ജയ്പൂര്‍: ഒന്നാം വയസില്‍ ബന്ധുക്കള്‍ നടത്തിയ വിവാഹത്തിനെതിരെ 16കാരി രംഗത്ത്. താനറിയാതെ നടത്തിയ വിവാഹം റദ്ദാക്കണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം.

ഒന്നാം വയസില്‍ നടന്ന വിവാഹത്തെക്കുറിച്ച് പെണ്‍കുട്ടിക്ക് ഇതുവരെ അറിയില്ലായിരുന്നു. കുറച്ചുദിവസം മുമ്പ് പെണ്‍കുട്ടിയെ വീട്ടിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്തൃവീട്ടുകാര്‍ സമീപിച്ചപ്പോഴാണ് താന്‍ വിവാഹിതയാണെന്ന കാര്യം ഇവര്‍ അറിയുന്നത്.

‘ കുഞ്ഞായിരിക്കുമ്പോള്‍ എന്റെ വിവാഹം കഴിഞ്ഞതാണെന്ന് സഹോദരന്‍ ഹനുമാന്‍ അടുത്തിടെയാണ് എന്നോട് പറഞ്ഞത്. 1996ല്‍ എന്റെ മുത്തശ്ശി മരിച്ച് മൂന്നാമത്തെ ദിവസം രാകേഷുമായി എന്റെ വിവാഹം കഴിഞ്ഞതാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ‘ പെണ്‍കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൗമാരപ്രായക്കാരിയായ ഇവരെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമം തുടങ്ങിയതോടെയാണ് എതിര്‍പ്പ് ശക്തമായത്. തുടര്‍ന്ന് പഠിക്കാനും ജോലി സമ്പാദിക്കാനും മോഹിക്കുന്ന പെണ്‍കുട്ടി ഇപ്പോള്‍ സാമൂഹികപ്രവര്‍ത്തകരുടെ സഹായം തേടിയിരിക്കുകയാണ്. ബന്ധുക്കളില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്നുമുള്ള നിരന്തര ഭീഷണി വകവയ്ക്കാതെയാണ് ഇവര്‍ ചെറുത്തുനില്‍പ്പ് തുടരുന്നത്. ഗ്രാമത്തിലെ ഭരണസമിതിയോടും ലക്ഷ്മി സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ ബലമായി കൂട്ടിക്കൊണ്ടുപോകുമെന്ന നിലപാടിലാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍.

ശൈശവ വിവാഹം പിന്തുടരുന്ന നിരവധി ഗ്രാമങ്ങള്‍ രാജസ്ഥാനിലുണ്ട്. എന്നാല്‍ ഈ അനാചാരത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ വിരലിലെണ്ണാവുന്നത്ര പെണ്‍കുട്ടികള്‍ പോലും രംഗത്തെത്തുന്നില്ലെന്നാണ് യാഥാര്‍ഥ്യം. ബന്ധുക്കളുടേയും ഗ്രാമ ഭരണധികാരികളുടെയും ഭീഷണിയ്ക്കു മുന്നില്‍ പെണ്‍കുട്ടികള്‍ നിശബ്ദരാകുന്നു. ശൈശവ വിവാഹങ്ങള്‍ക്കു ഏറ്റവും നല്ല മുഹൂര്‍ത്തമായി അക്ഷയ ത്രിതീയ ദിനമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ശൈശവ വിവാഹങ്ങള്‍ക്കെതിരെ ബോധവത്കരണവും നിയന്ത്രണങ്ങളുമെല്ലാം ഏര്‍പ്പെടുത്തുന്നുണ്‌ടെങ്കിലും പെണ്‍കുട്ടികള്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം മറക്കുംമുമ്പ് വിവാഹിതരാകുന്നുവെന്നത് ഇന്ത്യന്‍ ജനതയുടെ സാമൂഹ്യബോധത്തെ ചോദ്യംചെയ്യുന്നതാണ്.

അതിനിടെ രാജസ്ഥാനില്‍ ഏറിവരുന്ന ശൈശവ വിവാഹങ്ങള്‍ അവസാനിപ്പിക്കാന്‍ സാമൂഹിക പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. കഴിഞ്ഞദിവസം സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് അജ്‌മേറില്‍ രണ്ട് ശൈശവ വിവാഹങ്ങള്‍ ജൂഡീഷ്യല്‍ കോടതി റദ്ദാക്കി. പിസാഗനിലും പുഷ്‌കാറിലും റിപ്പോര്‍ട്ട് ചെയ്ത വിവാഹങ്ങളും പോലീസ് ഇടപെട്ട് നിര്‍ത്തിവെച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ശൈശവ വിവാഹങ്ങളെക്കുറിച്ച് വിവരം നല്‍കാന്‍ കണ്‍ട്രോള്‍ റൂമും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.

 

Kerala News in English

Malayalam News