സര്‍,

Subscribe Us:

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെയും കേരളത്തിനു പുറത്തെയും മാധ്യമപ്രവര്‍ത്തകരെ ഒരു പോലെ ചിന്തിപ്പിച്ച ഒരു പ്രധാന പ്രശ്‌നത്തില്‍ താങ്കളുടെ ശ്രദ്ധക്ഷണിക്കാനാണ് ഞങ്ങള്‍ ഈ കത്തെഴുതുന്നത്.

തെഹല്‍ക മാഗസിന്‍ റിപ്പോര്‍ട്ടറായ തിരുവനന്തപുരം സ്വദേശി കെ.കെ.ഷാഹിന കര്‍ണാടക പോലീസില്‍ നിന്ന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ശ്രീ അബ്ദൂല്‍ നാസര്‍ മദനി കുറ്റാരോപിതനായ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ബന്ധപ്പെട്ട് സാക്ഷിമൊഴി നല്‍കിയയാളെ ഇന്റര്‍വ്യൂചെയ്തതിനാണിത്.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ശ്രീ അബ്ദൂല്‍ നാസര്‍മദനിയെ ബന്ധപ്പെടുത്താന്‍ പ്രധാനമായും ഡിപ്പെന്റ് ചെയ്ത് കര്‍ണാടകയിലെ കുടകിലുള്ള ചില വ്യക്തികള്‍ നല്‍കിയ തെളിവാണ്. ബാംഗ്ലൂര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തിരുന്ന സമയത്ത് മദനിയെ കണ്ടു എന്നുപറഞ്ഞതായി പോലീസ് പറയുന്ന ആളുകളാണിവര്‍. സാക്ഷികള്‍ രണ്ടുപേരായ യോഗനാദിനേയും റഫീഖ് ബാപ്പാട്ടിയെയും ഇന്റര്‍വ്യൂചെയ്ത ഷാഹിനയോട് അവര്‍ പറഞ്ഞത് ആ സമയത്ത് മദനിയെ അവര്‍ അവിടെ കണ്ടില്ലെന്നാണ്.

അഭിമുഖത്തിനായി ഷാഹിന കുടകിലേക്ക് പോകുമ്പോള്‍ തന്നെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസ് ഇവരെ തടഞ്ഞിരുന്നു. തീവ്രവാദിയാണെന്ന സംശയത്തിലാണ് തടഞ്ഞെതെന്നാണ് ഇന്‍സ്‌പെക്ടര്‍ ഷാഹിനയോട് പറഞ്ഞത്. തെഹല്‍കയുടെ റിപ്പോര്‍ട്ടറാണെന്ന് അവര്‍ അറിയിച്ചപ്പോള്‍ അയാള്‍ എഡിറ്ററോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ സോഹ ചൗധരിയുടെ നമ്പര്‍ അവര്‍ നല്‍കിയതിനു ശേഷമാണ് അവിടെ നിന്നും പോകാന്‍ അനുവദിച്ചത്.

