വാഷിങ്ടണ്‍: അമേരിക്കയിലെ ഇറാനിയന്‍ ബാങ്കുകള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ആണവനയത്തില്‍ ലോകരാജ്യങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിന്റെ പേരിലാണ് ഇറാനെതിരെ ഉപരോധം ശക്തമാക്കാന്‍ അമേരിക്ക തീരുമാനിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയാണ് ഇറാന് സാമ്പത്തിക ഉപരോധംഏര്‍പ്പെടുത്തിയതായി ഉത്തരവിട്ടത്. സെന്‍ട്രല്‍ ബാങ്കുകള്‍വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഇനി മുതല്‍ ഇറാന് സെന്‍ട്രല്‍ ബാങ്കില്‍ നിന്നു നിക്ഷേപങ്ങള്‍ പിന്‍വലിക്കാനോ, കൈമാറ്റം ചെയ്യാനോ മറ്റു സാമ്പത്തിക ഇടപാടുകള്‍ നടത്താനോ കഴിയില്ല.

ഇറാന്‍ ആണവായുധങ്ങള്‍ വാങ്ങരുതെന്ന് അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളെല്ലാം അഭ്യര്‍ത്ഥിച്ചിട്ടും  അത് അവസാനിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അമേരിക്കയുടെ ഈ നടപടി.ഇറാന് ആണവായുധങ്ങള്‍ വാങ്ങിക്കൂട്ടാനായി അമേരിക്കയിലെ അവരുടെ ബാങ്കുകളെ ആശ്രയിക്കേണ്ടൈന്നും അതിന് അനുവദിക്കില്ലെന്നും ഒബാമ വ്യക്തമാക്കി.

ഇറാനില്‍ നിന്നുള്ള സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അവരുടെ എല്ലാ അക്കൗണ്ടുകളും അമേരിക്ക മരവിപ്പിച്ചിട്ടുണ്ട്. ഇറാനിലെ മൂന്നാമത്തെ വലിയ ബാങ്കായ തെജരാത്തിനെയും അനുബന്ധ ധനകാര്യസ്ഥാപനമായ ട്രേഡ് കാപ്പിറ്റല്‍ ബാങ്കിനെയും അമേരിക്ക വിലക്കിയിരുന്നു.ഇറാന്റെ ആണവനയങ്ങള്‍ക്ക് അമേരിക്കയും കൂട്ടുനില്‍ക്കുന്നു എന്ന ആരോപണം വന്നതിനെ തുടര്‍ന്നായിരുന്നു അന്നത്തെ  നടപടി.

ഇറാനിയന്‍ സാമ്പത്തിക സ്രോതസ്സുകളില്‍ പ്രധാനപ്പെട്ട അമേരിക്കന്‍ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അവരെ എങ്ങനെ ബാധിക്കുമെന്ന് പറയാറായിട്ടില്ല. എങ്കിലും അമേരിക്കയുടെ ഉപരോധം ഇറാന് തിരച്ചടിയാകുമെന്നതില്‍ സംശയമില്ല.

ആണവനയത്തിലൂടെ ആയുധങ്ങള്‍ നിര്‍മിക്കുകയാണ് ഇറാന്റെ ഉദ്ദേശ്യമെന്നും ഒബാമ ആരോപിച്ചു. എന്നാല്‍ സമാധാനാവശ്യങ്ങള്‍ക്കായാണ് ആണവ പദ്ധതിയെന്നാണ് ഇറാന്റെ വിശദീകരണം.

ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതിയ്ക്കും അമേരിക്ക കഴിഞ്ഞ ദിവസം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്‍പുള്ള ഈ പ്രഖ്യാപനം ഒബാമയുടെ ഗവണ്‍മെന്റിനെ എങ്ങനെ ബാധിക്കുമെന്ന് താമസിയാതെ അറിയാം.

Malayalam News

Kerala News In English