ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മുന്‍ അനുയായി ശശികലയുടെ സഹോദരന്‍ ദിവാകരന്‍ അറസ്റ്റില്‍. റിഷിയൂര്‍ ഗ്രാമത്തിലെ ഒരു സ്ത്രീയുടെ വീട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ദിവാകരനെ അറസ്റ്റുചെയ്തത്.

എ.ഐ.ഡി.എം.കെയില്‍ നിന്നും ശശികലയെ പുറത്താക്കിയശേഷം അവരുടെ കുടുംബത്തിലെ ഒരാള്‍ അറസ്റ്റുചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. നേരത്തെ ദിവാകരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

തേവര്‍ വിഭാഗത്തില്‍പ്പെട്ട ശശികല മൂന്ന് ദശാബ്ദക്കാലം ജയലളിതയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയായിരുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമെന്നറിയിപ്പെട്ട ഇവര്‍ ജയലളിതക്കെതിരായ സ്വത്ത് സമ്പാദന കേസില്‍ ആരോപണവിധേയ കൂടിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ജയലളിത ശശികലയെയും അവരുടെ ബന്ധുക്കളായ 20 പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

എ.ഐ.ഡി.എം.കെയുടെ നേതൃസ്ഥാനത്ത് ശശികല എത്തിയേക്കുമെന്ന ഭീതിയാണ് ജയലളിതയെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശശികലയോട് ആഭിമുഖ്യമുള്ള രണ്ട് കേന്ദ്രമന്ത്രിമാരെ ജനുവരി 26ന് പുറത്താക്കുകയും ചെയ്തിരുന്നു.

Malayalam news

Kerala news in English