കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകള്‍ കുമളി ചെക്ക് പോസ്റ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയതിനെത്തുടര്‍ന്ന് തമിഴ്‌നാട് പോലീസ് ലാത്തി വീശി.

പ്രതിഷേധക്കാരുമായി ചര്‍ച്ചയ്‌ക്കെത്തിയ തമിഴ്‌നാട് മന്ത്രി പനീര്‍ശെല്‍വത്തിന് നേരെ ചെരുപ്പേറുണ്ടായി. തുടര്‍ന്നാണ് പോലീസ് ലാത്തിവീശിയത്. ഇതിനിടെ പോലീസിന് നേര്‍ക്ക് കല്ലേറുണ്ടായി. തമിഴ്‌നാടിന്റെ അതിര്‍ത്തിക്കുള്ളില്‍ സംഘര്‍ഷം തുടരുകയാണ്. മലയാളികളുടെ കടകളും വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.

Subscribe Us:

ഇന്ന് ഉച്ചയോടെയാണ് തമിഴ്‌നാട്ടിലെ ഗൂഢല്ലൂരില്‍ നിന്നും സംഘടിച്ചെത്തിയ 12,000-ത്തോളം വരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടത്തെ തമിഴ്‌നാട് പോലീസ് കുമളി ചെക്ക് പോസ്റ്റിനു സമീപം തടഞ്ഞത്. പോലീസ് വലയം ഭേദിക്കാന്‍ പ്രവര്‍ത്തകര്‍ പലതവണ ശ്രമിച്ചു. തുടര്‍ന്ന് ജനക്കൂട്ടം ചെക്ക്‌പോസ്റ്റിനു സമീപം മുരുകന്‍ കോവിലിനടുത്ത് തമ്പടിച്ചു. പ്രതിഷേധക്കാര്‍ കേരളത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. വനത്തിലൂടെ കുമളിയില്‍ കയറാന്‍ 50 ഓളം പേരടങ്ങിയ സംഘം ശ്രമിച്ചുവെങ്കിലും പോലീസ് പരാജയപ്പെടുത്തി.

കേരളാ പോലീസും കേന്ദ്രസേനയും കുമളിയില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ തടയാന്‍ കേരള അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ഇന്നലെ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് പ്രകടനം നടത്തിയവര്‍ കുമളിയില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. കുമളിക്ക് സമീപം റോസാപ്പൂക്കണ്ടത്ത് വീടുകള്‍ക്കും ജനങ്ങള്‍ക്കും നേരെ കല്ലേറ് നടന്നിരുന്നു. ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. തമിഴരുടേതുള്‍പ്പെടെ പത്ത് വീടുകള്‍ക്ക് കല്ലേറില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

Malayalam News
Kerala News in English