ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരം വീരാട് കോഹ് ലിയുടെ ആഹ്ലാദ പ്രകടനം സ്‌കൂള്‍ കുട്ടിയുടേത് പോലെയാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍.
ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന നാലാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയതിനു ശേഷം കോഹ് ലി നടത്തിയ ആഹ്ലാദപ്രകടനം തരം താഴ്ന്നതായിപ്പോയി. അത്രയും വികാരപ്രകടനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല.
ഇത്രയും സന്തോഷം ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രകടിപ്പിക്കേണ്ട കാര്യമില്ല. വിരാട് കോഹ്‌ലി മാത്രമല്ല, ഇത്തരത്തില്‍ വികാര പ്രകടനം നടത്തുന്ന വേറെയും താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്.
ഒരു വിക്കറ്റ് എടുത്താലോ സെഞ്ച്വറി അടിച്ചാലോ ഒരു ചിരിക്കപ്പുറം ആഹ്ലാദപ്രകടനം പാടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടിയാണ് കളിക്കുന്നതെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണം. അല്ലാതെ ഒരു സ്‌കൂള്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന നിലവാരം കാണിച്ചാല്‍ പോര.
ഇന്ത്യന്‍ ടീമിലെ മിക്കവരുടേയും ആഹ്ലാദപ്രകടനം സ്‌കൂള്‍ കുട്ടികളെ പോലെയാണ്. ഇത് വളരെ മോശമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും ദ്രാവിഡും ലക്ഷ്മണും എല്ലാം ഒരു സെഞ്ച്വറി അടിച്ചു കഴിഞ്ഞാല്‍ അവരുടെ ബാറ്റ് ഉയര്‍ത്തിക്കാണിച്ച് ആഹ്ലാദം പങ്കുവെയ്ക്കുന്നു. അതിലപ്പുറം ഒരു കോപ്രായങ്ങളും അവര്‍ കാണിക്കാറില്ല.
ഇത് യുവതാരങ്ങള്‍ കണ്ടുപിടിക്കണം. ഇന്ത്യന്‍ ടീമിലെ പുതുമുഖ താരമായ വൃധിമാന്‍ സാഹയെ അഭിനന്ദിക്കാനും ഗവാസ്‌ക്കര്‍ മറന്നില്ല. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് സാഹ കാഴ്ച വെച്ചത്. അദ്ദേഹം യാതൊരു സമ്മര്‍ദ്ദവും കൂടാതെയാണ് കളിച്ചത്. ടെസ്റ്റ് ടീമില്‍ സാഹ ഒരു മുതല്‍ക്കൂട്ടാവുമെന്നാണ് തോന്നുന്നത്.
ധോണി ടെസ്റ്റ് ടീമില്‍ തിരിച്ചെത്തയാല്‍ സാഹയ്ക്ക് പുറത്തിരിക്കേണ്ടി വരും അത് ഇന്ത്യന്‍ ടീമിന് ദോഷം ചെയ്യും. സാഹയെ ടീം ഉപയോഗപ്പെടുത്തണം
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍ മാര്‍ കുറച്ചുകൂടി ഗൗരവമായി കളിക്കേണ്ടതുണ്ടെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
