കവിത/ഷൈറ മാധവം

ഴുന്നു നില്‍ക്കുന്നു സ്തൂപങ്ങള്‍
എറിഞ്ഞുടച്ച വഴി വിളക്കുകള്‍
വഴി മറഞ്ഞിരിക്കുന്നു മുന്നില്‍
കൂരിരുട്ടാണ് ചുറ്റിലും

ചിതറിയ കുപ്പി ചീളുകള്‍
കാലില്‍ കൊള്ളാതെ നോക്കണം
താണ്ടണമിനിയുമൊരുപാടു ദൂരം
വഴിവിളക്കുകളില്ലാതെ

കാവലുണ്ട് മങ്ങിയ നിലാവില്‍
വിളറിച്ചിരിക്കും താരകങ്ങള്‍
കാലുകള്‍ നീട്ടിവലിച്ചു നടക്കാം
കാണാതിരിക്കില്ല ഒരത്താണിയെങ്കിലും

കേള്‍ക്കുന്നിതാ പാദപദനങ്ങള്‍
പാരതന്ത്ര്യത്തിന്‍ ചങ്ങല ഭേദിച്ച
ഉറച്ച കാല്‍വെപ്പുകള്‍
ഉജ്ജ്വല സമരത്തിന്നാവേശമായ
ഉദ്‌ബോധനങ്ങള്‍
നിലയ്ക്കാത്ത കരഘോഷങ്ങള്‍

ഇനിയിവിടെയിരിക്കാമൊരല്‍പ്പ നേരം
ഈ പൊളിഞ്ഞ പ്രതിമയ്ക്കരികിലായ്
മുറിഞ്ഞ ഊന്ന് വടി, കാല്‍ പൊട്ടിയ കണ്ണട
ചുമലില്‍ കാക്കതന്‍ കാഷ്ഠവും
കാര്‍ക്കിച്ച തുപ്പലും

നിസ്സംഗം നില്‍ക്കുന്നു
അഹിംസയുടെ മാര്‍ഗം മന്ത്ര
മായുരുവിട്ട സത്യാന്വേഷി?!
സ്വാതന്ത്ര്യ സമരത്തിന്‍ വഴിവിളക്ക്….?

ഇനിയുമൊരു ജയന്തി ദിനത്തില്‍
മുള്‍ക്കിരീടവുമായവരെത്തും മുന്‍പേ
പൊളിച്ചു മാറ്റട്ടെ ഞാനീ പ്രതിമ
കൊളുത്തി വെയ്ക്കാമൊരു തീപ്പന്തം
പിന്‍പേ വരുന്നവര്‍ക്കിത്തിരി
വെട്ടത്തിനായ്…..