തെറ്റ് തിരുത്താന്‍ കര്‍ണാടക സര്‍ക്കാറിനോട് വി എസ് ആവശ്യപ്പെടണം

കേരളത്തിലേക്ക് തിരിച്ചെത്തിയ ഷാഹിന ഇന്റര്‍വ്യൂവിനെ അടിസ്ഥാനമാക്കി തെഹല്‍കയില്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. കര്‍ണാടക പോലീസ് ഷാഹിനയ്ക്കും കുടകിലേക്കുള്ള അവരുടെ യാത്രയില്‍ കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം ഇക്കാര്യം ഒരിക്കല്‍കൂടി ശ്രദ്ധനേടുകയാണ്. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് സോമാവാര്‍പ്പെറ്റ് പോലീസ് സ്‌റ്റേഷനിലും no 199/10 സിദ്ധാപുര പോലീസ് സ്‌റ്റേഷനിലുമായി രണ്ടുകേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള ശക്തമായ കടന്നുകയറ്റമാണ് കര്‍ണാടകസര്‍ക്കാര്‍ ഇതിലൂടെ നടത്തിയത്. ഇത് ഒരു പ്രധാന കേസായിരിക്കേ, സാക്ഷികളേയും എന്തിന് പ്രധാന കുറ്റാരോപിതരേയും നേരിട്ട് കണ്ട് അവരുടെ ഭാഗം അറിയുകയും വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുകയും ചെയ്യാനുള്ള സ്വാതന്ത്രം മാധ്യമങ്ങള്‍ക്കുണ്ട്. ഈ സ്വാതന്ത്ര്യമാണ് ജനാധപത്യത്തെ ശക്തിപ്പെടുത്തുന്നത്. മാധ്യമപ്രവര്‍ത്തകക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുക വഴി കര്‍ണാടക പോലീസ് ജനാധിപത്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനുമാണ് മുറിവുണ്ടാക്കിയിരിക്കുന്നത്.

ഇതിനുപുറമേ, ഈ കേസിലൂടെ ഒരു പ്രൊഫൈലിങ് നടത്തുകയാണ് കര്‍ണാടക പോലീസ് ചെയ്തിരിക്കുന്നത്. മുസ്‌ലിം പേരുള്ള ഷാഹിന മുസ്‌ലിം ഉള്‍പ്പെട്ട കേസില്‍ അന്വേഷണംം നടത്തി എന്നതാണ് കര്‍ണാടകപോലീസിനെ പ്രകോപിപ്പിച്ചതെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് സഹിക്കാവുന്നതിനുമപ്പുറമാണ്.

മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരെയുള്ള വ്യക്തമായ കടന്നുകയറ്റമാണിത്. അതിനാല്‍ ഇത് ചോദ്യം ചെയ്യാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. വിമര്‍ശനത്തിനെതിരെ സര്‍ക്കാരും സര്‍ക്കാര്‍ ഘടകങ്ങളും കാണിക്കുന്ന ഈ അസഹിഷ്ണുതാ മനോഭാവം ഈയിടെ വളര്‍ന്നുവരികയാണ്. ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കുന്നവരെല്ലാം ഇതിനെ ഒരു പ്രധാന പ്രശ്‌നമായാണ് കാണുന്നത്.

ആയതിനാല്‍ ഇക്കാര്യത്തില്‍ ഷാഹിനയ്‌ക്കെതിരെയുള്ള ഈ കേസ് കര്‍ണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നാണ് ഞങ്ങളുടെ അപേക്ഷ. അതോടൊപ്പം ഈ കളങ്കം മായ്ച്ചുകളയാനുള്ള ശ്രമം നടത്തി ജനാധ്യപത്യപരമായ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത്. ഇത് ഒരു മാധ്യമപ്രവര്‍ത്തകയെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. മറിച്ച് മുഴുവന്‍ സമൂഹത്തെയും ബാധിക്കുന്ന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ കര്‍ണാടകപോലീസ് ചെയ്ത തെറ്റ് എത്രയും പെട്ടെന്ന് തിരുത്താന്‍ കര്‍ണാടക മുഖ്യമന്ത്രിയോട് താങ്കള്‍ ആവശ്യപ്പെടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

വിശ്വസ്തയോടെ

ബി.ആര്‍.പി ഭാസ്‌കര്‍,
എസ് ജയചന്ദ്രന്‍നായര്‍
എന്‍.ആര്‍.എസ് ബാബു
ശശികുമാര്‍
പോള്‍ സക്കറിയ
എസ്.ആര്‍ ശക്തിധരന്‍
എം.പി അച്യുതന്‍ എം.പി
എം മാധവന്‍ കുട്ടി
സെബാസ്റ്റ്യന്‍ പോള്‍
നീലന്‍
എന്‍.പി രാജേന്ദ്രന്‍
കെ പി മോഹനന്‍
എന്‍.പി ചെക്കുട്ടി