Administrator
Administrator
ശിരുവാണി റിസര്‍വ് വനത്തില്‍ അനധികൃത നിര്‍മ്മാണം
Administrator
Friday 11th February 2011 9:00am

ഹരീഷ് വാസുദേവന്‍/ ഇന്‍വെസ്റ്റിഗേഷന്‍ ഡസ്‌ക്

ശിരുവാണി വനത്തില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മണ്ണാര്‍ക്കാട് ഡിവിഷനില്‍ റിസര്‍വ്വ് വനത്തിന്റെ ഭാഗമായ ശിരുവാണിയില്‍ ഡാമിനോട് ചേര്‍ന്ന വനഭൂമിയിലാണ് ജെ.സി.ബി ഉപയോഗിച്ചുള്ള അനധികൃത നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലാതെയും സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചുമാണ് വനം വകുപ്പ് ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കടുവ,കരടി അടക്കമുള്ള വന്യമൃഗങ്ങള്‍ സ്ഥിരമായി സഞ്ചരിക്കുന്ന വനമേഖലയിലാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍മ്മാണം നടക്കുന്നത്.

പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് കിടങ്ങ് കുഴിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുറം ലോകം അറിയാതിരിക്കാനായി ശിരുവാണി ഇക്കോ ടൂറിസം മേഖലയിലേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നത് താല്‍ക്കാലികമായി വനംവകുപ്പ് നിര്‍ത്തിവെച്ചിരിക്കയാണ്.

കെട്ടിട നിര്‍മ്മാണത്തോടൊപ്പം റോഡ് നിര്‍മ്മാണവും നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റക്കുറ്റപ്പണികളും ശിരുവാണിയില്‍ നടക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വനഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കേന്ദ്ര വനസംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. മണ്ണാര്‍ക്കാട് വനംവകുപ്പ് ഡിവിഷന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച വര്‍ക്കിങ് പ്ലാനില്‍ ഈ നിര്‍മ്മാണപ്രവര്‍ത്തികളെപ്പറ്റി സൂചന പോലുമില്ല എന്നത് നിര്‍മ്മാണത്തിന്റെ പിന്നിലെ ‘കരാര്‍ താല്‍പര്യങ്ങള്‍’ വ്യക്തമാക്കുന്നു.

ശിരുവാണി വനമേഖലയില്‍ അനധികൃത നിര്‍മ്മാണം നടത്തുന്നതിനെതിരെ 2005ല്‍ പരിസ്ഥിതി സംഘടനയായ വണ്‍എര്‍ത്ത് വണ്‍ ലൈഫ് സുപ്രീം കോടതി ഉന്നതാധികാര സമിതിയെ സമീപിച്ചിരുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ അന്ന് ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് കാറ്റില്‍പറത്തിയാണ് വനംവകുപ്പും ജലസേചന വകുപ്പും സംയുക്തമായി നിര്‍മ്മാണപ്രവൃത്തികള്‍ നടത്തുന്നത്.

ശിരുവാണി ഡാമിന് ചുറ്റുമുള്ള വനപ്രദേശത്ത് കുറച്ച് ഭാഗം ജലസേചന വകുപ്പിന്റെ അധീനതയിലാണ്. ഇതിലൂടെയുള്ള റോഡും വനത്തിനുള്ളലെ കെട്ടിടവും നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ജലസേചന വകുപ്പാണ്. ഇതിന് വനം വകുപ്പിന്റെ അനുവാദം വാങ്ങിയിട്ടില്ല. അനധികൃത നിര്‍മ്മാണങ്ങളെ സംബന്ധിച്ച് 2006ല്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒ പാലക്കാട്ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമലംഘനങ്ങള്‍ അക്കമിട്ട് വെളിപ്പെടുത്തുന്നുണ്ട്. ‘റോഡ് നന്നാക്കുന്ന പേരില്‍ നടപ്പാക്കിയ നിര്‍മ്മാണ പദ്ധതികള്‍ പലതും അനാവശ്യമായതും കൂടാതെ വന്യജീവികളുടെ സഞ്ചാരപഥം ഇല്ലാതാക്കിക്കൊണ്ടുള്ളതുമാണ്’ – ഡി.എഫ്.ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിരുവാണി സൈലന്റ്‌വാലിയുടെ തുടര്‍ച്ച

