വാതുവെയ്പ്പ്: അറസ്റ്റിന് മുമ്പ് ശ്രീശാന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതായി സൂചന
India
വാതുവെയ്പ്പ്: അറസ്റ്റിന് മുമ്പ് ശ്രീശാന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതായി സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2013, 10:12 am

[]ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പില്‍ അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്ന് ഒഴിവാക്കിയതായി സൂചന.[]

ശ്രീശാന്ത് ഒത്തുകളിച്ചതായി ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്നും സൂചനയുണ്ട്. മെയ് 12 നാണ് ശ്രീശാന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. ടീമില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ദ്രാവിഡുമായി തര്‍ക്കിച്ചിരുന്നെന്നും അറിയുന്നു.

മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ഒഴിവാക്കിയതെന്നാണ് ടീമിന്റെ വിശദീകരണം. ശ്രീശാന്തിന്റെ പ്രതിഫലം മുഴുവന്‍ ടീം മാനേജ്‌മെന്റ് നല്‍കിയതായും വാര്‍ത്തയുണ്ട്. മെയ് 12 ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരശേഷമാണ് ശ്രീയെ ഒഴിവാക്കിയത്.

അതേസമയം, വാതുവെപ്പില്‍ അറസ്റ്റിലായ താരങ്ങള്‍ക്ക് തത്ക്കാലം ആജീവനാന്ത വിലക്ക് വേണ്ടെന്ന നിലപാടിലാണ് ബി.സി.സി.ഐ. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ബി.സി.സി.ഐ രവി സവാനിയുടെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

ഈ അന്വേഷണത്തിനൊടുവിലായിരിക്കും താരങ്ങള്‍ക്കെതിരെയുള്ള നടപടിയടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.