കൃഷ്ണയ്യരുടെ കോടതിയില്‍ ഇപ്പോള്‍ മനു
Discourse
കൃഷ്ണയ്യരുടെ കോടതിയില്‍ ഇപ്പോള്‍ മനു
എ കെ രമേശ്‌
Sunday, 18th April 2010, 1:14 pm

കാന്താരി / എ.കെ.രമേശ്
ലോകവനിതാദിനാചരണത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ നടന്ന ഒരു ദേശീയ കൂടിയാലോചനാ യോഗത്തില്‍ വെച്ചാണ് നമ്മുടെ ചീഫ് ജസ്റ്റിസ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു പുതിയ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. ബലാത്സംഗത്തിന് വിധേയ രാവുന്നവര്‍ക്ക് നീതിയും സമാശ്വാസവും പുനരധിവാസവും നല്‍കുന്നതിനെക്കുറിച്ച് ആലോ ചിക്കുന്ന ഒരുന്നതതല യോഗമായിരുന്നു അത്. റെയ്പ് കേസില്‍ പ്രതിക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ എന്തായിരിക്കണം? കടലാസ്സില്‍ പലതുമുണ്ടെങ്കിലും അതിലും വലുതൊന്ന് എന്ന നിലക്ക് നിര്‍ദ്ദേശിക്കപ്പെട്ട ശിക്ഷ എന്തെന്നോ? അതിക്രമം കാണിച്ചവനെക്കൊണ്ട് ഇരയാക്കപ്പെട്ടവളെ കെട്ടിച്ച് വിടുക, “”ബലാത്സംഗവിധേയയായ സ്ത്രീയുടെ വ്യക്തിപരമായ സ്വയം നിര്‍ണയാവകാശത്തിന് വേണ്ട പരിഗണന നല്‍കണ”” മെ ന്ന സംസ്‌കൃതമാണ് ന്യായമായ വതരിപ്പിച്ചത്.

ഇക്കാര്യത്തില്‍ പ്രത്യക്ഷമായ തന്തക്കോയ്മയുടെ നിലപാടെടുക്കരുത് എന്നാണത്രെ ചീഫ് ജസ്റ്റിസ് പറഞ്ഞത്. അക്കാര്യ ത്തില്‍ ഇരയാക്കപ്പെടുന്ന സ്ത്രീക്കുള്ള വ്യക്തിപരമായ അഭിപ്രായത്തിനായിരിക്കണം മുന്‍തൂക്കം. അതിക്രമം കാട്ടിയ വനെ വിവാഹം കഴിക്കുവാനോ, അതിക്രമഭ്രൂണത്തെ വളരാനനുവദിച്ച് അമ്മയാവാനോ ഉള്ള സ്ത്രീയുടെ സ്വാതന്ത്ര്യം നിഹനിക്കപ്പെടരുതത്രെ!

Due regard must be given to their personal autonomy, since in some cases the victim may choose to marry the perpetrator or choose to give birth to a child conceived through forced intercourse”” ചീഫ് ജസ്റ്റിസ് പറഞ്ഞത് ഇങ്ങനെയാണെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ബലാത്സംഗമധ്യേ അക്രമിയോട് അനുരാഗബദ്ധയായി മാറിയേക്കാവുന്ന അത്യപൂര്‍വ മാനസിക നിലയെയാണ് പരമോന്നത നീതിപീഠത്തിലിരുന്ന് സാമാന്യവല്‍ക്കരിക്കുന്നത്. സ്ത്രീ പക്ഷത്തു ചേര്‍ന്നു നിന്നുള്ള നിരീക്ഷണമെന്ന വ്യാജേന എത്ര നഗ്നമായാണ് കടുത്ത പുരുഷാധിപത്യബോധം മറനീക്കി കടന്നു കയറുന്നത്!

തന്തക്കോയ്മയെ തള്ളിക്കളയാന്‍ പരോക്ഷമായി ആഹ്വാനം ചെയ്യുന്ന ഇതേ ചീഫ് ജസ്റ്റിസിന്റെ സുപ്രീം കോടതയിലെ സഹ ന്യായാധിപന്മാര്‍ പുറപ്പെടുവിച്ച ഒരു വിധിക്കെതിരെ 25 വയസ്സു കാരിയായ സുഷമാ തിവാരി നടത്തിക്കൊണ്ടിരിക്കുന്ന ഒറ്റയാള്‍ പോരാട്ടത്തെക്കുറിച്ചും ഇതേ ദിവസം പുറത്തിറങ്ങിയ ഹിന്ദുവില്‍() മറ്റൊരു വാര്‍ത്തയുണ്ട്.