ലോകപ്രശസ്ത നിത്യഹരിത വനമായ സൈലന്റ്‌വാലിയുടെ തുടര്‍ച്ചയാണ് ശിരുവാണി. ലോകത്ത് ഏറ്റവും ശുദ്ധമായ ജലം ലഭിക്കുന്നതില്‍ രണ്ടാം സ്ഥാനം ശിരുവാണിക്കുണ്ട്. മനുഷ്യസ്പര്‍ശമില്ലാത്തതിനാല്‍ മാലിന്യം ഏറ്റവും കുറവും ഓക്‌സിജന്റെ അളവ് കൂടുതലുമാണ് ശിരുവാണിയിലിലെ ജലത്തില്‍. നിയമവിരുദ്ധ ടൂറിസം വരുന്നതോടെ ശിരുവാണിയുടെ പരിസ്ഥിതി പ്രശസ്തിയും കേരളത്തിന് നഷ്ടമാകും.

ശിരുവാണിയില്‍ നിയമലംഘനം തുടര്‍ക്കഥ

ശിരുവാണി ഡാമിനടുത്തുള്ള അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ വനംവകുപ്പ് മുഖ്യവനപാലകന്‍ 2006ല്‍ നല്‍കിയ ഉത്തരവ് നാളിതുവരെ നടപ്പായിട്ടില്ല. വനം കുപ്പിന്റെ അനുമതിയില്ലാതെ ജലസേചന വകുപ്പ് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ കഞ്ചാവ് മാഫിയയുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ വനംസെക്രട്ടറിക്കും കീഴുദ്യോഗസ്ഥര്‍ക്കും 2006ല്‍ മുഖ്യവനപാലകന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ നാളിതുവരെ അവ പൊളിച്ചുമാറ്റിയിട്ടില്ല. എന്നുമാത്രമല്ല അറ്റകുറ്റപ്പണികള്‍ ഇപ്പോഴും നടക്കുന്നുവെന്നാണ് ഡൂള്‍ ന്യൂസ് നടത്തിയ അന്വേഷണം തെളിയിക്കുന്നത് വനം വകുപ്പിന്റെ മൗനാനുവാദത്തോടെയാണ് സാമൂഹ്യവിരുദ്ധര്‍ ഇവിടെ തമ്പടിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

പൊതുഖജനാവിലെ പണം ദുര്‍വിനിയോഗം ചെയ്യുന്ന ജലസേചന വകുപ്പിന്റെയും വനം വകുപ്പിന്റെയും നടപടികള്‍ക്കെതിരെ പരിസ്ഥിതിപ്രവര്‍ത്തകരും രംഗത്തെത്തിക്കഴിഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി ശിരുവാണിയില്‍ പരിസ്ഥിതി പഠനക്യാമ്പുകള്‍ നടക്കാറുണ്ടായിരുന്നു. ടൂറിസം വര്‍ധിച്ചതോടെ പ്രകൃതിപഠന ക്യാമ്പുകള്‍ക്ക് വനംവകുപ്പ് അനുമതി നിഷേധിക്കുന്ന സ്ഥിതിയുണ്ടായി. ഇതോടെയാണ് മദ്യപാനം മുതലായ വനവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ശിരുവാണിയില്‍ വര്‍ധിച്ചത്. സന്ദര്‍ശകര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഇപ്പോള്‍ ശിരുവാണിയെ മലിനമാക്കുന്നു. ഇതിനെ സഹായിക്കുന്ന നിലപാടുമായാണ് ഇക്കോ ടൂറിസം വകുപ്പ് വനംവകുപ്പിന്റെ അനുമതിയില്ലാതെ ടൂറിസം പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. 80 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇക്കോടൂറിസം വകുപ്പ് ഈ മാസം വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃത നിര്‍മ്മാണങ്ങള്‍ വിവാദമായതോടെ ഈ നിര്‍ദേശം നടപ്പാക്കേണ്ടെന്ന നിലപാടിലാണ് വനംവകുപ്പ്.

Advertisement