[share]
[] ന്യൂദല്‍ഹി: ഫത്‌വകള്‍ മതപരമായ കാഴ്ച്ചപ്പാടുകള്‍ ആണെന്നും അതില്‍ ഇടപെടാനാവില്ലെന്നും സുപ്രീംകോടതി പ്രസ്താവിച്ചു.
അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മുന്‍കയ്യെടുത്ത് സ്ഥാപിച്ച ദാറുല്‍ ഖദ നിരോധിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ അഭിഭാഷകന്‍ വിശ്വ ലോചന്‍ മദന്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധി പ്രസ്താവിക്കുകയായിരുന്നു കോടതി.
സമാന്തപര കോടതികളുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്താണ് വിശ്വ ലോചന്‍ മദന്‍ ഹരജി സമര്‍പ്പിച്ചത്.
ഇതെല്ലാം മത-രാഷ്ട്രീയ വിഷയങ്ങളാണെന്നും അതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും കോടതി വ്യക്തമാക്കി.
തന്നെ പീഡിപ്പിച്ച ഭര്‍തൃപിതാവിനൊപ്പം കഴിയാന്‍ മതനിയമങ്ങള്‍ അനുശാസിക്കുന്നതിനാല്‍ മുസ്‌ലിം പെണ്‍കുട്ടിക്ക് അവളുടെ ഭര്‍ത്താവിനെ ഉപേക്ഷിക്കേണ്ടി വരുമെന്ന് വിശ്വ ലോചന്‍ മദന്‍ വാദിച്ചു.
എന്നാല്‍ അമിത നാടകീയത അരുതെന്നും അത്തരമൊരു ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ രക്ഷക്കായി തങ്ങളെത്തുമെന്നുമാണ് കോടതി പ്രതികരിച്ചത്.
ദാറുല്‍ ഖസയും ദാറുല്‍ ഇഫ്തയും പൗരന്റെ ജീവിതത്തില്‍ അമിതമായി ഇടപെടുന്നുവെന്നും അതിനാല്‍ ഫത്‌വകള്‍ ഇറക്കുന്നത് നിര്‍ത്തണമെന്നും ഹരജിക്കാരന്‍ വാദിച്ചു.
എന്നാല്‍ എല്ലാ ഫത്‌വകളും യുക്തിരഹിതമാണെന്നുള്ള ഹരജിക്കാരന്റെ ധാരണ തെറ്റാണെന്നും ബുദ്ധിപരവും പൊതുനന്മ ഉദ്ദേശിക്കുന്നതുമായ ഫത് വകളുണ്ടെന്നും കോടതി വ്യക്തമാക്കി.
അതേസമയം ദാറുല്‍ ഖദ നിരോധിക്കണമെന്ന ആവശ്യം നിയമപരമായി നിലനില്‍ക്കില്ലെന്നും ഒരു ഫത്‌വ രാജ്യത്തെ ഏതെങ്കിലും പൗരന്റെ മൗലികാവകാശം ലംഘിക്കുന്നുവെങ്കില്‍ കോടതിയെ സമീപിക്കാവുന്നതയേള്ളുവെന്നും വ്യക്തിനിയമ ബോര്‍ഡ് ബോധിപ്പിച്ചു.
മുസ്‌ലിങ്ങള്‍ക്കിടയിലെ വൈവാഹിക,കുടുംബ, സ്വത്ത് തര്‍ക്കങ്ങള്‍ കോടതികള്‍ക്ക് പുറത്ത് ഒത്തുതീര്‍ക്കുന്നതിനാണ് ദാറുല്‍ ഖദ എന്ന പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ തര്‍ക്കപരിഹാരകോടതികള്‍ ഒരുക്കിയിരിക്കുന്നത്.
ഇതിനെതിരായുള്ള ഹരജി ഭരണപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് മുസ്‌ലിം വ്യക്തി നിയമബോര്‍ഡിന്റെ വാദം.
മൗലികാവകാശത്തെ ഹനിക്കാത്ത കാലത്തോളം മുസ്‌ലിം വ്യക്തിനിയമത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഫത്‌വകള്‍ വെറും മതപരമായ അഭിപ്രായങ്ങളാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
