എഡിറ്റര്‍
എഡിറ്റര്‍
വലിയവരുടെ പേരിലുള്ള തെരുവുകള്‍
എഡിറ്റര്‍
Friday 4th May 2012 5:13pm

VS. Anilkumar's Keraleeyam Column, on school life

ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ തെരുവുകളുടെ പേരായി മാറാന്‍ കൊതിക്കുന്ന നേതാക്കന്മാര്‍ ഏറിവരുന്ന ഇക്കാലത്ത് ചിദംബരനാരെയൊക്കെ
ഓര്‍ക്കുന്നത് നന്നായിരിക്കും.

കേരളീയം / വി.എസ് അനില്‍കുമാര്‍

 

മഹാലക്ഷ്മി നഗറിലെ കഷ്ടിച്ച് അമ്പതാമത് മീറ്റര്‍ മാത്രം നീളമുള്ള ഞങ്ങളുടെ തെരുവിന് തമിഴില്‍ വി. ഒ. ചിദംബരനാര്‍ തെരു എന്നും ഇംഗ്ലീഷില്‍ വി. ഒ. ചിദംബരനാര്‍ സ്ട്രീറ്റ് എന്നും പേര്. മഹാനഗരത്തിലെ കൊച്ചു കൊച്ചു തെരുവുകള്‍ക്കെല്ലാം വലിയ വലിയ പേരുകള്‍ ഉണ്ടാകും. അപ്പുറ
ത്ത് കാമരാജര്‍ തെരു, ഇപ്പുറത്ത് അണ്

ണാ ദുരൈയുടെ പേരിലുള്ള തെരുവ്. തമിഴര്‍ വ. ഒ. ചി എന്നെഴുതി വ.ഒ.സി. എന്നു ബഹുമാനത്തോടെ വിളിക്കുന്ന ചിദംബരനാര്‍ തെക്കേ ഇന്ത്യയില്‍ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കകയും പാവങ്ങള്‍ക്കുവേണ്ടി കേസുകള്‍ വാദിക്കാന്‍ വ്യഗ്രത കാട്ടുകയും ഇന്ത്യന്‍ ജീവനക്കാരോട് ബ്രിട്ടീഷ് കപ്പല്‍കമ്പനികളുടെ മോശമായ പെരുമാറ്റത്തില്‍ മനംമടുത്ത് സ്വദേശി സ്റ്റീം നാവിഗേഷന്‍ കമ്പനി, സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ തമിഴ്‌നാടിന്റെ ചരിത്രത്തില്‍ അദ്ദേഹം ‘കപ്പലോട്ടിയതമിഴന്‍’ ആയി. പിന്നീട് ശിവാജി ഗണേശന്‍ ആ പേരിലുള്ള സിനിമയില്‍ വ.ഒ.സി.യായി അഭിനയിച്ചു. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ തെരുവുകളുടെ പേരായി മാറാന്‍ കൊതിക്കുന്ന നേതാക്കന്മാര്‍ ഏറിവരുന്ന ഈകാലത്ത് ചിദംബരനാരെയൊക്കെ ഓര്‍ക്കുന്നത് നന്നായിരിക്കും.

V. S. Anilkumar

ഈ അമ്പതുമീറ്റര്‍ തെരുവിന്റെ ഇരുവശത്തുമായി പതിമൂന്നു വീടുകളും ഇരുപത്തഞ്ചോളം കുടുംബങ്ങളും ജീവിച്ചു വന്നു! തെരുവിലെ രണ്ടാമത്തെ വീടാണ് ഞങ്ങളുടേത്. അവിടെ ഒരിക്കല്‍ അഞ്ചു കുടുംബങ്ങള്‍ ജീവിച്ചു. ചിലപ്പോള്‍ അതു നാലായി ചുരുങ്ങും. അഞ്ചു കുടുംബങ്ങള്‍ എന്നു പറഞ്ഞാല്‍ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകളില്‍ എന്നല്ല അര്‍ത്ഥം. ഒരു വീടിന്റെ അഞ്ചു കഷ്ണങ്ങള്‍ എന്നാണ്. കൂട്ടുകുടുംബത്തില്‍ വേറെവെറെ വെപ്പുംതീനുമായി കഴിയുന്ന പിണങ്ങിയ ഉറ്റവരെപ്പോലെ, പിണങ്ങാതെ ഞങ്ങള്‍ ഇവിടെ താമസിച്ചു. ചെറിയ ചെറിയ പങ്കുവെക്കലുകളോടുകൂടിയ ഒരുതരം കമ്മ്യൂണ്‍ ജീവിതം. ഒരേ മുറ്റം, കിണറ്, മോട്ടോര്‍, ടെറസ്, തുണിയുണക്കാനുള്ള ഇടങ്ങള്‍, ഒരേ അയല്‍ക്കാര്‍… അങ്ങനെയങ്ങനെ.

