തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്രഥമ നൂറനാട് ഹനീഫ് സ്മാരക പുരസ്‌കാരം യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ വി.എം ദേവദാസിന്. അദ്ദേഹത്തിന്റെ ‘പന്നിവേട്ട’ എന്ന നോവലിനാണ് പുരസ്‌കാരം. 12,221 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

മലയാളത്തിലെ പുതുതലമുറയില്‍പെട്ട എഴുത്തുകാരില്‍ ശ്രദ്ധേയനായ വി.എം ദേവദാസിന്റെ ആദ്യനോവല്‍ ‘ഡില്‍ഡോ’- ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പന്നിവേട്ടയ്ക്ക് മനോരമ ഓണ്‍ലൈന്‍ നോവല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചന്ദ്രിക പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ചെറുകഥാമത്സരത്തില്‍ ഇദ്ദേഹത്തിന്റെ തിബത്ത് എന്ന ചെറുകഥ ഒന്നാം സമ്മാനം നേടിയിരുന്നു.

അവിവാഹിതനായ ദേവദാസ് ചെന്നൈയിലെ ഐ.ടി ജീവനക്കാരനാണ്.

ആലപ്പുഴ ജില്ലയിലെ നൂറനാടിന് സമീപം ആദിക്കാട്ടുകുളങ്ങര വെട്ടോത്ത് വീട്ടില്‍ ജനിച്ച് നൂറനാട് ഹനീഫ് അധ്യാപകനായും അധ്യാപകസംഘടനാ നേതാവായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരുപത്തഞ്ച് നോവലുകള്‍ ഉള്‍പ്പടെ മുപ്പത്തിമൂന്ന് കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 20th സെഞ്ച്വറി ലിറ്റററി അവാര്‍ഡ് (ഇംഗ്ലണ്ട്), കൗമുദി റീഡേഴ്‌സ് ക്ലബ് അവാര്‍ഡ്, ഗ്രാമശ്രീ അവാര്‍ഡ് എന്ന്ീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ആഗസ്ത് 5 ന് കൊല്ലത്തുവെച്ച് നടക്കുന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി കുറുപ്പ് സമ്മാനിക്കും.