Categories

അഴീക്കോട്, വിജയന്‍ മാഷ്; രണ്ട് മരണങ്ങള്‍

എസ്സേയ്‌സ് / വിശ്വഭദ്രാനന്ദ ശക്തിബോധി

swami viswabhadranandhashakthibodhiഒരു തിര പിന്നെയും തിര. ഓരോ തിരയും വരികയും മറയുകയും ചെയ്യും. തിരകളുടെ ആഗമനതിരോധാനങ്ങളാണ് സാഗരത്തെ മുഴക്കമുള്ളതാക്കുന്നത്. അല്‍പ്പായുസ്സുകളായ തിരകളുടെ തിരക്കു കൊണ്ട് താരതമ്യേന ദീര്‍ഘായുസ്സായിത്തീരുന്ന സാഗര ഗര്‍ജനം! ഡോ. അഴീക്കോടിനെ സാഗരഗര്‍ജനം എന്ന് വിശേഷിപ്പിച്ചുകേള്‍ക്കുമ്പോഴൊക്കെ കടലകത്തെ ‘തിരനാടകം’ ഞാന്‍ ഓര്‍ത്തുപോകാറുണ്ട്.

അഴീക്കോടുമായി 1990 മുതലാണ് ഞാന്‍ ഇടപഴകുന്നത്. അദ്ദേഹം തൃശൂര്‍ നഗരപ്രാന്തത്തെ വിയ്യൂരിലാണ്. കയറി വരുന്നവര്‍ ആരായാലും അവരെയൊക്കെ സസന്തോഷം സ്വീകരിച്ചിരുത്തി ആശയവിനിമയം ചെയ്യുന്ന ഒരു പ്രകൃതമൊന്നുമല്ല അദ്ദേഹത്തിന്റെത്. ‘കവി പ്രൊഫ. പുതുക്കാട് കൃഷ്ണകുമാര്‍ പറഞ്ഞയച്ചിട്ട് വരുന്നതാണ്’ എന്ന് തുറന്നിട്ട ജനലിലൂടെ ഉറക്കെ അകത്തേക്ക് വിളിച്ചുപറഞ്ഞപ്പോഴാണ് മാഷ് വന്ന് കതക് തുറന്നത്. അത്രക്ക് സ്‌നേഹാദരങ്ങള്‍ ഗുരുനാഥനായ പുതുക്കാടിനോടുണ്ടായിരുന്നു. പഠനച്ചെലവിനുള്ള ധനസഹായത്തിന്റെ രൂപത്തിലും ആദ്യ ലഘുലേഖയുടെ അവതാരികയുടെ രൂപത്തിലുമൊക്കെ അദ്ദേഹം എന്നെ സഹായിച്ചത് ഓര്‍ക്കുന്നു.

ഇരുപത് വര്‍ഷത്തെ ബന്ധത്തിനിടയില്‍ ഡോ. സുകുമാര്‍ അഴീക്കോടുമായി നേരിയൊരു സൗന്ദര്യ പിണക്കം പോലും ഉണ്ടായിട്ടില്ല. പക്ഷേ, അതൊക്കെ ഉണ്ടാകാവുന്ന സാഹചര്യങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. മാഷിന്റെ പല നിലപാടുകളെയും അദ്ദേഹത്തിന്റെ സാമിപ്യത്തില്‍ തന്നെ എനിക്ക് എതിര്‍ക്കേണ്ടിവന്നിട്ടുണ്ട്.

