കണ്ണൂര്‍: യു.ഡി.എഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥി കെ.എം ഷാജിക്കു വധഭീഷണി. തുടര്‍ന്ന് ഷാജിയുടെ ഗണ്‍മാന്‍ ആഭ്യന്തരവകുപ്പിനു പരാതി നല്‍കി. ഒരാഴ്ചയോളം തുടര്‍ച്ചയായി ഭീഷണി സന്ദേശമെത്തുന്നുണ്ടെന്നാണ് പരാതി. ഫോണ്‍ വിളികളുടെ ഉറവിടം അന്വേഷിക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് ദെബേഷ് കുമാര്‍ ബഹ്‌റ പോലീസ് സൈബര്‍സെല്ലിനു നിര്‍ദേശം നല്‍കി.

സ്ഥിരമായി ഒരാളാണ് ഷാജിയുടെ ഫോണില്‍ വിളിച്ച് ഭീഷണിമുഴക്കുന്നതെന്നാണ് പരാതി. ഷാജി സഞ്ചരിക്കുന്ന വാഹനനമ്പര്‍ സഹിതം പറഞ്ഞാണ് വിളിക്കുന്നത്. കാര്‍ തകര്‍ക്കും, തട്ടിക്കളയും തുടങ്ങിയ ഭീഷണികളാണ് ലഭിക്കുന്നത്. അഴീക്കോട് വിജയിച്ചാല്‍ ആഘോഷിക്കാന്‍ നീ ഉണ്ടാവില്ലെന്നും ഭീഷണിയുണ്ട്.

ഗള്‍ഫില്‍നിന്നാണ് വിളികള്‍ വരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട. മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ കെ.എം ഷാജി പാര്‍ട്ടിയിലെ തീപ്പൊരി പ്രാസംഗികനാണ്. മത വര്‍ഗ്ഗീയ വാദികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നേരത്തെയും ഭീഷണിയുണ്ടായിരുന്നു. ഷാജിയുടെ വിലാസത്തില്‍ ഊമക്കത്തുകളും ലഭിക്കാറുണ്ടായിരുന്നു.