എഡിറ്റര്‍
എഡിറ്റര്‍
തൊഴിലാളികളുടെ കൂട്ടായ്മ കാലഘട്ടത്തിന്റെ അനിവാര്യത: ഷിബു ബേബിജോണ്‍
എഡിറ്റര്‍
Tuesday 1st May 2012 9:27am

(മെയ് ദിനത്തോടനുബന്ധിച്ച് സംസ്ഥാന തൊഴില്‍വകുപ്പ് മന്ത്രി
ശ്രീ. ഷിബു ബേബിജോണ്‍ നല്‍കുന്ന ലേഖനം)

ഒരു മെയ് ദിനംകൂടി. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാര്‍വ്വദേശീയ ദിനം. തൊഴിലാളിവര്‍ഗ്ഗ ഐക്യം ആഘോഷിക്കുകയും അധ്വാനിക്കുന്ന ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി സംഘടിക്കുവാനും സമരം ചെയ്യുവാനുമുള്ള പ്രതിഞ്ജ പുതുക്കുകയും ചെയ്യുന്ന ദിനം. 8 മണിക്കൂര്‍ പ്രവൃത്തി ദിനത്തിനുവേണ്ടി അമേരിക്കന്‍ തൊഴിലാളികളുടെ ധീരോദാത്തമായ പോരാട്ടത്തിന്റെ സ്മരണ നാം ഒന്നുകൂടി പുതുക്കുകയാണിവിടെ.

ഇന്നത്തെ ലോകത്തില്‍ ആഗോളവല്‍ക്കരണത്തിന്റെയും സാമ്രാജ്യത്ത്വവല്‍ക്കരണത്തിന്റെയും ഇടയില്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ നേട്ടങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വേളയില്‍ മെയ് ദിനത്തിന്റെ, ഒരു മെയ് ദിനാഘോഷത്തിന്റെ ചരിത്രവും പ്രാധാന്യവും വളരെയേറെയാണ്.

”സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍” അവകാശ ബോധത്തിന്റെ ചക്രവാളങ്ങളില്‍ മുഴങ്ങിക്കേട്ട ഈ മുദ്രാവാക്യം അധ്വാന വര്‍ഗ്ഗത്തിന്റെ ചരിത്രം തന്നെ മാറ്റിക്കുറിച്ചു. അധ്വാനിക്കുന്നവന്റെ വിയര്‍പ്പിന് മൂല്യം കല്‍പിച്ചുകൊണ്ട് 8 മണിക്കൂര്‍ ജോലി 8 മണിക്കൂര്‍ വിശ്രമം 8 മണിക്കൂര്‍ വിനോദം എന്ന മാനുഷിക സമവാക്യം പ്രയോഗത്തില്‍ കൊണ്ടുവരാനായി തൊഴിലാളികള്‍ നടത്തിയ പോരാട്ടങ്ങളുടെ പരിണിത ഫലങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്നത്.
ഓരോ മെയ് ദിനം കഴിയുമ്പോഴും സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ കടമകളും ഉത്തരവാദിത്വങ്ങളും വര്‍ദ്ധിക്കുകയാണ്. സാമ്പത്തികവും സാമൂഹികവുമായ മുദ്രാവാക്യങ്ങള്‍ മാത്രമല്ല, രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കും ആധുനിക കാലത്തെ മെയ്ദിനങ്ങളില്‍ പ്രസക്തി വര്‍ദ്ധിക്കുകയാണ്.

സാര്‍വ്വദേശീയ തൊഴിലാളി ദിനത്തിലേയ്ക്ക് നയിച്ച ഐതിഹാസികമായ സംഭവങ്ങള്‍ക്ക് വളരെ മുമ്പേതന്നെ തൊഴിലാളി പ്രക്ഷോഭങ്ങള്‍ ലോകരാജ്യങ്ങളില്‍ അലയടിച്ചുയര്‍ന്നിട്ടുണ്ട്. മെയ് ദിനത്തിന്റെ ഉത്ഭവങ്ങളിലേയ്ക്ക് നയിച്ച സംഭവങ്ങളും അതില്‍ നിന്നും ആവേശവും അനുഭവപാഠങ്ങളും ഉള്‍കൊണ്ടുകൊണ്ടു നടന്ന പില്‍ക്കാല പ്രക്ഷോഭങ്ങളും തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാര്‍വ്വദേശീയ ഐക്യം വളര്‍ത്താനും അവരെ സംഘടിപ്പിക്കാനും വളരെയേറെ സഹായകമായി.  ഇന്ന് ഈ പോരാട്ടങ്ങളില്‍ നിന്ന് ശക്തിയാര്‍ജ്ജിച്ച ഒരു തൊഴിലാളി സമൂഹമാണ് ഭാരതത്തിലും കേരളത്തിലും ഉള്ളത്.