അന്തരീക്ഷത്തിന്റെ ആവേശബാധയോടുകൂടിയേ അഴീക്കോട് മാഷിന് സംസാരിക്കാനാകൂ. ഞങ്ങള്‍ പരസ്യമായി ഏറ്റുമുട്ടിയ ഒരു വേദി, പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സെമിനാറായിരുന്നു. സന്തോഷ് മാധവന്‍ പ്രശ്‌നത്തെ തുടര്‍ന്ന് സാമിമാരെല്ലാം വില്ലന്‍ വേഷത്തോടെ വീക്ഷിക്കപ്പെടുന്ന കാലം. സന്തോഷ് മാധവന്റെ ഫഌറ്റില്‍ നിന്ന് ഒരു പോലീസ് ഇന്‍സ്‌പെക്ടറുടെ യൂനിഫോം കണ്ടെടുത്തതുള്‍പ്പെടെ സകലതും വിഷയമായ അന്തരീക്ഷം. സ്വാഭാവികമായും അഴീക്കോട് ‘യൂനിഫോമുകള്‍’ക്കെതിരെ ആഞ്ഞടിച്ചു. കാവിയും കാക്കിയും ഒരുപോലെ അപചയപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞ് കൈയടിയും വാങ്ങി.

മാഷ് പ്രസംഗിച്ചു കഴിഞ്ഞൊരു വേദിയില്‍ പ്രസംഗം ചെയ്യുക എന്നത് വല്ലാത്തൊരു പരീക്ഷണമാണ്. ഞാനും യൂനിഫോമുകളുടെ അപചയത്തെപ്പറ്റി തന്നെയാണ് പറഞ്ഞുതുടങ്ങിയത്. കാവിയും കാക്കിയും മാത്രമല്ല, ഇക്കാലത്ത് അപചയപ്പെട്ടിരിക്കുന്ന യൂനിഫോമുകള്‍ എന്നും അതിനേക്കാള്‍ കനത്ത അപചയം ഗാന്ധിജി ധരിച്ചിരുന്നതും  അനേകായിരങ്ങളെ ധരിപ്പിച്ചതും അഴീക്കോടിനെ പോലുള്ളവര്‍ ധരിച്ചുവരുന്നതുമായ ഖദര്‍ എന്ന യൂനിഫോമിനും സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു തീരും മുമ്പെ സദസ്സ് പിടഞ്ഞുണര്‍ന്ന് കയ്യടിച്ചു. ബാത്ത് റൂമില്‍ കാലിടറി വീണ് ചാകുന്നതിനേക്കാള്‍ അന്തസ്സ് ഹിമാലയം കയറുന്നതിനിടയില്‍ വഴുക്കി വീണ് ചാകുന്നതിലുണ്ട്. ഈയൊരു തത്വമാണ് അഴീക്കോടിന്റെ സാന്നിധ്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളിലെ അബദ്ധങ്ങളെ ചൂണ്ടിക്കാട്ടുന്നതിന് എന്നെ പ്രേരിപ്പിച്ചത്.

അഴീക്കോടിന് വഴങ്ങാത്തൊരു സ്വഭാവമാണ് മൗനം. അതുകൊണ്ടുതന്നെയായിരിക്കാം അദ്ദേഹത്തിന്റെ രോഗശയ്യക്ക് ചുറ്റും ശത്രുമിത്ര ഭേദമന്യേ കേരളം ഇരമ്പിക്കൂടിയത്. എന്നാല്‍ ആ ആള്‍ത്തിരക്കിലും ഞാനൊരു മഹാ മൗനത്തിലേക്ക് വീണുപോയി. അമല ആശുപത്രി എന്റെ മനസ്സിനെ എം എന്‍ വിജയനെക്കുറിച്ചുള്ള ഓര്‍മകളാല്‍ നിറച്ചു. മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ജീവിതത്തിന്റെയും മരണത്തിന്റെയും ഉടമയായ എം എന്‍ വിജയനും മരണത്തിന്റെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രോഗശയ്യാവലംബിയായി അമലാ ആശുപത്രിയില്‍ ഉണ്ടായിരുന്നു. പക്ഷേ, അവിടെ യാതൊരു തിരക്കും ഇല്ലായിരുന്നു. മുറി വിജയന്മാഷുടെ വ്യക്തിത്വം പോലെ തീര്‍ത്തും ശാന്തമായിരുന്നു.

