ഗുജറാത്തിലെ വ്യവസായ വികസനത്തെക്കുറിച്ച് വാചാലമാകുന്നവരാണ് എ പി അബ്ദുല്ലക്കുട്ടിയുള്പ്പെടെയുള്ളവര്. വികസനത്തിന്റെ ആചാര്യനായ ഗുജറാത്ത് മുഖ്യമന്ത്രിയെ വാഴ്ത്തിയതിന് സി പി ഐ എം പുറത്താക്കിയ അബ്ദുല്ലക്കുട്ടി കോണ്‍ഗ്രസിലെത്തി ഇപ്പോള്‍ നിയമസഭാംഗവുമായി. അബ്ദുല്ലക്കുട്ടിക്കും മോഡിയെ കീര്ത്തിക്കുന്നവര്ക്കും ഇനി ഗുജറാത്തിലേക്ക് വണ്ടി കയറാം. അവിടെ കൊട്ടിഘോഷിക്കപ്പെടുന്ന വികസനത്തിന്റെ പിന്നാമ്പുറമെന്തെന്ന് നേരിട്ടറിയാം. ലോക ജല ദിനത്തില്‍ ഗുജറാത്ത് വികസനത്തിന്റെ ഞെട്ടിക്കുന്ന മറുമുഖം തുറക്കുകയാണ് എന്‍ ഡി ടി വി ചാനല്‍.
ഗുജറാത്തിലെ വ്യവസായ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന സ്ഥലാണ് സരിഗാം. എന്നാല്‍ ഗുജറാത്ത് വികസനത്തിന്റെ യഥാര്‍ഥ മുഖമെന്തെന്ന് ഈ പ്രദേശം നമ്മോട് വ്യക്തമാക്കുന്നു. ഈ വ്യവസായ തീരത്ത് നിന്ന് അറബിക്കടലിന്റെ ഹൃദയത്തിലേക്ക് നീളുന്ന വലിയ പൈപ്പ് ലൈനുകളുണ്ട്. സംസ്കരിക്കാത്ത മില്യണ്‍ കണക്കിന് മലിന ജലമാണ് അവിടേക്ക് ഒഴുക്കി വിടുന്നത്. പാര്‍സികളാണ് ഇവിടെ താമസിക്കുന്നവരില്‍ ഭൂരിപക്ഷവും. ശക്തമായ മലിനീകരണം കാരണം പ്രദേശത്തെ 39 വ്യവസായ ശാലകള്‍ അടച്ചുപൂട്ടാന്‍ അടുത്ത ദിവസം കോടതി ഉത്തരവിട്ടിരുന്നു.
മാരകമായ പരിസ്ഥിതി നാശമേല്പിക്കുന്ന മലിനജലമാണ് സരിഗാം വ്യവസായ മേഖലയില്‍ നിന്നും കടലിലേക്ക് ഒഴുക്കുന്നത്. വടക്കന്‍ ഗുജറാത്തിലെ സഞ്ജന്‍ ഭാഗത്തെ കടലിലേക്കാണ് മാലിന്യം ഒഴുക്കി വിടുന്നത്. ഗുജറാത്തില്‍ സുവര്‍ണ രേഖയിലെഴുതപ്പെടുന്ന വ്യവസായ വികസനത്തിന്റെ അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത മുഖമാണിത്.
“ഞങ്ങള്‍ ധാന്യ ഉള്‍പാദനം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ മണ്‍സൂണ്‍ കാലത്ത് കെമിക്കല്‍ ദ്രാവകങ്ങള്‍ വെള്ളവുമായി ചേരുന്നതോടെ ഞങ്ങളുടെ കൃഷി നശിക്കുകയാണ്”- കര്‍ഷകനായ ജിതേന്ദ്ര ഹല്‍പതി പറയുന്നു.
“ഇവിടെ നിന്ന് ഇപ്പോള്‍ മത്സ്യങ്ങളെ ലഭിക്കുന്നില്ല. മലിനജലമൊഴുകി ഇവിടത്തെ മത്സ്യങ്ങളെല്ലാം ചത്തു പൊങ്ങുകയാണ്”- മത്സ്യത്തൊഴിലാളിയായ സുശീല ബെന്‍ പറയുന്നു.
ക്യാന്‍സര്‍ രോഗമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നിരോധിച്ച പെസ്റ്റിസൈഡ്സ്, ഹെര്‍ബിസൈഡ്സ്, ഫന്ഗിസൈഡ്സ് എന്നിവയാണ് ഇവിടെ കൂടുതലായും നിര്‍മ്മിക്കുന്നത്.
ഇത്തരം വ്യവസായ ശാലകളെ നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ ഇവര്‍ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്നു. സഹികെട്ട ജനം അടുത്തിടെ മാലിന്യം കടലിലേക്ക് ഒഴുക്കുന്ന ഒരു പൈപ്പിന് തീയിടുകയാണ്ടായി.
ഇവിടെ ഒഴിഞ്ഞ് പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. 1,300 വര്‍ഷങ്ങളായി പരമ്പരാഗതമായി ഇവിടെ കഴിയുന്നവരാണ് ഞങ്ങള്‍- പാര്‍സി വിഭാഗക്കാര്‍ പറയുന്നു.
“സംസ്ഥാന വ്യവസായ വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇക്കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്”- വ്യവസായ ശാലകള്‍ക്കെതിരെ കോടതിയില്‍ പരാതി നല്കിയ ജംഷാദ് ബാന്ജി വ്യക്തമാക്കി.
“മലിന ജലം കുടിച്ച് മൃഗങ്ങള്‍ മാത്രമാണ് ഇതുവരെ മരിച്ചത്. അവര്‍ക്ക് കെമിക്കലേതെന്നും ശുദ്ധജലമേതെന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇനി ഞങ്ങള്‍ മരിക്കുന്നത് കാത്തിരിക്കുകയാണ് സര്‍ക്കാര്‍”- നാട്ടുകാരനായ ജിതേന്ദ്ര ഹല്‍പതി പറയുന്നു.
(ഈ ഗുജറാത്ത് വികസനത്തെയാണ് അബ്ദുല്ലക്കുട്ടി വാഴ്ത്തിയത്, തന്റെ വര്‍ഗീയ മുഖം മറയ്ക്കാന്‍ മോഡി അണിയുന്ന മുഖം മൂടിയാണ് വ്യവസായ വികസനമെന്നത് ഈ മാതൃകകള്‍ നമ്മോട് പറയുന്നു. ഇവിടെ ജനം വികസനത്തിന്റെ കുപ്പത്തൊട്ടിയിലാണ്. വ്യവാസയ ശാലകളുടെ മാലിന്യവും മറ്റും പേറാന്‍ വിധിക്കപ്പെട്ടവരാണവര്‍. ഈ ഗുജറാത്തിന്റെ അംബാസിഡറായിരുന്നു അമിതാഭ് ബച്ചന് . ഗുജറാത്തിന്റെ ചീത്തപ്പേര് മാറ്റാന്‍ അമിതാഭ് ബച്ചന് എത്ര ശ്രമിച്ചാലും ചരിത്ര പുസ്തകത്തില്‍ ഗുജറാത്ത് അടയാളപ്പെടുത്തിയ ചോരക്കറ മായാതെ കിടക്കും. ഗുജറാത്തിന്റെ ബച്ചന് കേരളത്തിന് വേണ്ടെന്ന സി പി ഐ എം നിലപാട് തന്നെയാണ് ശരി)
