the Interview play

ഉദ്യോഗാര്‍ത്ഥിയായ ഒരു യുവാവിന് ഇന്റര്‍വ്യൂവില്‍ നേരിടേണ്ടിവന്ന വൈതരണികളെ ആസ്പദമാക്കിക്കൊണ്ട് ചിട്ടപ്പെടുത്തിയ ഇന്റര്‍വ്യൂ എന്ന നാടകം നാടകോത്സവത്തിന്റെ നാലാംദിവസം കാഴചക്കാരെ ആകര്‍ഷിച്ചു. 80 മിനിറ്റ് ദൈര്‍ഘൈമുള്ള നാടകം മുംബൈയില്‍ നിന്നെത്തിയ അക്വാറിയസ് പ്രൊഡക്ഷന്‍സ് ആണ് അവതരിപ്പിച്ചത്. സിദ്ധാര്‍ത്ഥ് കുമാറിന്റെ ഹാസ്യത്തില്‍ പൊതിഞ്ഞുവച്ച സംഭാഷണങ്ങളും പരിമിതമായ രംഗചലനങ്ങളും ഇന്റര്‍വ്യൂവിന്റെ പ്രത്യേകതയായി.

നാടകത്തിന്റെ പൊതു അന്തരീക്ഷം വെളിപ്പെടുത്താന്‍ പ്രകാശത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മലയാളനാടകത്തിലേതുപോലെ സംഗീതത്തിന് അത്രയധികം സ്ഥാനം നല്‍കിക്കണ്ടില്ല. എന്നാല്‍ മിതത്വം പാലിച്ച സംഗീതം നാടകത്തിന്റെ സവിശേഷതയായി. ഇന്റര്‍വ്യൂ മുറിയും അതിനുമുമ്പിലുള്ള സ്വീകരണമുറുയുമായി സ്റ്റേജിനെ രണ്ട് ഭാഗങ്ങളായി തിരിച്ചുള്ളതാണ് അവതരണ രീതി.

the-Interview-play

റെസിപ്ഷന്‍ കൗണ്ടറിനു സമീപമുള്ള കസേരയില്‍ ഇന്റര്‍വ്യൂവിന് പേരുവിളിക്കുന്നത് കാത്തിരിക്കുന്ന യുവാവിനെയാണ് ആദ്യം സദസ് കാണുന്നത്. തുടര്‍ന്ന് സുന്ദരിയായ റിസപ്ഷനിസ്റ്റിനെ അതിന് ശേഷം ഇന്റര്‍വ്യൂ മുറിയും, കോര്‍പ്പറേറ്റ് കമ്പനിയുടെ പ്രതിനിധികളെയും സദസ് പരിചയപ്പെടുന്നു. സ്വീകരണവരാന്തയുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന വലിയ നിലക്കണ്ണാടിയുടെ മുന്നിലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇരിപ്പിടം. ഇതിന് മുന്നില്‍ ഇരുന്ന് ഇന്റര്‍വ്യൂ ഊഴത്തിന് നിമിഷങ്ങള്‍ എണ്ണി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥിയുടെ മാനസിക സംഘര്‍ഷം സദസ് പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു.

നിരവധി ചോദ്യങ്ങളും അതിനുള്ള ഉത്തരവും മറുചോദ്യവുമായി ഇന്റര്‍വ്യൂ നീണ്ടുപോകുന്നു. കോളേജില്‍ നിന്നോ മുമ്പ് ജോലി ചെയ്ത സ്ഥലത്തു നിന്നോ ഒന്നും പഠിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഉദ്യോഗാര്‍ത്ഥിയെ വലക്കുന്നുണ്ട്. ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ മണിക്കൂറുകളിലൂടെ കടന്നു പോകുന്ന ഉദ്യോഗാര്‍ത്ഥിയുടെ മാനസിക സംഘര്‍ഷം സദസ്സിനെ ചിരിപ്പിക്കുകയും ചിലപ്പോഴൊക്കെ അസ്വസ്ഥമാക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
the-Interview-play
ജോലി ലഭിക്കുന്നതോടെ ഓരോ ഉദ്യോഗാര്‍ത്ഥിയും സ്വയം പണയപ്പെടുത്തുന്നിടത്ത് നാടകം അവസാനിക്കുന്നു. അനാവശ്യമായ ചില വലിച്ചു നീട്ടല്‍ ഒഴിവാക്കിയാല്‍ നല്ല പ്രകടനം കാഴ്ച വെക്കാന്‍ നാടകത്തിനു കഴിഞ്ഞു. സംവിധായകന്റെ കൈയൊപ്പ് ഓരോ സീനിലും പതിഞ്ഞിട്ടുള്ള നാടകത്തില്‍ അഭിനേതാക്കള്‍ തങ്ങളുടെ പ്രകടനം കുറയാനോ കൂടാനോ ഇട നല്‍കാതെ കഥാപാത്രമായി ജീവിച്ചുവെന്ന് പറയാം.

ജോലിക്കു വേണ്ടി എല്ലാം പണയപ്പെടുത്തുന്ന യുവ സമൂഹത്തെ അതുപോലെ ആവിഷ്‌കരിക്കാന്‍ നാടകത്തിനു കഴിഞ്ഞുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ കാര്യങ്ങള്‍ വരെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്തിയ തിരക്കഥാകൃത്ത് തന്റെ ഭാഗം ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്. ഒഴുക്കന്‍ ഇംഗ്ലീഷ് കാണികളെ വേണ്ട വിധം രസിപ്പിച്ചില്ല എന്നുമാത്രമല്ല ചിലരൊക്കെ നാടകം മുഴുവന്‍ കാണാതെ പോവുകയും ചെയ്തു.

നാടകരംഗത്ത് പത്തുവര്‍ഷത്തിലധികം പരിചയമുള്ള 32 കാരനായ ആകര്‍ഷ് ഖുരാനയാണ് സംവിധാനം. നിരവധി നാടകോത്സവങ്ങളില്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഇന്റര്‍വ്യൂ എന്ന നാടകം കോഴിക്കോട്ടെ നാടകസ്‌നേഹികളെ തൃപ്തിപ്പെടുത്തി എന്നുതന്നെ പറയാം.

Malayalam News

Kerala News in English