പ്യൂപ്പ/ഷഫീക്ക് എച്ച്
ഭാഗം ഒന്ന്
മനുഷ്യനിലേയ്ക്ക് സംസ്‌ക്കാരത്തിന്റെ ആദ്യ കിരണങ്ങള്‍ വന്നു പതിക്കുന്നതിനും മുമ്പ്, അവന്റെ പരുക്കനായ കൈകള്‍ വടിവൊത്ത അക്ഷരങ്ങള്‍ എഴുതാന്‍ പഠിക്കുന്നതിനും മുമ്പ് വിവിധ വര്‍ണങ്ങളെ കുറിച്ചും ചായകൂട്ടുകളെ കുറിച്ചും മനുഷ്യന്‍ മനസ്സിലാക്കിയിരുന്നു. ഇതൊരു പക്ഷേ പ്രകൃതിയുമായുള്ള അവന്റെ പൊക്കിള്‍ കൊടി ബന്ധം രേഖപ്പെടുത്തിവെയ്ക്കാനുമായിരിക്കാം. മനുഷ്യന്റെ ആദ്യകാല ഗുഹാ ചിത്രങ്ങള്‍ തന്നെ ഇതിന് ഉത്തമ ദൃഷ്ടാന്തങ്ങളാണ്. മനുഷ്യന്റെ സാംസ്‌കാരിക പൈതൃകം അങ്ങനെ ചിത്രകലയിലുടെയായിരുന്നു ഉരുവം കൊണ്ടെതെന്നു പറയാം. അപ്പര്‍ പാലിയോലിത്തിക്ക് കാലം മുതല്‍ക്കുതന്നെ മനുഷ്യന്റെ കലാസാംസ്‌കാരിക ബോധം ഇന്ത്യയില്‍ ആരംഭിച്ചുവെന്ന് പറയാം. കാലാവസ്ഥയില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും രക്ഷപ്പെടാനായി അഭയം പ്രാപിച്ചിരുന്ന ഗുഹകളുടെ ചുവരുകളില്‍ അവന്‍ തന്റെ ചരിത്രം കോറിയിട്ടു. ഗുഹാചിത്രങ്ങള്‍ മനുഷ്യന്റെ കലാബോധത്തിന്റെയും ചരിത്രത്തിന്റെയും തിരുശേഷിപ്പുകളായി മാറി. ഗുഹാചിത്രങ്ങളായിരുന്നു ആദ്യകാല ചിത്രങ്ങള്‍.
ഗുഹാചിത്രങ്ങള്‍
മനുഷ്യന്‍ ആദ്യകാല ചിത്രങ്ങള്‍ക്ക് ജന്മമേകിയപ്പോള്‍ അവന്‍ അധിവസിച്ചിരുന്ന ഗുഹയുടെ ചുവരുകള്‍ ആദ്യകാല ക്യാന്‍വാസ്സുകളായി. അങ്ങനെ ഗുഹകളില്‍ ചുവര്‍ചിത്രങ്ങളുണ്ടായി. ഭിംബേട്കയും അജന്തയും എല്ലോറയും ഭാഗും സിത്തനവാസലും എടക്കലുമൊക്കെയുണ്ടായി. മനുഷ്യ സൗന്ദര്യബോധത്തിന്റെ ആദ്യസ്മാരക ശിലകളായി അവ തലയുയര്‍ത്തി നില്‍ക്കുന്നു. ഓരോ ഗുഹാചിത്രങ്ങള്‍ക്കും ആയിരത്തിലേറെ വര്‍ഷങ്ങളുടെ കഥകള്‍ പറയാനുണ്ട്.
ഭിംബേട്ക
ലോകപുരാവസ്തു സൈറ്റുകളിലൊന്നാണ് ഭിംബേട്ക. പുരാതന മനുഷ്യരുടെ അഭയകേന്ദ്രമായി ഭിംബേട്കയിലെ ശിലാഗുഹകള്‍ മാറിയത് ഏകദേശം ഒരുലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. മധ്യപ്രദേശിലെ റായ്‌സണ്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സൈറ്റുകളില്‍ ഏകദേശം 30000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ചിത്രങ്ങള്‍ വരെയുണ്ട്. മഹാഭാരതത്തിലെ അധികായനായ ഭീമന്റെ ഇരിപ്പിടം എന്ന അര്‍ത്ഥത്തിലത്രേ ഭിംബേട്ക എന്ന പേരുണ്ടായത്.
ഭിംബേട്കയില്‍ മനുഷ്യരുടെ ആദ്യകാല ജീവിതങ്ങള്‍ നമുക്ക് ഗുഹാചിത്രങ്ങളില്‍ നിന്ന് വായിച്ചെടുക്കാം. കുഞ്ഞുങ്ങളുടെ ജനനം മുതല്‍ സമുദായ നൃത്തങ്ങള്‍, മതാനുഷ്ടാനങ്ങള്‍, ശവസംസ്‌കാര രീതികള്‍ വരെയാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്. പ്രധാനമായും ചുവപ്പും വെള്ളയും നിറമാര്‍ന്ന ചിത്രങ്ങളാണ് ഇവിടെയുള്ളത്. വിരളമായി പച്ചയും മഞ്ഞയുമൊക്കെയുണ്ട്. കടുവ, സിംഹം, ആന, നായ മുതലായ രൂപങ്ങളും ഈ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.