ഗാന്ധിജി ധരിച്ചിരുന്നതും  അനേകായിരങ്ങളെ ധരിപ്പിച്ചതും അഴീക്കോടിനെ പോലുള്ളവര്‍ ധരിച്ചുവരുന്നതുമായ ഖദര്‍ എന്ന യൂനിഫോമിനും കനത്ത അപചയം സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു

എന്തുകൊണ്ടാണ് വിജയന്മാഷുടെ മുറിയില്‍ കേരളം തിങ്ങിക്കൂടാതിരുന്നത്? അദ്ദേഹം വിവാഹിതനായിരുന്നതു കൊണ്ടാണോ? ആര്‍ എസ് എസിന്റെ കാവി ഭീകരതയെ എതിര്‍ക്കാതിരുന്നതുകൊണ്ടാണോ? സാഹിത്യ വിമര്‍ശകനോ പ്രഭാഷകനോ അധ്യാപകനോ അല്ലാതിരുന്നതുകൊണ്ടാണോ? തത്വശാസ്ത്രപരമായി കൃത്യവും വ്യക്തവുമായ പക്ഷം ഉണ്ടായിരുന്നതു കൊണ്ടാണോ; ഇല്ലാതിരുന്നതു കൊണ്ടാണോ? പിണറായി വിജയനെ വിമര്‍ശിക്കാതിരുന്നതുകൊണ്ടാണോ? ദേശാഭിമാനിയുമായി ബന്ധമില്ലാത്തതു കൊണ്ടാണോ? ഗാന്ധിജിയെ കാണാതിരുന്നതുകൊണ്ടാണോ? എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാതിരുന്നുതു കൊണ്ടും പത്മശ്രീ ലഭിച്ചിട്ടും സ്വീകരിക്കാതിരുന്നതു കൊണ്ടുമാണോ? ഓട്ടോയിലോ ബൈക്കിലോ കാറിലോ സഞ്ചരിച്ച് പ്രഭാഷണം ചെയ്യാന്‍ തയ്യാറല്ലായിരുന്നതു കൊണ്ടാണോ?

അഴീക്കോടുമായി വിജയന്‍മാഷേക്കാള്‍ കൂടുതല്‍ ഇടപഴകുന്നതിന് എനിക്ക് സന്ദര്‍ഭം ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിജയന്‍ മാഷിന്റെ വാക്കുകളില്‍ ഉണ്ടായിരുന്ന ചിന്തയുടെ ആഴക്കയങ്ങള്‍ എന്നെ അത്ഭുതപരതന്ത്രനാക്കിയേടത്തോളം അഴീക്കോടിന്റെ വാഗ്‌വൈഭവം എന്നെ ആവേശഭരിതനാക്കിയിട്ടില്ല. തിരപ്പരപ്പിന്‍ കലമ്പല്‍ മാത്രമല്ല കടലെന്നും മുത്തുകള്‍ വിളയിക്കുന്ന ആഴം കൂടിയതാണെന്നും കരുതുന്നതാകാം ഇതിന് കാരണം. അതിനാല്‍ വിജയന്‍മാഷ്  ഇല്ലാതായപ്പോള്‍ ഇ എം എസ് ഒക്കെ ഇല്ലാതായപ്പോഴനുഭവപ്പെട്ട വല്ലാത്തൊരു ശൂന്യത ഞാനറിയാതെ എന്റെ അനുഭവമായിത്തീര്‍ന്നു. എന്നാല്‍ അഴീക്കോട് മാഷില്ലാതായപ്പോള്‍ അത്തരമൊരു ശൂന്യത അനുഭവപ്പെടുന്നില്ല.

കേരളത്തിന് അത്തരമൊരു ശൂന്യത അനുഭവപ്പെടുന്നുണ്ടോ? ഉണ്ടെന്ന് മാധ്യമങ്ങള്‍ പറയുന്നു. സകല രാഷ്ട്രീയ നേതാക്കളും പറയുന്നു, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറയുന്നു, മോഹന്‍ ലാലും വെള്ളാപ്പള്ളി നടേശനും പറയുന്നു.

