റിയാദ്: ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാല മേധാവിയും പ്രമുഖ പണ്ഡിതനുമായ ഷെയ്ഖ് മുഹമ്മദ് സയ്യിദ് തന്‍ത്വാവി അന്തരിച്ചു. റിയാദ് സന്ദര്‍ശനത്തിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അ്ന്ത്യം. 82 വയസ്സായിരുന്നു.

ഈജിപ്തിലെ ഗ്രാന്റ് മുഫ്തിയായി 1986ല്‍ ചുമതലയേറ്റ അദ്ദേഹം പത്തുവര്‍ഷക്കാലം ആ സ്ഥാനത്തു തുടര്‍ന്നു. 1996 മുതല്‍ അല്‍ അസ്്ഹര്‍ പള്ളിയുടെയും യൂനിവേഴ്‌സിറ്റിയുടെ ഗ്രാന്റ് ഷെയ്ഖ് ആയി സേവനമനുഷ്ടിച്ചു വരികയായിരുന്നു. ഫൈസല്‍ രാജാവിന്റെ പേരിലുള്ള അന്താരാഷ്ട്ര സമ്മാന ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് ഈജിപ്തില്‍ നിന്ന് അദ്ദേഹം റിയാദിലെത്തിയത്. തന്‍ത്വാവിയുടെ മൃതദേഹം സൗദി അറേബ്യയില്‍ മറവ് ചെയ്യുമെന്ന് അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് സയ്യിദ് തന്‍ത്വാവി അറിയിച്ചു.