധാരണ പൗരന് ചുങ്കം കൊടുക്കേണ്ട ഗതികേടിന് വികസനമെന്ന് പറയാനാകുമോ?. ഈ വികസനത്തിലൂടെ കേരളീയര്‍ക്ക് അവരുടെ പൊതുവഴി നഷ്ടപ്പെടുകയാണ്. പിന്നെ ജനങ്ങള്‍ക്കവകാശപ്പെട്ട ജനങ്ങളുടെ വഴിയില്ല. ഇതു പുരോഗതിയാണോ?. അതിനാല്‍ കൂട്ടക്കുടിയൊഴിപ്പിക്കല്‍ എന്ന ദുരന്തം മാത്രമല്ല, സാധാരണക്കാരന് സ്വന്തം വഴിയില്ലാതാകുന്നു എന്ന വന്‍ ദുരന്തം കൂടി ഈ നടപടിയിലൂടെ സംഭവിക്കും.

ഈ പുത്തന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുള്ള നേട്ടമാര്‍ക്കാണ്?. പുതിയ റോഡ് വ്യവസായത്തില്‍ പണം നിക്ഷേപിക്കുന്ന വമ്പന്‍ മുതലാളിമാര്‍ , തടസങ്ങളില്ലാതെ അതിവേഗതയില്‍ ഈ പാതയിലൂടെ യാത്രചെയ്യാനാകുന്ന പുതുതലമുറ വാഹനങ്ങളുടെ ഉടമസ്ഥര്‍ , ചരക്കു വ്യവസായത്തെ നിയന്ത്രിക്കുന്ന വന്‍ വ്യവസായ ഭീമന്‍മാര്‍ . പുതുപാതയോടൊപ്പം വരുന്ന വന്‍ വ്യാപാര സമുച്ഛയങ്ങളുടെയും വിനോദ കേന്ദ്രങ്ങളുടെയും ഉടമസ്ഥര്‍ , ഇവരോടൊപ്പമെല്ലാം അടുത്ത് കൂടി കമ്മിഷന്‍ പറ്റി പണമുണ്ടാക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും- ഇങ്ങിനെയുള്ളവരാണ് ഇതിന്റെ ഗുണഭോക്താക്കള്‍ .

സാധാരണക്കാരനോ?. ഈ പുതുപാത നോക്കി നില്‍ഡക്കുവാനേ കഴിയുകയുള്ളൂ. പാതക്കിരുവശവുമുള്ള പരസ്പര ബന്ധം പോലും ഇല്ലാതാക്കുന്ന ഈ പാത വലിയ സാമൂഹിക പ്രതിബന്ധങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. കേരളത്തിലെ സാധാരണക്കാരന്റെ ജീവതത്തെ അത് പിടിച്ചുലക്കും.

ചുരുക്കത്തില്‍ കേരളത്തിന് ഒരു രീതിയിലും അുയോജ്യമല്ല ഈ പാത. ബി ഒ ടി വികസനമല്ല, കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വിധ്വസംനമാണ്.

അതിനാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അവരുടെ സംയുക്ത സംരംഭമായ ഈ വലിയ ജനദ്രോഹ പ്രവൃത്തിയില്‍ നിന്നും പിന്‍തിരിയണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകളും ബി ഒ ടിക്ക് വേണ്ടി ഏര്‍പ്പെട്ടിട്ടുള്ള കരാറുകളും ഉള്‍പ്പെടെ ഈ ദിശയില്‍ സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്ന എല്ലാ നടപടികളും നിര്‍ത്തിവെക്കണമെന്ന ഞങ്ങള്‍ ആവശ്യപ്പെടുന്നു.

അതോടൊപ്പം ദേശീയപാത വികസനം അടിയന്തിരമായി പ്രാധാന്യമര്‍ഹിക്കുന്നു എന്ന കാര്യം ഞങ്ങള്‍ അംഗീകരിക്കുന്നു. അതിനായി ഇതിനകം തന്നെ ഏറ്റെടുത്തിട്ടിരിക്കുന്ന 30 മീറ്റര്‍ വീതിയിലുള്ള സ്ഥലത്ത് സര്‍ക്കാറിന്റെ തന്നെ ഉടമസ്ഥതയില്‍ , നാഷണല്‍ ഹൈവേ അതോറിറ്റിയുടെയും അഖിലേന്ത്യ റോഡ് കോണ്‍ഗ്രസിന്റെയും മാനദണ്ഡമുപയോഗിച്ച് തന്നെയുള്ള നാലുവരിപ്പാതെയോ ആറുവരിപ്പാതെയോ പണിയണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. അതിനായി മുപ്പത് മീറ്റര്‍ വീതിയില്‍ ഇനിയും സ്ഥമേറ്റെടുക്കേണ്ടി വരുന്ന സ്ഥലങ്ങളില്‍ കുടിയൊഴിഞ്ഞു പോകേണ്ടി വരുന്നവര്‍ക്ക് മുന്‍കൂര്‍ പുനരധിവാസവും മതിയായ നഷ്ടപരിഹാരവും നല്‍കേണ്ടത് തികച്ചും ന്യായം മാത്രമാണെന്ന കാര്യവും ഞങ്ങള്‍ ഓര്‍മ്മിപ്പിക്കട്ടെ.