വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളി പ്രേക്ഷകരുടെ വൈകുന്നേരങ്ങളെ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍, പ്രശ്‌നോത്തരികള്‍, സംവാദങ്ങള്‍ എന്നിവയിലൂടെ ആനന്ദകരമാക്കി തീര്‍ത്തയാളാണ് ബൈജു ചന്ദ്രന്‍. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രയുടെ ആദ്യ ടി.വി ന്യൂസ് പ്രൊഡ്യൂസറായിരുന്ന അദ്ദേഹം നിരവധി ഡോക്യുമെന്ററികളും മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു.

Subscribe Us:

സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളിലൂന്നിയുള്ള അദ്ദേഹത്തിന്റെ ഡോക്യുമെന്ററികളും ടെലിഫിലിമുകളും ഏറെ ജനപ്രീതി നേടിയിരുന്നു. നിനച്ചാലൊഴുകിയ നാള്‍വഴികള്‍, ശകുനം എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു.

ഇപ്പോള്‍ ദൂരദര്‍ശന്‍ കേന്ദ്രയുടെ അസിസ്റ്റന്റെ ഡയറക്ടറായ ബൈജു ഒരു ഹ്രസ്വ ചിത്രത്തിന്റെ പിന്നാലെയാണ്. ഇ ഹരികുമാറിന്റെ പ്രശസ്തമായ ചെറുകഥ ശ്രീ പാര്‍വതിയുടെ പാദം അതേ പേരില്‍ തന്നെ സിനിമയാക്കുകയാണ്. നവംബര്‍ ആദ്യവാരം ചിത്രം പുറത്തിറങ്ങും.

ജീവിതത്തിന്റെ ഇരു വശങ്ങളെ പ്രതിനിധാനം ചെയ്യുന്ന രണ്ടു സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നത്. മാധവിയും ശാരദയും സഹോദരികളാണ്. ശാരദയുടെ വീട്ടിലെത്തുന്ന മാധവി അവിടുത്ത പ്രകൃതിഭംഗിയില്‍ ആശ്വാസം കണ്ടെത്തുന്നു. എന്നാല്‍ മാധവിയുടെ വരവ് ശാരദയുടെ മനസില്‍ സംശയമുണ്ടാക്കുന്നു. എല്ലാ സമയവും ഭാവിയെക്കുറിച്ച് ആലോചിച്ച് വേദനിക്കുന്നയാളാണ് ശാരദ.

രണ്ട് സ്ത്രീകളില്‍ ഒരാള്‍ പ്രകൃതിയെയും മറ്റെയാള്‍ ജീവിതത്തിന്റെ സ്വാര്‍ത്ഥതയെയും പ്രതിനിധാനം ചെയ്യുന്നു എന്നതിന്റെ പ്രാധാന്യമാണ് ഇ ഹരികുമാറിന്റെ കഥ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ബൈജു പറയുന്നു. ആളുകള്‍ ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ ശ്രദ്ധിക്കാതെ ആളുകള്‍ ഒന്നിനുംകൊള്ളാത്ത ടിവി പരിപാടികള്‍ക്കു മുന്നിലിരുന്ന് സമയം പോക്കുകയാണ്.

നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ആളുകളെ അറിയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സംവിധായകന്‍ പറയുന്നു.

ഗായികയായ അഞ്ജന ഹരിദാസും സോനാനായരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം.ജി ശശി, വല്‍സന മേനോന്‍, ബേബി സാവിത്രി തുടങ്ങിയവരാണ് മറ്റുപ്രധാന താരങ്ങള്‍.

malayalam news