സിനിമകളിലെയും ടെലിവിഷന്‍ പരിപാടികളിലെയും അക്രമദൃശ്യങ്ങള്‍ യുവമനസ്സുകളെ പെട്ടെന്ന് സ്വാധീനിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തരം ദൃശ്യങ്ങള്‍ തലച്ചോറിന്റെ ചില ഭാഗങ്ങളെ പെട്ടെന്ന് ആകര്‍ഷിക്കും. അക്രമസ്വഭാവത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തെയാണ് ഈ ദൃശ്യങ്ങള്‍ സ്വാധീനിക്കുന്നത്.

ഇത്തരം യുവാക്കള്‍ കൂടുതല്‍ അക്രമമനോഭാവമുള്ളവരാകാന്‍ ഇടയുണ്ട്. അക്രമദൃശ്യങ്ങള്‍ക്ക് മനസ്സിനെ അക്രമാസക്തമാക്കുമെന്ന നേരത്തെ ചില പഠനങ്ങള്‍ തെളിയിച്ചിരുന്നു. എന്നാല്‍ എങ്ങനെയാണ് ഇത് തലച്ചോറില്‍ മാറ്റം ഉണ്ടാക്കുന്നത് എന്നതിനെ കുറിച്ച് വിശദീകരണം നല്‍കാന്‍ ഇവര്‍ക്കായിട്ടില്ല.

14 മുതല്‍ 17 വരെ പ്രായമുള്ള 22 ആണ്‍കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങള്‍ തെളിയിക്കപ്പെട്ടത്. ഇവര്‍ക്ക് നാല് സെക്കന്റ് നീളമുള്ള അക്രമദൃങ്ങളുടെ സീരീസ് കാണിച്ചു. ഓരോ ക്ലിപ്പിലും കുട്ടികള്‍ കണ്ട അക്രമദൃശ്യങ്ങളെ വിലയിരുത്തി. അടിസ്ഥാനപരമായി, അവരുടെ വിയര്‍പ്പിന്റെ അളവ് രേഖപ്പെടുത്തി. സാധാരണയായി വൈകാരികമായ ദൃശ്യങ്ങള്‍ക്കെതിരെ വിയര്‍പ്പിലൂടെ നമ്മുടെ ശരീരം പ്രതികരിക്കും. കൂടാതെ ഈ കൂട്ടികളിലെ രക്തചംക്രമണ റിപ്പോര്‍ട്ട് സ്‌കാന്‍ ചെയ്‌തെടുത്തു.

രക്തം ഒരുപാട് പ്രവഹിക്കുന്ന ഭാഗങ്ങള്‍ കൂടുതല്‍ ആക്ടീവ് ആകും. തലച്ചോറിന്റെ മുന്‍ ഭാഗത്താണ് കൂടുതല്‍ രക്തം പ്രവഹിച്ചത്. അവിടെ അക്രമസ്വഭാവത്തിന്റെ നിയന്ത്രിക്കല്‍ കുറഞ്ഞതായി കണ്ടെത്തി. അക്രമദൃശ്യങ്ങള്‍ക്ക് തലച്ചോറിനെ സ്വാധീനിക്കാന്‍ കഴിയുമെന്നിതു തെളിയിക്കുന്നു.