സോനു
എഴുത്തും വായനയും നഷ്ടപ്പെട്ട് ഇ- ജീവികളായി നമ്മള്‍ മാറിക്കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാനകാലത്താണോ വെബ് പോര്‍ട്ടലുകള്‍ കടലാസുകളായതെന്നറിയില്ല. ഞാനുമൊരു കോളമെഴുത്തുകാരിയാവുന്നു. doolnews.com ല്‍. കോളം എന്ന ആശയവും അതിന്‍റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടികളുമൊക്കെ എന്‍റെ സുഹൃത്തിന്‍റേതാണ്.
നീയെഴുത്, നീ വരക്ക്, നിനക്കിനിയും സാധിക്കുമെന്നൊക്ക എന്നെ ശാസിച്ചുകൊണ്ടിരിക്കുന്ന പ്രിയ സുഹൃത്തിന് നന്ദി. എല്ലാം ചിപ്പിക്കുള്ളിലാക്കി കടലിലേക്കു തന്നെ മടങ്ങിയ ഞാനങ്ങിനെ വീണ്ടും മുത്തുണ്ടാക്കാന്‍ പോകുന്നു. അതില്‍ സന്തോഷിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും മുന്നില്‍ കൈകൂപ്പിയോടെ തുടങ്ങി വയ്ക്കട്ടെ.
തൃക്കണ്ണാപുരം പി ഒ
എന്താണിത്. ഒരു കത്താണ്, ഇപ്പോഴും മഴയും മിന്നാമിന്നിയും വളപ്പൊട്ടും മയില്‍പ്പീലിതുണ്ടും മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു ഇരട്ട വ്യക്തിത്വത്തിന്‍റെ ചാപല്യങ്ങള്‍, നാട്ടു വര്‍ത്തമാനങ്ങള്‍, കൊഞ്ചലുകള്‍ ഏങ്ങലുകള്‍, പരിഭവങ്ങള്‍, അങ്ങിനെയെല്ലാം…
ഒരു കത്താണ്, ഇപ്പോഴും മഴയും മിന്നാമിന്നിയും വളപ്പൊട്ടും മയില്‍പ്പീലിതുണ്ടും മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു ഇരട്ട വ്യക്തിത്വത്തിന്‍റെ ചാപല്യങ്ങള്
എന്തിനാണിത്: നല്ല മഴയുള്ള വൈകുന്നേരങ്ങള്‍ എനിക്കു നല്‍കിയത് തണുത്ത കാല്‍പ്പാദങ്ങളെയും കൈവിരലുകളെയും നിറയെ മരങ്ങളുള്ള, കീരിയും പൂത്താങ്കിരിയും കാട്ടുകോഴിയും ഉടുമ്പുമുള്ള മുറ്റം നിറയെ പാമ്പുള്ള, കാണാദൂരത്തോളം ഒഴിഞ്ഞ പറമ്പുള്ള വലിയ തറവാട്ടു വീടുകളിലൊന്നിലാണ് ഇത്തവണത്തെ മഴക്കാലത്ത് ഞാന്‍. തൃക്കണാപുരത്തുനിന്നുളള കത്തുകള്‍…അതേറ്റുവാങ്ങാന്‍ കടലിനക്കരെ ദീപുവും.
എന്റെ മുറിയുടെ കിഴക്കേ ചായ്പ്പിലെ തുറന്നകാഴ്ച്ച കാവിലേക്കാണ്. വീടുളള പറമ്പിന്റെ കൊള്ള് കയറിയാല്‍ കാവായി… കൊള്ളിന്റെ ഇറക്കത്തില്‍ മുഴുവന്‍ വെള്ളത്തണ്ടിന്റെ അതിരാണ്. കൊള്ള് നിറയെ പച്ചകുത്ത് ചെടിയും മഷിത്തണ്ടും പിന്നെ പേരറിയാത്ത ആ ചെടിയും… അതിന്‍റെ അറ്റത്തുനിന്ന് പിടിച്ച് മേല്പ്പോട്ട് വലിച്ച് പച്ചറോസുണ്ടാക്കുന്നതോര്മ്മയുണ്ടോ.
തണുപ്പുളള മാസങ്ങളില്‍ ഞാനിപ്പോഴും പുല്ലെണ്ണ നോക്കാറുണ്ടെടോ… നീളന്‍ പുല്ലിന്റെയറ്റത്ത് തുഷാരത്തിന്റെ വലീയ തുളളി. പഴയ കുടക്കമ്മലിന്റെ ഞാത്തുപോലെ… നീ എഴുതിത്തന്ന പുല്ലെണ്ണയുടെ തണുപ്പിപ്പോഴും എന്റെ കണ്കോണിലുണ്ട്.
പ്രണയം പോലെ മനോഹരമായ മഴയും തണുപ്പുള്ള, പേടിയില്‍ കുതിര്‍ന്ന കുളിരുമുള്ള ഒരു മഴക്കാല വൈകുന്നേരം ഞാന്‍ തൃക്കണ്ണാപുരം പി ഒ തുടങ്ങിവെയ്ക്കുന്നു . കത്തെഴുത്തെന്നും ഹരമായിരുന്നു. നിറയെ കുനുകുനാ എഴുതിനിറച്ച കത്തുകള്‍ കേരളത്തില്‍ മുഴുവനും കടല്ലിനപ്പുറത്തേക്കും ഞാന്‍ ചുവന്ന തപാല്‍പെട്ടികളില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നു. കത്തെഴുത്തിന്റേതായ ആ മനോഹരകാലത്തെ തിരിച്ചു പിടിക്കാനുള്ള ഒരു കുഞ്ഞു ശ്രമമാണ് ഈ കോളത്തിനു പിന്നില്‍.
തീര്‍ച്ചയായും എന്റെ പ്രിയ കൂട്ടുകാരന്‍ -ഭര്‍ത്താവിനാണിത്… മഴയിഷ്ടമുള്ള യാത്രകള്‍ ഇഷ്ടമുള്ള എല്ലാത്തിനുമുപരി ഇതിനൊക്ക കൂട്ടായ് എന്നെ എപ്പോഴും കൂട്ടാനിഷ്ടമുള്ള എന്‍റെ ഭര്‍ത്താവിനാണിത്. തൃക്കണാപുരത്തുനിന്നുളള കത്തുകള്‍ ഉടന്‍ എഴുതി തുടങ്ങും. അതുവരെ ഞാനീ നീളന്‍ കോലായില്‍ നിന്ന് മഴപ്പാറല് കൊളളട്ടെ….
വര മജ്നി തിരുവങ്ങൂര്‍