കീഴ്ജാതിക്കാരനെ പ്രണയി ച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ വിധവയാക്കപ്പെട്ട സുഷമാ തിവാരി ആവശ്യപ്പെടുന്നത് തന്റെ സഹോദരന് നല്‍കിയ വധശിക്ഷ ലഘൂകരിച്ച കോടതിയുത്തരവ് റദ്ദാക്കണമെന്നാണ്. സുഷമയെ വിവാഹം കഴിച്ച കീഴ്ജാതിക്കാരനായ കേരളീയനെയും അയാളുടെ അച്ഛനെയും അവരുടെ ബ ന്ധുക്കളായ രണ്ടു കുട്ടികളെയും കൊന്നു തള്ളിയ സഹോദരന്റെ ചെയ്തിയെ ന്യായീകരിച്ചു കൊണ്ട് സുപ്രീം കോടതി നടത്തിയ പരാമര്‍ശം ആലോചനാമധുരമാണ്.

മഹാരാഷ്ട്രയിലെ അതിവേഗ കോടതിയും പിന്നീട് മുംബെ ഹൈക്കോടതിയും സുഷമയുടെ സഹോദരന് വധശിക്ഷ വിധിച്ചു. കഴിഞ്ഞ ഡിസംബറില്‍ അപ്പീല്‍ ക്കേസില്‍ തീര്‍പ്പു കല്‍പ്പിച്ചു കൊണ്ട് സുപ്രീംകോടതി വധ ശിക്ഷ തടവാക്കി മാറ്റി. അതിന് പറഞ്ഞ ന്യായമാണ് രസകരം. ഇളയ പെങ്ങള്‍ അസാധാരണമായതരത്തിലുള്ള തെറ്റുകള്‍ ചെയ്താല്‍ – ഇക്കാര്യത്തില്‍ ഗൂഢാനുരാഗത്തെത്തുടര്‍ന്നുള്ള വിജാതീയമായ വിവാഹമാണത്- അത്തരം തെറ്റില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ സമൂഹം അതിനു കുറ്റക്കാരനായി കണ്ടെത്തുക മൂത്ത സഹോദരനെയാണ്… തെറ്റാണെ ങ്കിലും അകൃത്രിമമായ ജാതി പരിഗണനകള്‍ക്ക് അയാള്‍ ഇര യാകുന്നുവെങ്കില്‍ , അത് വധ ശിക്ഷക്കുള്ള ന്യായീകരണമാവുന്നില്ല. ഭാഷാന്തരപ്പെടുത്തുമ്പോള്‍ സാരം ചോര്‍ന്ന് പോവാതിരിക്കാനായി പത്രവാര്‍ത്തയില്‍ വന്ന വിധി ന്യായത്തിന്റെ ഭാഗം അതേപടി താഴെ:

It is a common experience that when the younger sister commits something unusual, and in this case it was an inter caste marriage, out of secret love affair, then in society it is the elder brother who justifiably or otherwise is held responsible for not stopping such affair… If he became victim of his wrong but genuine caste considerations, it would not justify the death sentence: Secret love affair, wrong but genuine caste consider- actions തുടങ്ങിയ ആലോചനാമൃത പദങ്ങളുടെ സമൃദ്ധിയില്‍ ഒളിയിരിഞ്ഞിരിക്കുന്നത് ചത്തു മണ്ണടിഞ്ഞുപോയ മനുവിന്റെ വിഷപ്പത്തിയാണ്. ലോക വനിതാ ദിനത്തില്‍ത്തന്നെ ഇതിങ്ങനെ മറനീക്കി പുറത്തിറങ്ങിയത് നന്നായി. വി ആര്‍ കൃഷ്ണയ്യരും ജസ്റ്റിസ് ഭഗവതിയും ചിന്നപ്പറെഡ്ഡിയുമൊക്കെ ഇരുന്ന കസേരകളില്‍ , പെരുമാറിയ കോടതികളില്‍ , മനുവിന്റെ പുതിയ അവതാരങ്ങള്‍ ഞെളിഞ്ഞിരിക്കുകയും ആര്‍ത്തട്ടഹസിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ഹാ, കഷ്ടം!