കൊല്‍ക്കത്ത:സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ജൂലിയന്‍ ഡേ സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ടുപേരും എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളാണ്.

പി.ടി സെഷനില്‍ പങ്കെടുക്കാതെ ക്ലാസില്‍ തന്നെ ഇരുന്നതിന്റെ പേരില്‍ ഇവര്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനിലായിരുന്നു. ജൂലിയന്‍ ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.മാക്‌ന മാരയാണ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. ഒരു മണിക്കൂറോളം പ്രിന്‍സിപ്പലിന്റെ ക്യാബിനില്‍ വെച്ച് ഇവരെ ചോദ്യം ചെയ്തതായും രക്ഷിതാക്കളെ കൂടാതെ ഇനി ക്ലാസില്‍ കയറേണ്ടെന്ന്  ഇവരോട് പറഞ്ഞതായും സഹപാഠികള്‍ അറിയിച്ചു.

Subscribe Us:

രണ്ടു വിദ്യാര്‍ത്ഥികളും ക്ലാസിലെ ടോപ്പ് സ്‌കോററാണ്. ”എന്റെ മകള്‍ ഒരു നല്ല വിദ്യാര്‍ത്ഥിയാണ്. എല്ലാവരോടും നന്നായി മാത്രമേ പെരുമാറാറുള്ളു. അവര്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളായിരുന്നു. പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്നുമുണ്ടായ നടപടിയില്‍ മനംനൊന്താണ് അവര്‍ മരിക്കാന്‍ തീരുമാനിച്ചത്.

സസ്‌പെന്‍ഡ് ചെയ്തതില്‍ അവര്‍ രണ്ടുപേരും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നെന്ന് സഹപാഠികള്‍ തന്നെ അറിയിച്ചിട്ടുണ്ട്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ പിഴവു തന്നെയാണ് അവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. സകൂള്‍ അധികൃതര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കും.’ മരിച്ച വിദ്യാര്‍ത്ഥിനിയുടെ അമ്മ സസ്വതി ദാം അച്ഛന്‍ ദീപക്കും പറഞ്ഞു

സാധാരണ സ്‌കൂള്‍ബസ്സില്‍ വരാറുള്ള കുട്ടികള്‍ അന്ന് ഓട്ടോറിക്ഷയിലാണ് വന്നത്. സ്‌കൂളില്‍ നിന്നും കുട്ടികള്‍ നേരെ ആണ്‍കുട്ടിയുടെ വീട്ടിലേക്കാണ് പോയത്.അവിടെ രക്ഷിതാക്കള്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു. ”കുട്ടികള്‍ മുറിയിലേക്ക് കയറി പോയി കുറച്ചു സമയം കമ്പ്യൂട്ടറില്‍ എന്തോ ചെയ്യുന്നതും കണ്ടു. അവര്‍ ടെറസിലേക്ക് കയറി പോയത് ശ്രദ്ധിച്ചതേയില്ലെന്നും ആത്മഹത്യയ്ക്ക ശ്രമിച്ച വി്ദ്യാര്‍തഥിയുടെ സഹോദരി പറഞ്ഞു.

എന്നാല്‍ തങ്ങളുടെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന ആത്മഹത്യാകുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്നും പി.ടി ക്ലാസില്‍ പങ്കെടുക്കാത്തതിന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുക മാത്രമേ ചെയ്തുള്ളൂവെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.
Malayalam News

Kerala News In English