അവകാശങ്ങളെക്കുറിച്ചുള്ള ഉറച്ച അറിവുള്ളതുപോലെതന്നെ തന്റെ കടമകളില്‍ നിന്നും അണുകിട വ്യതിചലിക്കാതെ മുന്നേറാനുള്ള തീരുമാനവും ഓരോ തൊഴിലാളിയും കൈക്കൊള്ളേണ്ട കാലഘട്ടമാണിത്. കേരളത്തില്‍ ഇത്രയേറെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യം ശക്തിപ്പെട്ട ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. വികസനവും കരുതലും എന്ന ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മുദ്രാവാക്യം പൂര്‍ണ്ണമായും ഊന്നല്‍ നല്‍കുന്നത് തൊഴിലാളികള്‍ക്കും മറ്റ് ജനവിഭാഗങ്ങള്‍ക്കുമാണ്. സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്ക് സമാശ്വാസം പകരുന്ന ശക്തമായ നടപടികളുമായി നമ്മുടെ സര്‍ക്കാര്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തൊഴില്‍ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ ഭാരതമൊട്ടാകെ തന്നെ ശ്രദ്ധ പിടിച്ചുപറ്റികഴിഞ്ഞു.

അസംഘടിത മേഖലയിലെ തൊഴിലാളികളെയും കുടിയേറ്റ തൊഴിലാളികളെയും സംരക്ഷിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുക
യാണ്. തൊഴിലാളികള്‍ക്കുവേണ്ടി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഇന്ന് 35 ലക്ഷത്തിലധികം തൊഴിലാളികള്‍ പങ്കാളികളായി കഴിഞ്ഞു.

സമസ്ത മേഖലയിലെയും തൊഴിലാളികള്‍ക്ക് മിനിമം കൂടി പുതുക്കി നിശ്ചയിക്കുകയും പുതുതായി മിനിമം വേതനം നിശ്ചയിക്കുകയും ചെയ്തുകൊണ്ട് ഈ സര്‍ക്കാര്‍ തൊഴിലാളികളോടുള്ള തങ്ങളുടെ സമീപനം വ്യക്തമാക്കിയിരിക്കുന്ന വേളയാണിത്. എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം ലഭിച്ചിരിക്കണമെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി നൂതന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇ.എസ്.ഐ. ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞു. സംസ്ഥാനത്ത് അടഞ്ഞുകിടന്ന തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞു. വിവിധ തൊഴിലാളി ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചതിനുപുറമെ, വര്‍ദ്ധിപ്പിച്ച പെന്‍ഷനുകള്‍ മുന്‍കൂര്‍ വിതരണം ചെയ്യുന്നതിനും ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിന് കഴിഞ്ഞു. സംസ്ഥാനത്ത് ഒരു നല്ല തൊഴിലാളി-തൊഴിലുടമ ബന്ധം സ്ഥാപിച്ചെടുക്കാന്‍ നമുക്കായി എന്നത് എടുത്ത് പറയേണ്ട ഒരു നേട്ടമാണ്. തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുംവേണ്ടി സമഗ്രമായ ചില പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നേറുന്ന വേളയാണിത്.

തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഐക്യവും അവരുടെ സമൂഹത്തിനു വേണ്ടിയുള്ള അര്‍പ്പണബോധവുമാണ് ഇത്തരത്തിലുള്ള നടപടികളുമായി മുന്നേറാന്‍ സര്‍ക്കാരിന് പ്രേരകമാകുന്നത്. ശക്തമായ ഒരു കേരളത്തെ സൃഷ്ടിക്കുന്നതിനും നമ്മുടെ പുത്തന്‍ തലമുറയ്ക്ക് നല്ല ഭാവി കൈമാറുന്നതിനും ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ പ്രേരകമാകണം.

സ്വാതന്ത്ര്യത്തിനും സമാധാനത്തിനും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്. അതിന്റെ മുന്നണി പടയാളികളാണ് പണിയെടുക്കുന്നവര്‍, രാഷ്ട്രത്തിന്റെ നട്ടെല്ലാണ് തൊഴിലാളികള്‍.

സാര്‍വ്വദേശീയ അടിസ്ഥാനത്തില്‍ മെയ്ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാനിടയായ ഐതിഹാസികമായ പ്രക്ഷോഭങ്ങള്‍ അധ്വാനിക്കുന്ന മനുഷ്യന് എക്കാലവും സംഘശക്തിയുടെ ശ്രോതസ്സായി നിലകൊള്ളുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഭാരതത്തിന്റെ സൃഷ്ടിക്കുവേണ്ടി പണിയെടുക്കുന്ന എല്ലാ തൊഴിലാളി സുഹൃത്തുകള്‍ക്കും എന്റെ മെയ്ദിന ആശംസകള്‍.

Malayalam News

Kerala News in English

Advertisement