യുനെസ്‌കോ ഇന്ന് ഭിംബേട്കയെ ലോക പൈതൃക സൈറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1888ലാണ് ആദിവാസികള്‍ നല്‍കിയ വിവരങ്ങള്‍ല്‍ നിന്നു ആദ്യമായി ഭിംബേട്കയെ പുരാവസ്തു രേഖകളില്‍ അടയാളപ്പെടുത്തിയത്.
ഭിംബേട്ക ഒരു ഗുഹാവാസ കേന്ദ്രമാണ്. നമ്മുടെ പൂര്‍വികരായ ഒട്ടനവധിപേര്‍ സുരക്ഷക്കായി ഇവിടം ഉപയോഗിച്ചിട്ടുണ്ടെന്ന് അതിന്റെ ചുവരുകള്‍ പറഞ്ഞു തരുന്നു. കാരണം അവര്‍ വരച്ചിട്ട ഒരുപാട് ചിത്രങ്ങള്‍ നമുക്കവിടെ കാണാം. പുലിയും സിംഹവും ആനയും നായയും പല്ലിയുമൊക്കെ അതില്‍ പെടുന്നു.
ഏഴ് വ്യത്യസ്ത കാലങ്ങളിലായി ഭിംബേട്കയിലെ ചിത്രങ്ങളെ വര്‍ഗ്ഗീകരിക്കാമെന്ന് പുരാവസ്തുശാസ്ത്രം പറയുന്നു.
ഒന്നാമത്തെകാലം: ഇത് അപ്പര്‍ പാലിയോലിത്തിക് കാലത്തിലുള്‍പ്പെടുന്ന ചിത്രങ്ങളാണ്. രേഖീയമായ അടയാളങ്ങളാണ് കൂടുതലും. പച്ചയിലും കടുത്ത ചുവപ്പു നിറത്തിലുമുള്ളവയാണ് ഇവ. കാട്ടുപോത്ത്, കടുവ കാണ്ടാമൃഗം മുതലായവയുടെ ചിത്രങ്ങളാണ് പ്രധാനമായവ.
രണ്ടാമത്തെ കാലം: ഇവ മധ്യ ശിലായുഗ (Mesolithic) കാലഘട്ടത്തിലുള്ളവയാണ്. ഒട്ടുമിക്കവയും ചെറിയ രൂപത്തിലുള്ള ചിത്രങ്ങള്‍. ഇക്കാലമായപ്പോഴേയ്ക്കും മൃഗങ്ങളുടെ ചിത്രങ്ങളെ കൂടാതെ മനുഷ്യന്റെ ചിത്രങ്ങളും ഉള്‍പ്പെടാന്‍ തുടങ്ങി. പ്രധാനമായും വേട്ടയാടുന്ന മനുഷ്യരുടെ ചിത്രങ്ങള്‍. ആയുധങ്ങളാകട്ടെ കുന്തംവും, അമ്പും വില്ലും മുതലായവയും.
മൂന്നാമത്തെ കാലഘട്ടം: ചാല്‍ക്കോലിത്തിക് അധവാ കല്ലും ലോഹവും ചേര്‍ന്നുകൊണ്ടുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിരുന്ന കാലഘട്ടത്തിലേതാണ് ഈ ചിത്രങ്ങള്‍. കൃഷിയുമായി ബന്ധമുള്ള ചിത്രങ്ങളാണ് ഇവയില്‍ സഭൂരിപക്ഷവും.
നാലാമത്തെയും അഞ്ചാമത്തെയും കാലഘട്ടം: പൂര്‍ച്ച ചരിത്ര (early historic) കാലഘട്ടത്തിലെ ചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ചുവപ്പുകലര്‍ന്ന വെള്ളയും മഞ്ഞയും നിറങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. മതപരമായ ചിഹ്നങ്ങള്‍ ഇവയിലാണ ്പ്രത്യക്ഷപ്പെടുന്നത്.
ആറ്-ഏഴ് കാലഘട്ടങ്ങള്‍: പ്രധാനമായും ക്ഷേത്ര ഗണിത ചിത്രങ്ങളാണ് ഇവയിലുള്‍പ്പെടുന്നത്. ഇവ മിക്കാതും മധ്യാകാലഘട്ടത്തിലേതാണ്.
ഇതിലെ ഒരു ശില അറിയപ്പെടുന്നത് “സൂ റോക്ക്” (zoo rock) എന്നാണ്. കാരണം ഇതില്‍ ധാരാളം മൃഗങ്ങളുടെ ചിത്രങ്ങള്‍ വരച്ചിട്ടിരുന്നു. ആനയും കാട്ടുപോത്തും മാനും ഒക്കെയായിരുന്നു ഇതിലെ മൃഗങ്ങള്‍.
(തുടരും..)
