ശ്രീശാന്തിനെ കെണിയിലാക്കിയത് ധോണിയും ഹര്‍ഭജനുമെന്ന് ബന്ധുക്കള്‍
Kerala
ശ്രീശാന്തിനെ കെണിയിലാക്കിയത് ധോണിയും ഹര്‍ഭജനുമെന്ന് ബന്ധുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2013, 11:44 am

കൊച്ചി: ഐ.പി.എല്‍ കോഴവിവാദത്തില്‍ അറസ്റ്റിലായ ശ്രീശാന്തിന് പിന്തുണയുമായി കുടുംബാംഗങ്ങള്‍. ശ്രീശാന്തിനെ കെണിയില്‍പ്പെടുത്തിയതായി സംശയിക്കുന്നെന്ന് അവര്‍ പറഞ്ഞു. ഹര്‍ഭജന്‍ സിങ്ങും മഹേന്ദ്രസിങ് ധോണിയും ആണ് ശ്രീശാന്തിനെ കുടുക്കിയതെന്ന് അച്ഛന്‍ ശാന്തകുമാരന്‍ നായര്‍ പറഞ്ഞു.  []

പഞ്ചാബ് പൊലീസില്‍ ഡിവൈഎസ്പിയായ ഹര്‍ഭജന്‍ ഗൂഢാലോചന നടത്തി. ഇന്ത്യന്‍ ടീമില്‍ കളിക്കില്ലെന്നു ധോണി ഭീഷണിപ്പെടുത്തിയിരുന്നു. – ശാന്തകുമാരന്‍ നായര്‍ പറഞ്ഞു.

ശ്രീശാന്തിന്റെ അറസ്റ്റ് വ്യക്തിവൈരാഗ്യമാണെന്ന് സഹോദരീ ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്‍ പ്രതികരിച്ചു. ഹര്‍ഭജനുമായുള്ള പ്രശ്‌നം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതിന്റെ പക വീട്ടുകയായിരുന്നു അവര്‍.

ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താനുളള സാധ്യത വളരെയേറെ ഉള്ള സമയമായിരുന്നു. അതിനുവേണ്ടി ശ്രീശാന്ത് വളരെ അധികം ആഗ്രഹിക്കുകയും പ്രയത്‌നിക്കുകയും ചെയ്തിരുന്നു. ഒരിക്കലും ശ്രീ ഇത്തരമൊരു വിവാദത്തില്‍ ചെന്ന് പെടില്ലെന്ന് ഉറപ്പാണ്.

ശ്രീശാന്തിനോട് ഹര്‍ഭജനും ധോണിക്കും ശത്രുതയുണ്ടായിരുന്നു. അറസ്റ്റ് നിയമപരമായി നേരിടുമെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു. വാതുവയ്പിനോടു പൂര്‍ണമായി എതിര്‍പ്പുള്ള ആളാണ് ശ്രീശാന്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീശാന്ത് ഒരിക്കലും പണത്തിനു വേണ്ടി തെറ്റ് ചെയ്യില്ലെന്ന് മാതാവ് സാവിത്രി പറഞ്ഞു. പണത്തിനു പിന്നാലെ പായുന്ന ചെറുപ്പക്കാരനല്ല ശ്രീശാന്ത്. – മാതാവ് പറഞ്ഞു.

അതേസമയം ശ്രീശാന്ത് നല്ല കളിക്കാരനാണെന്നും അദ്ദേഹം കേരളത്തിന്റെ അഭിമാനമാണെന്നും കേന്ദ്രമന്ത്രി ശശി തരൂര്‍ പറഞ്ഞു.

വാതുവയ്പ് വിവാദത്തെ തുടര്‍ന്ന് ശ്രീശാന്ത് അറസ്റ്റിലായത് വേദനാജനകമാണ്. പൊലീസ് അറസ്റ്റ് ചെയ്തതുകൊണ്ടു മാത്രം ഒരാള്‍ കുറ്റക്കാരനെന്നു പറയാന്‍ കഴിയില്ല.

കോടതി നടപടികള്‍ക്കു ശേഷം മാത്രമേ ശ്രീശാന്ത് കുറ്റക്കാരനാണെന്നു പറയാന്‍ കഴിയൂ. അതുവരെ അദ്ദേഹത്തിന്റെ കളിയെ കുറിച്ചു മാത്രം ചിന്തിച്ചാല്‍ മതിയെന്നും തരൂര്‍ പറഞ്ഞു.