ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടില്‍ മുന്‍ ടെലികോംമന്ത്രി എ. രാജ നല്‍കിയ 2ജി ലൈസെന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര ടെലികോംമന്ത്രി കപില്‍ സിബല്‍. സുപ്രീംകോടതിയുടെ വിധിയിലുള്ള യു.പി.എയുടെ പ്രതികരണമറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ വ്യക്തത ഉണ്ടായതില്‍ സന്തോഷമുണ്ട്. കോടതി വിധി സര്‍ക്കാരിന് എതിരല്ല. തങ്ങള്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ നയം പിന്തുടരുക മാത്രമാണ് ചെയ്തത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നയം തെറ്റായിപ്പോയെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. എന്‍.ഡി.എ സര്‍ക്കാരാണ് ഈ നയം ആവിഷ്‌കരിച്ചത്. ഇടപാടില്‍ പ്രധാനമന്ത്രിക്കോ ധനമന്ത്രി ചിദംബരത്തിനോ യാതൊരു ഉത്തരവാദിത്വമില്ലെന്നും കപില്‍ ന്യായീകരിച്ചു.

ബി.ജെ.പി സര്‍ക്കാരും 2ജി സ്‌പെക്ട്രം വിതരണ സമയത്ത് ടെലികോം മന്ത്രിയായിരുന്ന എ.രാജയുമാണ് ഇതിന് ഉത്തരവാദികളെന്നും കപില്‍ സിബല്‍ ആരോപിച്ചു. ഇനി ട്രായുടെ നിര്‍ദേശങ്ങള്‍ക്കാനുസരിച്ചായിരിക്കും പ്രവര്‍ത്തനം. ഇതിനായി പുതിയ ടെലികോം നയം ട്രായിയോട് ആവശ്യപ്പെടുമെന്നും കപില്‍ അറിയിച്ചു.

സുപ്രീംകോടതിയുടെ നിര്‍ണ്ണായകമായ വിധി വന്ന ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കപില്‍ സിബല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. വിധി ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി. നാരായണ സ്വാമിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഇതിനു ശേഷമായിരുന്നു കപില്‍ സിബലിന്റെ വാര്‍ത്താ സമ്മേളനം.

2ജി സ്‌പെക്ട്രം അഴിമതിക്കേസിന്മേലുള്ള സുപ്രീംകോടതിയുടെ വിധി സര്‍ക്കാര്‍ പരിശോധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞു. കസ്റ്റംസ് വകുപ്പ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. കോടതി വിധിയും അത് നടപ്പാക്കുന്നതും സര്‍ക്കാര്‍ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടു ജി സ്‌പെക്ട്രം വിതരണം റദ്ദാക്കിയ സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് ബി.ജെ.പി പ്രതികരിച്ചു. കോടതി വിധി സ്വാഗതം ചെയ്യുന്നതായും മുതിര്‍ന്ന ബി.ജെ.പി നേതാവ് ബല്‍ബീര്‍ പുഞ്ച് അറിയിച്ചു. ചിദംബരത്തിനെതിരായ അന്വേഷണം വിചാരണക്കോടതിയുടെ തീരുമാനത്തിന് വിട്ട സാഹചര്യത്തില്‍ അദ്ദേഹം രാജിവെയ്ക്കണമെന്നും ബല്‍ബീര്‍ പുഞ്ച് ആവശ്യപ്പെട്ടു.

സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് രാജ്യത്തോട് മറുപടി പറയണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. 2ജി ലൈസന്‍സ് റദ്ദാക്കാന്‍ വിസമ്മതിക്കുകയും സ്‌പെക്ട്രം വിതരണം സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്ന് പറയുകയും ചെയ്ത സിബല്‍ രാജിവെയ്ക്കണമെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

2ജി: രാജ നല്‍കിയ ലൈസെന്‍‍സുകള്‍ റദ്ദാക്കി

Malayalam News
Kerala News in English