എന്നാല്‍ അഴീക്കോടിന്റെ മരണം വേറൊരു വിധത്തില്‍ എനിക്ക് ദുഃഖകാരണമായി. അഴീക്കോടിന്റെ ‘വലിയ’ മരണം ഉളവാക്കിയ വാര്‍ത്താവേലിയേറ്റത്തില്‍ തീര്‍ത്തും അവഗണിക്കപ്പെട്ടുപോയൊരു മരണമാണ് എന്നെ ദുഃഖിപ്പിച്ചത്. ഫാദര്‍ ഫെര്‍ണാണ്ടസ് ഡി അലോഷ്യസിന്റെ മരണമായിരുന്നു അത്. ‘കറുത്ത കുര്‍ബാന’ എന്ന പുസ്തകത്തിലൂടെ ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ അന്യായങ്ങളെ തുറന്നുകാട്ടിയ  വിമോചന ദൈവശാസ്ത്ര ചിന്തകന്‍ മാത്രമായിരുന്നില്ല ഫാദര്‍ അലോഷ്യസ്. അദ്ദേഹം പാര്‍ശ്വത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച ആള്‍ കൂടിയായിരുന്നു.

ഇത്ര മേല്‍ അവഗണിക്കപ്പെടേണ്ട ഒരു ജീവിതമോ മരണമോ ആയിരുന്നോ ഫാ. ഫെര്‍ണാണ്ടസ് ഡി അലോഷ്യസിന്റെത്? അഴീക്കോടിന്റെ ‘വലിയ മരണ’ത്തില്‍ മുങ്ങിപ്പോയ ‘ചെറിയ മരണ’മാണ് അദ്ദേഹത്തിന്റെതെന്ന് കരുതി സമാധാനിക്കുന്നത് വലിയ മീനുകള്‍ ചെറിയ മീനുകളെ വിഴുങ്ങുന്ന വ്യവസ്ഥിതിയെ സാധൂകരിക്കുന്നതു പോലെ അന്യായമായിരിക്കും.

6 Responses to “അഴീക്കോട്, വിജയന്‍ മാഷ്; രണ്ട് മരണങ്ങള്‍”

 1. rajesh r

  അസുയകോണ്ടു കാര്യമില്ല ____സ്വാമി
  താങ്കള്‍ എഴുതിയത് ഒന്നുകൂടി വായിച്ചുനോക്കു

 2. cheruvannur viplavam

  ഇതില്‍ അസൂയ ഉണ്ട് ഈനു തോന്നുന്നില്ല പകരം കുറച്ച കാര്യം ഉണ്ട് എന്ന് തോന്നുന്നു ഒരു പക്ഷെ കേരളം കണ്ട തികഞ്ഞ അവസരവടികളില്‍ ഒരാളായിരിക്കും അഴീകോട് മാഷ്…

 3. sudev

  True. azheekod has a very short life after death. Vijayan mash lives ever. azheekod always followed history. he never could lead history. EMS, vijayan mash all led the history.
  when history turned right, azheekode turned right, when history turned left, azheekod turned left. when left turned right, azheekod still followed. that’s all. azheekod is nothing in history. he has no life after death. (sorry to type in English as I don’t know typing malayalam,)

 4. prasanth paleri

  പ്രതിചിന്തകള്‍ സത്യം പറയും

 5. Basheer Palapra

  സ്വാമിജി പറഞ്ഞത് വളരെ ശരിയാണ്. ചിന്തയുടെ മൌലികത വിജയന്‍ മാഷിന്റെ പ്രത്യകതയായിരുന്നു.

 6. പി .എന്‍ .ശ്രീ കുമാര്‍

  തലക്കെട്ട്‌ മൂന്നു മരണങ്ങള്‍ എന്നാക്കണം . ഫാദര്‍ ആലോസ്യസ് കൂടെ അതില്‍ വരണം .

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.