ക്രിസ്ത്യന്‍ കോളെജില്‍ ചേര്‍ന്ന ആദ്യ രണ്ടുമാസം ഹീബര്‍ ഹാളി (ഹോസ്റ്റല്‍)ലും പിന്നെ കുറച്ചുനാള്‍ മഹാലക്ഷ്മി നഗറില്‍ത്തന്നെയുള്ള മറ്റൊരു ചെറിയവീട്ടിന്റെ ചെറിയകഷ്ണത്തിലും താമസിച്ചതൊഴിച്ചാല്‍ ഇവിടത്തെ വ്യാഴവട്ടക്കാലജീവിതം മുഴുവനും ഈ രണ്ടാംനമ്പര്‍ വീട്ടിന്റെ കേറിച്ചെല്ലുന്ന കഷ്ണത്തിലായിരുന്നു. എതിര്‍വീട്ടില്‍ സാവിത്രിയുടെ മൂത്തഏട്ടനുംകുടുംബവും ഉണ്ടായിരുന്നു. ഇവിടെയെത്തുമ്പോള്‍ ഉണ്ടായിരുന്ന സെയ്ദാപേട്ട് താത്ത (മുത്തച്ഛന്‍)യും പാട്ടിയും (മുത്തശ്ശി), താത്തയുടെ മരണത്തോടെ വീടൊഴിഞ്ഞുപോയി. ഏതു മഴയിലും
വേനലിലും പുലര്‍ക്കാലത്തില്‍ നടക്കാനിറങ്ങുകയും തുടരെത്തുടരെ സിഗരറ്റ് വലിക്കുകയും ചെയ്തിരുന്ന താത്ത അര്‍ബുദം വന്നാണ് മരിച്ചത്. പിന്നെവന്ന കുടുംബം പറയാന്‍ കൊള്ളാത്ത ചില കാരണങ്ങളാല്‍ വീടൊഴിഞ്ഞുപോയി.

ഞങ്ങളുടെ കഷ്ണത്തിന്റെ പുറകിലുള്ള കഷ്ണത്തില്‍ പാണ്ഡ്യനും സെല്‍വി ടീച്ചറും ഗിഫ്റ്റിയും ഗിബ്‌സണും. മുകളിലത്തെ നിലയില്‍ രണ്ടു കഷ്ണങ്ങള്‍. വീട്ടിന്റെ ടെറസില്‍ ടോയ്‌ലെറ്റോടുകൂടിയ ഒരു ചെറിയമുറി ഉണ്ടായിരുന്നു. നമ്മുടെ ശരാശരി ഹോട്ടലുകളിലെ സിംഗിള്‍ റൂമി
ന്റത്രവരില്ല. നല്ലവനായ വീട്ടുടമസ്ഥന് മദിരാശിയിലെ പാരിസില്‍ നിന്ന് വരുമ്പോള്‍ തങ്ങാന്‍ ഒരിടം. പിന്നീട് അതും വാടകയ്ക്ക് ‘കൊടുക്കപ്പെട്ടു.’ അങ്ങനെയാണ് പത്തനംതിട്ടക്കാരനായ വര്‍ഗ്ഗീസും റിനിയും മകന്‍ ജെറിയും ഞങ്ങളുടെ കൂട്ടുകുടുംബത്തിലേക്ക് എത്തുന്നത്.

