ലണ്ടന്‍: ബ്രിട്ടനില്‍ ഷെം ഡേവീസെന്ന ഇരുപത്തിയൊമ്പതുകാരന്‍ ഏറ്റവും പ്രായം കുറഞ്ഞ മുത്തച്ഛനായി. പ്രായപൂര്‍ത്തിയാകും മുമ്പ് അച്ഛനമ്മമാരാകുന്നത് ബ്രിട്ടനില്‍ സാധാരണ സംഭവമാണ്. എന്നാല്‍ ഷെം ഡേവീസെന്ന ഇരുപത്തിയൊമ്പതുകാരന്‍ മുത്തച്ഛനായ വാര്‍ത്ത അപൂര്‍വ്വമാണ്. ബ്രിഗെന്‍ഡ് സ്വദേശിയായ ഡേവീസിന്റെ പതിനാലുകാരിയായ മകള്‍ ടിയ പെണ്‍കുഞ്ഞിന് ജന്മംനല്‍കിയതോടെയാണ് ഏറ്റവും പ്രായം കുറഞ്ഞ മുത്തച്ഛനായത്. പതിനഞ്ചുകാരനായ സുഹൃത്താണ് ടിയയുടെ കുഞ്ഞിന്റെ അച്ഛന്‍.

പതിനാലാം വയസ്സില്‍ അച്ഛനായ ഡേവിസ്, ടിയ ജനിച്ച് മൂന്നുമാസം കഴിഞ്ഞപ്പോള്‍ അവളുടെ അമ്മ കെല്ലിയുമായുള്ള ബന്ധം അവസാനിപ്പിച്ചൂ. ഡേവിസ്, റോബിന്‍ തോമസ് എന്ന കൂട്ടുകാരിയുടെ കൂടെയാണ് ജീവിക്കുന്നത്. റോബിന്‍ തോമസുമായുള്ള ബന്ധത്തില്‍ ഷെം ഡേവീസിന് ഒമ്പതു വയസ്സുള്ള മകനുണ്ട്. മകളുടെ മാതൃത്വത്തില്‍ അങ്ങേയറ്റം സന്തുഷ്ടനാണ്-ഡേവീസിന്റെ പ്രതികരണം ഇതായിരുന്നു. എന്നാല്‍ അമ്മയായ കെല്ലിക്ക് തനിക്കുപറ്റിയ തെറ്റ് ടിയ ആവര്‍ത്തിക്കുമോ എന്ന ഭയമാണുള്ളത്.

ടിയ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ആദ്യം ഞെട്ടിപ്പോയി- ഡേവിസ് പറഞ്ഞു. പതിനാലാം വയസ്സില്‍ രക്ഷാകര്‍ത്താവിന്റെ ഉത്തരവാദിത്വം ഏല്‍ക്കുമ്പോഴുണ്ടാക്കുന്ന ബുദ്ധിമുട്ടോര്‍ത്താണ് വിഷമം തോന്നിയത്. എങ്കിലും ഇപ്പോള്‍ സന്തോഷമുണ്ട്. പതിനാലാം വയസ്സില്‍ പിതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങള്‍ വേണ്ടവിധം നിറവേറ്റാനാകാതെ താന്‍ ഒളിച്ചോടിപ്പോവുകയായിരുന്നുവെന്ന് ഷെം ഡേവീസ് പറഞ്ഞു.