മുംബൈ: ഐപിഎല്‍ വിവാദത്തില്‍പ്പെട്ട കമ്മിഷണര്‍ ലളിത് മോഡിയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളിലൊരാളുമായ ശില്‍പ ഷെട്ടി രംഗത്തെത്തി.ഐ പി എല്ലിലെ ഒരു ഭാഗമെന്ന നിലക്ക് ഞാന്‍ മോഡിയെ പിന്തുണക്കും.മോഡി ഒരാളുടെ ശ്രമം കൊണ്ടു മാത്രമാണ് ഐപിഎല്‍ രാജ്യാന്തര ശ്രദ്ധ നേടിയതെന്നും ഇക്കാര്യം വിസ്മരിക്കരുതെന്നും അതിനുള്ള ക്രെഡിറ്റ് മോഡിക്ക് നല്‍കണമെന്നും ശില്‍പ്പ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ സത്യമുണ്ടോയെന്ന് തനിക്കറിയില്ല.നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ.കുറ്റം തെളിയിക്കപ്പെടുമ്പോഴാണ് ഒരാള്‍ കുറ്റക്കാരനാവുന്നത് .ജനങ്ങള്‍ അതിനു മുമ്പ് ഒരു തീരുമാനത്തിലെത്തരുത് അവര്‍ പറഞ്ഞു.മോഡിയെ വെറുതെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും അന്വേഷണം കഴിഞ്ഞിട്ടാവാം കുറ്റപ്പെടുത്തലെന്നും ശില്‍പ അഭിപ്രായപ്പെട്ടു.
മൂന്ന് ഐ പി എല്‍ ടീമുകളില്‍ മോഡിക്ക് പങ്കുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ശില്‍പ്പ.ഓരോ ദിവസവും പുതിയ കാര്യങ്ങളാണ് കേള്‍ക്കുന്നത് ,തനിക്കൊന്നും മനസ്സിലാകുന്നില്ല,ഞങ്ങളുടെ ടീമി(രാജസ്ഥാന്‍ റോയല്‍സ് )ന്റെ രേഖകളെല്ലാം നിയമാനുസൃതമാണ് .മറ്റു ടീമുകളുടെ കാര്യം അറിയില്ല.ഒരു ഇന്ത്യന്‍ എന്ന നിലക്ക് ഐ പി എല്ലിന്റെ പേരില്‍ തനിക്ക് അഭിമാനമുണ്ട് .ഐ പി എല്ലില്‍ വെറും പണം മാത്രമല്ല,ഒത്തിരി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് -ശില്‍പ്പ പറഞ്ഞു.