താഴത്തെനിലയിലെ ഒരു ഭാഗം ഒഴിയുന്നതുവരെ അവര്‍ മൂന്നുപേരും അവിടെ ജീവിച്ചു. അവര്‍ താഴെക്കു വന്നതിനുശേഷം നമ്മുടെ കവി സി.
എച്ച്. രാജന്‍ കുറച്ചുകാലം ആ മുറിയില്‍ താമസിച്ചു. ചിദംബരനാര്‍ തെരുവിലെ പലവീടുകളില്‍നിന്നും ആളുകള്‍ ഒഴിഞ്ഞുപോകുകയും പുതിയ ആളുകള്‍ വരികയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ മഹാന ഗരത്തിലെ നൂറുകണക്കിനു തെരുവുകളില്‍ നിന്ന് ചിലര്‍ പുറത്തുപോകുകയും പകരക്കാര്‍ വരികയും ചെയ്തു. നുരകള്‍ തിങ്ങും തിരകളെപ്പോലെ നരരാശികളിതിലലയുന്നു… എന്ന് ഭാസ്‌കരന്‍മാഷ്. വര്‍ഗീസും കുടുംബവും കൂടുതല്‍ വിശാലമായ സ്ഥലത്തേക്ക് ഇറങ്ങി വന്നപ്പോഴാണ് അവന്റെ കൂട്ടുകാരനും പത്തനംതിട്ടക്കാരനുമായ മറ്റൊരു രാജന്‍ ടെറസ്സിലെ മുറിയിലേക്ക് വന്നത്. ഒരു ഇരുപത്തിയെട്ടു വയസ്സുകാരന്‍ സൗമ്യന്‍. അധികം വര്‍ത്തമാനം ഒന്നും പറയില്ല. ഒരു നിഴല്‍പോലെ
ഞങ്ങളുടെ ജനലിനപ്പുറത്തൂടെ അയാള്‍ പോവുകയും വരികയും ചെയ്തു. അമ്പതുകിലോമീറ്ററെങ്കിലും അകലെയുള്ള അമ്പത്തൂരില്‍ ജോലിയുള്ള രാജന്‍ ഇവിടെ താമസമാക്കിയത് അടുത്തുതന്നെ പെങ്ങളും കുടുംബവും ഉള്ളതുകൊണ്ടായിരുന്നു. വളരെ അപൂര്‍വ്വമായി സ്മാളിന്റെ പുറത്ത് ചെറുതായി ആടിപ്പോകുന്നതും കാണാം.

സ്വന്തം നാട്ടില്‍, തടിയൂരില്‍ രാജന്‍ ഒരു വീട് പണിയുന്നുണ്ടായിരുന്നു. ഒരിക്കല്‍ നാട്ടിലുള്ളപ്പോള്‍ വീട്ടിനായി ഇറക്കിയ കരിങ്കല്ല് ഒരു കൂടമെടുത്തടിച്ചപ്പോള്‍ ചിതറിയ ഒരു ചീള് രാജന്റെ കാല്‍പ്പാദത്തിലെ ഞരമ്പ് മുറിച്ചു. ഓപ്പറേഷനൊക്കെ വേണ്ടി വന്നു. ”അതു വേണ്ടത്ര ശരിയായില്ല” എന്ന് രാജന്‍ പറഞ്ഞു. അതിനുശേഷം അയാളുടെ ഒരു കൈയ്ക്ക് സ്വാധീനക്കുറവുണ്ടായി. എങ്കിലും വീടുപണി തീര്‍ക്കുന്നതിന്റെ സ്വപ്നങ്ങളില്‍ രാജന്‍ അമ്പത്തൂര്‍വരെ ദിവസവും പോയി പണിയെടുത്തു പണം സ്വരൂപിച്ചുകൊണ്ടിരുന്നു. മുഖത്തോടുമുഖം കാണുമ്പോള്‍ രാജന്റെ മുഖത്ത് ഒരു സ്വപ്നം തങ്ങി നില്‍ക്കുന്നതായി തോന്നാറുണ്ടായിരുന്നു. കൂട്ടുകാരനായ വര്‍ഗീസിനോട് അയാള്‍ ആ കിനാവിനെക്കുറിച്ച് ആവ
ര്‍ത്തിച്ചു പറയാറുണ്ടായിരുന്നു. വീടുപണി തീര്‍ത്തിട്ടുവേണം ഒരു കുടുംബമുണ്ടാക്കാന്‍ എന്നതാണ് രാജന്‍ കണ്ടതിന്റെപൊരുള്‍.

