തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കാന്‍ പെട്ടെന്ന് തന്നെ നീക്കങ്ങളുണ്ടായില്ലെങ്കില്‍ പുതിയ സംരഭകരെ തേടുമെന്ന് സര്‍ക്കാറിന്റെ അന്ത്യശാസനം. ഇക്കാര്യം കാണിച്ച്് സര്‍ക്കാര്‍ ടീകോമിന് കത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ അനുസരിച്ചല്ല ടീകോമിന്റെ പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാറുമായുണ്ടാക്കിയ വ്യവസ്ഥകള്‍ ലംഘിക്കാന്‍ ടീകോമിനെ അനുവദിക്കില്ല. സ്മാര്‍ട്ട് സിറ്റിയില്‍ ടീകോമിന് സ്വതന്ത്ര അവകാശം അനുവദിക്കില്ല. ഇക്കാര്യം രേഖാമൂലം തന്നെ ടീകോമിനെ അറിയിച്ചിട്ടുണ്ട്. ടീകോമിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്നതിനാലാണ് ടീകോം പുതിയ ആവശ്യങ്ങളുന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe Us:

ടീകോമിന് നല്‍കാന്‍ ഐ ടി സെക്രട്ടറി തയ്യാറാക്കിയ കത്തിന്റെ കരട് ചീഫ് സെക്രട്ടറിക്ക് കൈമാറിക്കഴിഞ്ഞു. സര്‍ക്കാര്‍ നല്‍കിയ നിശ്ചിത സമയ പരിധിക്കുള്ളില്‍ ജോലികള്‍ തുടങ്ങണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന് കഴിയുന്നില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ കമ്പനിയോട് നിര്‍ദേശിക്കും. ഇല്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദിന്റെ നിയമോപദേശ പ്രകാരമാണ് ടീകോമിന് അന്തിമ കത്ത് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മൂന്നാഴ്ച മുന്‍പ് ഇക്കാര്യത്തില്‍ എ ജിയുടെ നിയമോപദേശം മുഖ്യമന്ത്രി തേടിയിരുന്നു. കത്തയക്കുന്ന കാര്യം ചീഫ് സെക്രട്ടറി ടീകോമിനെ ടെലിഫോണില്‍ അറിയിച്ചിട്ടുണ്ട്.