വിതരണക്കാരനെതിരെ ആരോപണവുമായി ഉന്നം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നൗഷാദ് രംഗത്ത്. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗിലുണ്ടായ വീഴ്ചയാണ് സിനിമ നന്നായി ഓടാതിരിക്കാന്‍ കാരണമെന്ന് നിര്‍മ്മാതാവ് നൗഷാദ് പറഞ്ഞു. ഇന്ത്യാവിഷന്‍ ചാനല്‍പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ആഗ്രഹ സാഫല്യമായിരുന്നു ഉന്നം. ഉന്നത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ മികച്ച രീതിയില്‍ നടത്താമെന്ന് വാഗ്ദാനം നല്‍കിയാണ് ആര്‍.ആര്‍ എന്റര്‍ടൈന്‍മെന്റ് നല്‍കിയതനുസരിച്ചാണ് അവര്‍ക്ക് വിതരണാവകാശം നല്‍കിയത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയശേഷം യാതൊരുവിധ പ്രചരണവും അവര്‍ നല്‍കിയില്ലെന്നും നിര്‍മാതാവ് കുറ്റപ്പെടുത്തുന്നു.

‘ ഈ സിനിമയുടെ മാര്‍ക്കറ്റിംഗ് ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഈ സിനിമയുടെ വീഴ്ചയ്ക്ക് കാരണം. ഈ സിനിമ നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്തിരുന്നെങ്കില്‍ ഈ വര്‍ഷം ഏറ്റവും നല്ലരീതിയില്‍ ഓടാന്‍ പറ്റുന്ന ഒരു സിനിമയാവുമായിരുന്നു ഇത്. സിബി മലയിലിന്റെ ഏറെ വ്യത്യസ്തമായ ഒരു ചിത്രമാണിത്. എന്താണീ സിനിമയെന്ന് എന്റെ നാട്ടുകാര്‍ക്കുപോലും അറിയില്ല. ‘ നൗഷാദ് പറഞ്ഞു.

ഒന്നാംവാരത്തില്‍ പുതിയ പോസ്റ്ററുകള്‍ പതിക്കാന്‍ പോലും വിതരണക്കാര്‍ തയ്യാറായില്ല. ചിത്രം ഭേദപ്പെട്ട അഭിപ്രായം സ്വന്തമാക്കിയിട്ടും തനിക്ക് സാമ്പത്തിക നേട്ടമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

10 സിനിമകള്‍ നിര്‍മിച്ച അനുഭവമാണ് ഉന്നം നല്‍കിയത്. അതുകൊണ്ടുതന്നെ പുതിയ ചിത്രം സ്വന്തമായി നിര്‍മിച്ച് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത്തിലെ അഞ്ച് നായകന്‍മാരില്‍ ഒരാള്‍ കൂടിയായ നൗഷാദ് ഖത്തറില്‍ ബിസിനസുകാരനാണ്. ജൂനയര്‍ ആര്‍ട്ടിസ്റ്റായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്.