ഒരു ദിവസം രാത്രി കുറച്ചു വൈകി രാജന്‍ വരുന്നത് ഞങ്ങള്‍ കണ്ടിരുന്നു. നടക്കുമ്പോള്‍ ഇടയ്‌ക്കൊന്ന് ആടിപ്പോകുന്നുണ്ടോ എന്നും തോന്നിയിരുന്നു. ‘ഇന്നിത്തിരി ജാസ്തിയായോ’ എന്നു ചോദിക്കണം എന്നുണ്ടായിരുന്നു. ചോദിച്ചില്ല. ഞങ്ങളുടെ ജന്നലിലൂടെ അകത്തേക്ക് നോക്കാതെ
അയാള്‍ മുകളിലേക്ക് കയറിപ്പോയി. പിറ്റേന്ന് ഞായറാഴ്ച്ചയായിരുന്നു. അവധിയുടെ ആലസ്യങ്ങള്‍, നെയ്തുകൊണ്ടിരിക്കുന്ന എട്ടുകാലി വലപോലെ ഞങ്ങളെ ചുറ്റി വരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വെയിലുദിച്ച് ഉച്ചിയിലെത്തി.

പെട്ടെന്ന് മുകളില്‍ നിന്ന് ഒരു നിലവിളികേട്ടു. അത് രാജസ്ഥാനിക്കാരി സുന്ദരി(പേരുതന്നെ)യുടേതാണെന്ന് തിരിച്ചറിഞ്ഞു. ഞങ്ങള്‍ ഓടി മുകളിലേയ്ക്ക് കയറുമ്പോള്‍ പേടിച്ചു വിറച്ചുകൊണ്ട് സുന്ദരി ഓടിയിറങ്ങി വരുന്നു. അവള്‍ മുകളിലേക്ക് ചൂണ്ടിക്കാണിച്ചു. ഞങ്ങള്‍ ഓടിക്കയറി. സുണ്ടരി ടെറസ്സില്‍ നിന്ന് മുരിങ്ങക്കായ് പറിക്കാന്‍ വന്നതാണ്. അവള്‍ ഓടിയിറങ്ങിയ വഴിയിലെല്ലാം മുരിങ്ങാക്കായ് ചിതറിക്കിടന്നു. വിശാലമായ ടെറസ്സിന്റെ ഇടതുമൂലയിലെ തന്റെ മുറിയുടെ മുന്നില്‍ നമസ്‌ക്കരിക്കുന്നതുപോലെ രാജന്‍ കിടക്കുന്നു. അയാളുടെ കാലില്‍ നിന്ന് ഒഴുകിയ ചോര നിലത്ത് കട്ടപിടിച്ചു കിടക്കുന്നു. രാജന്‍ എന്ന സൗമ്യനായ ഇരുപത്തിയെട്ടുകാരന്‍ സ്വപ്‌നങ്ങള്‍ ബാക്കിവെച്ച് ഈ ലോകത്തുനിന്ന് പോയിരിക്കുന്നു. മദിരാശിയിലെ വേനലിലെ കൊടുംചൂടില്‍ രാജന്റെ തൊലിവെന്തുപോയതുപോലെ തോന്നി.രാജന്റെ കൈയ്യില്‍ താക്കോലുണ്ട്. പൂട്ട് തുറക്കാനാവുന്നതിനുമുമ്പ് അയാള്‍ വീണു പോയിരുന്നു. ഏതാണ്ട് പത്തുപതിന്നാല് മണിക്കൂര്‍ രാജന്‍ ഇങ്ങനെ കിടന്നിരിക്കണം. ഈ കൂട്ടുകുടംബത്തിലെ ഒരാള്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ താഴെ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നിരിക്കണം. ടെറസ്സില്‍ ഞങ്ങളെല്ലാ
വരും മരവിച്ചു നിന്നു. കപ്പലോട്ടിയ തമിഴന്റെ പേരിലുള്ള തെരുവിലായാലും അങ്ങോട്ടുമിങ്ങോട്ടും പലപ്പോഴും ആരും ഒന്നും അറിയുന്നില്ല.

Advertisement