Administrator
Administrator
സ്ത്രീ നിശ്ശബ്ദയായിരിക്കരുത്: സുനിത കൃഷ്ണന്‍
Administrator
Monday 25th July 2011 11:11am

sunitha-krishnanകേരളത്തില്‍ ഇപ്പോള്‍ സ്ത്രീപീഡന വാര്‍ത്തകള്‍ മാത്രമേ കേള്‍ക്കാനുള്ളൂ. സ്വന്തം വീട്ടിനുള്ളില്‍ തന്നെ അവള്‍ അരക്ഷിതരായാണ് കഴിയുന്നതെന്ന് പുതിയ വാര്‍ത്തകള്‍ വിളിച്ചുപറയുന്നു.

സിനിമ മോഡലിങ് പ്രലോഭനങ്ങളിലൂടെ അവളെ ചൂഷണം ചെയ്യുന്ന കഥകളായിരുന്നു കേരളം ഇതുവരെ കേട്ടത്. എന്നാല്‍ ഇപ്പോള്‍ സംരക്ഷണം നല്‍കേണ്ട സ്വന്തം അച്ഛന്‍ തന്നെ അവള ശരീരച്ചന്തയിലേക്ക് പിടിച്ചുകൊണ്ടു പോകുന്നു.


തുടര്‍ച്ചയായി ഉണ്ടാവുന്ന ഇത്തരം വാര്‍ത്തകളോട് മലയാളി ഇപ്പോള്‍ സമരസപ്പെട്ടിരിക്കയാണ്. വാര്‍ത്തകള്‍ വായിച്ച് നെടുവീര്‍പ്പിടുകയോ ആസ്വദിക്കുകയോ ചെയ്യുന്ന സമൂഹമായി നാം മാറിയപ്പോള്‍ പ്രതികരിക്കാനുള്ള അവസാന അവസരം ഇതാണെന്ന് നമ്മോട് പറയുകയാണ് ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകയുമായ സുനിതാ കൃഷ്ണന്‍.

സമൂഹം നാലാം തരം പൗരന്‍മാരായി കാണുന്ന വേശ്യകള്‍, എയ്ഡ്‌സ് രോഗികള്‍, ലൈംഗിക ചൂഷണത്തിനിരയാവുന്നവര്‍ തുടങ്ങിയവരെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സുനിത. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാജ്വാല എന്ന പേരില്‍ ഒരു സംഘടനയ്ക്കും ഇവര്‍ രൂപം കൊടുത്തിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘനടയ്ക്ക് ധാരാളം സ്ത്രീകളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.

കേരളത്തിലെ സ്ത്രീ പീഡനങ്ങളെക്കുറിച്ചും, ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും സുനിത സംസാരിക്കുന്നു.

ഇന്നത്തെ കാലത്ത് ലൈംഗിക ചൂഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകമായി എന്തെങ്കിലും മാറ്റങ്ങള്‍ വന്നതായി തോന്നുന്നുണ്ടോ?

ലൈംഗികചൂഷണവും വേശ്യവൃത്തിയും ദിവസം തോറും വര്‍ധിക്കുകയാണ്. ഇതിനിരയാവുന്നവരുടെ പ്രായം ദിവസം കഴിയുന്തോറും കുറയുകയാണ്.

രണ്ട് വയസ് പ്രായമുള്ള കുട്ടികള്‍ വരെ പീഡനത്തിനിരയായ സംഭവങ്ങളുണ്ട്. ഇത്തരമൊരു അധപതനത്തിന് കാരണമെന്താണ്?

പല കാരണങ്ങളുമുണ്ട്. പീഡനത്തിനിരയാവുന്ന ആളുകളുടെ നിശബ്ദതയും, എല്ലാം സഹിക്കാം എന്ന മനോഭാവവുമാണ് അക്രമികളെ വളര്‍ത്തുന്നത്. ഇതില്‍ സമൂഹത്തിനും ഒരു പങ്കുണ്ട്. പുരുഷത്വത്തെക്കുറിച്ചും, ലൈംഗികതയെയും കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ക്കും ചെറിയ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നതില്‍ പങ്കുണ്ട്. ഇതിനു പുറമേ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ലൈംഗിക പീഡനം കൂടാനുള്ള സാഹചര്യമുണ്ടാക്കുന്നു.

ഈ അവസ്ഥയില്‍ എങ്ങനെ മാറ്റം വരുത്താനാകും?

ഈ പ്രവണത തടയാന്‍ മൂന്ന് മാര്‍ഗങ്ങളിലൂടെ നമ്മള്‍ ശ്രമിക്കണം. തടയുക, സംരക്ഷിക്കുക, നടപടിയെടുക്കുക ഇവയാണ് ആ മാര്‍ഗങ്ങള്‍. ഇത് മൂന്നും ഒരേപോലെ നടപ്പാക്കണം. അല്ലാത്തപക്ഷം ഈ മാര്‍ഗങ്ങള്‍ വിജയിക്കില്ല. ഉദാഹരണത്തിന് നമുക്ക് 1098 എന്ന ഹെല്‍പ് ലൈന്‍ നമ്പറിന്റെ കാര്യമെടുക്കാം. ഈ നമ്പറില്‍ വിളിച്ച് പറഞ്ഞാല്‍ നമുക്ക് ആവശ്യമായ സഹായം ലഭിക്കും എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാവണം. ജനങ്ങളുടെ പരാതി ലഭിച്ചാല്‍ അത് വേണ്ടവിധം അന്വേഷിച്ച് അവര്‍ക്ക് നീതി ലഭിക്കുമെന്ന തോന്നലുണ്ടാക്കണം.

കുട്ടികളുടെ കാര്യത്തില്‍ എന്തൊക്കെ മുന്‍കരുതലുകളാണ് നിങ്ങള്‍ക്ക് മുന്നോട്ട് വയ്ക്കാനുള്ളത്?

അധ്യാപകര്‍ കുട്ടികളെ ബോധവാന്‍മാരാക്കണം. കുട്ടികളെ ജാഗരൂകരാക്കുന്നതില്‍ സ്‌കൂളിനും നല്ല പങ്കുവഹിക്കാന്‍ കഴിയും. അതിനായി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാം. കുട്ടികളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാനും അതിന് പരിഹാരം കാട്ടിക്കൊടുക്കാനും സഹായിക്കുന്ന ക്ലബ്ബുകള്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തണം.

സെക്ഷ്വല്‍ ഫ്രസ്‌ട്രേഷനെക്കുറിച്ച് പലരും പറയാറുണ്ട്. ഇതിനെന്തെങ്കിലും സ്വാധീനമുള്ളതായി തോന്നിയിട്ടുണ്ടോ?

സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ എന്നത് ഒരു കപടനാട്യമാണ്. ഞാന്‍ ഇവിടുത്തെ എന്‍.ജി.ഒയുമായി സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഏഴ് മണിക്കുശേഷം സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ലെന്നാണ്. ഇതുപോലൊരു അവസ്ഥ ഞാന്‍ മറ്റെവിടെയും കണ്ടിട്ടില്ല.

പിന്നെ ഇതിനെതിരെ നടപടിയെടുക്കാനുള്ള മടിയാണ് മറ്റൊരു കാരണം. എല്ലാവരും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. പക്ഷെ ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്നില്ല.

Advertisement